ഇംഫാൽ- മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽ അക്രമികൾ പോലീസ് സ്‌റ്റേഷൻ ആക്രമിച്ചു. ആയുധധാരികളായ അക്രമികളോടൊപ്പമുള്ള സെൽഫി വൈറലായതിനെത്തുടർന്ന് ഹെഡ് കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ആക്രമണം. കുക്കിസോ ഗോത്രവർഗക്കാർ കൂടുതലുള്ള സ്ഥലമാണിത്. ജില്ലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതായി പോലീസ് അറിയിച്ചു. കുന്നിൻ മുകളിലെ സായുധരായ അക്രമികളുടെയും ഗ്രാമ പ്രതിരോധ വോളന്റിയർമാരുടെയും' ബങ്കറിൽ സെൽഫി എടുത്ത ഹെഡ് കോൺസ്റ്റബിളായ സിയാംലാൽപോളിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ആക്രമണം നടന്നത്.
ഫെബ്രുവരി 14-നാണ് പോലീസുകാരൻ അക്രമികൾക്കൊപ്പം സെൽഫി എടുത്തത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ചുരാചന്ദ്പൂർ ജില്ലാ പോലീസിലെ സിയാംലാൽപോളിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുകയും സസ്‌പെന്റ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് പ്രതിഷേധം ഉടലെടുത്തത്.
സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ നിന്ന് 65 കിലോമീറ്റർ അകലെയുള്ള ചുരാചന്ദ്പൂരിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റു.
'ഏകദേശം 300-400 പേരുള്ള ഒരു ജനക്കൂട്ടം എസ്.പി ഓഫീസ് ആക്രമിച്ചു. ഹെഡ് കോൺസ്റ്റബിളിനെ അന്യായമായി സസ്‌പെൻഡ് ചെയ്തിരിക്കുകയാണെന്നും തിരിച്ചെടുക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. 2023 മെയ് മാസത്തിൽ ആരംഭിച്ച വംശീയ സംഘർഷങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്നാണ് കുക്കിസോ ഗോത്രങ്ങളുടെ ആധിപത്യമുള്ള ജില്ലയാണ് ചുരാചന്ദ്പൂർ.