ന്യൂദൽഹി - മിനിമം താങ്ങുവില ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാറിന്റെ വാഗ്ദാന ലംഘനത്തിൽ പ്രതിഷേധിച്ച് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നടത്തുന്ന കർഷക സമരം മൂന്നാം ദിവസവും ശക്തമായി തുടരവേ സമരം അവസാനിപ്പിക്കാൻ നടത്തിയ മൂന്നാം ഘട്ട ചർച്ചയിലും തീരുമാനമായില്ല. കേന്ദ്ര മന്ത്രിമാരും കർഷക സംഘടന നേതാക്കളും തമ്മിൽ ഇന്നലെ ചണ്ഡിഗഢിലായിരുന്നു മൂന്നാം വട്ട ചർച്ച. നിശ്ചയിച്ചതിലും ഏറെ വൈകിയാണ് ചർച്ച ആരംഭിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി ഭാഗവന്ത് സിംഗ് മാനുമായും കേന്ദ്രമന്ത്രിമാർ ചർച്ച നടത്തി. താങ്ങുവില നിയമം നടപ്പാക്കുന്ന കാര്യം പരിശോധിക്കാൻ കർഷക നേതാക്കളെ ഉൾപ്പെടുത്തി പുതിയ സമിതി രൂപവത്കരിക്കാമെന്നതടക്കമുള്ള കാര്യങ്ങൾ കേന്ദ്രസർക്കാർ മുന്നോട്ടുവെക്കുന്നുണ്ട്. എന്നാൽ, മിനിമം താങ്ങുവിലക്ക് നിയമം വേണമെന്ന ആവശ്യം അംഗീകരിക്കണമെന്നാണ് കർഷക സംഘടനകൾ ആവശ്യപ്പെട്ടത്.
സമരത്തെ നേരിടാൻ കേന്ദ്ര സർക്കാരും ഹരിയാന സർക്കാരും ദൽഹി പോലീസും കർശന നടപടികൾ തുടരുമ്പോൾ, ഏത് പ്രതിബന്ധവും നേരിടുമെന്ന മുന്നറിയിപ്പാണ് കർഷകർ നൽകുന്നത്. പഞ്ചാബിലെ വിവിധ ഭാഗങ്ങളിൽ കർഷകർ ഇന്നലെ ട്രെയിൻ തടഞ്ഞു. പഞ്ചാബ് -ഹരിയാന അതിർത്തിയിലെ കർഷകർക്ക് പിന്തുണയുമായി ഹരിയാനയിലെ കർഷകരും അതിർത്തിപ്രദേശങ്ങളിൽ എത്തി. ഹരിയാനയിലെ ശംഭു അതിർത്തിയിൽ ഇന്നലെയും കർഷർക്ക് നേരെ ഹരിയാന പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഹരിയാന- ദൽഹി, രാജസ്ഥാൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്. ഹരിയാനയിലെ ഏഴ് ജില്ലകളിലെ ഇന്റെർനെറ്റ് നിരോധനം ഈ മാസം 17 വരെ നീട്ടി. ദൽഹിയിൽ കർഷകരെ നേരിടാൻ 30,000ലധികം കർണ്ണീർ വാതക ഷെല്ലുകൾക്ക് ഓർഡർ നൽകിയതായി ദൽഹി പോലീസ് വൃത്തങ്ങൾ പറഞ്ഞു.
അതിനിടെ, പ്രക്ഷോഭം രാജ്യവ്യാപകമാക്കുന്നതിനായി കർഷക സംഘടനകൾ ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. ഭാരത് ബന്ദിന് രാജ്യത്തെ വിവിധ തൊഴിലാളി യൂനിയനുകളും ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാനയിലെ ടോൾബൂത്തുകൾ ഇന്ന് ടോൾ ഫ്രീയാക്കുമെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് ഗുർനാം സിംഗ് ചാരുണി അറിയിച്ചു. ഇന്ന് ഉച്ചക്ക് 12 മണിമുതൽ 3 മണിവരെ ഹരിയാനയെ ടോൾ ഫ്രീയാകുമെന്ന് അദ്ദേഹം പറഞ്ഞു.