Sorry, you need to enable JavaScript to visit this website.

അടുത്ത സഭാകാലം എങ്ങിനെയിരിക്കുമെന്ന് ആർക്കറിയാം

നിയമ സഭയുടെ പത്താം സമ്മേളനം 11 ദിവസമാണ് സമ്മേളിച്ചത്. ബജറ്റ് നടപടികൾ പൂർത്തിയായതിനാൽ ഇനി ഉടൻ സഭ ചേരേണ്ടതില്ല. അടുത്ത സമ്മേളന കാലത്ത് കേന്ദ്രഭരണം ആരുടെ കൈയ്യിലായിരിക്കുമെന്ന് ആർക്കുമറിയില്ല.  മോഡിയോ, അതോ മറ്റാരെങ്കിലുമോ ?  ഇന്നലെ നിയമ സഭ അനിശ്ചിത കാലത്തേക്ക് പിരിയുന്നതിന് തൊട്ടു മുമ്പും സഭയിലെ അന്തരീക്ഷം ഭരണ -പ്രതിപക്ഷ പോരിന്റെതായിരുന്നു. തരിമ്പും വിട്ടു കൊടുക്കില്ലെന്ന നിലപാടുള്ള പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സംഘവും  ചൂടുള്ള വിഷയങ്ങളെല്ലാം പതിവ് തെറ്റാതെ സഭയിലെത്തിച്ചു കൊണ്ടിരിക്കുന്നു.  ആലപ്പുഴയിൽ നവകരേള യാത്രക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച വിഷയം സഭ നിർത്തി ചർച്ച ചെയ്യണമെന്ന ആവശ്യമായിരുന്നു അടിയന്തര പ്രമേയ വിഷയം. അടിയന്തര പ്രമേയം  അനുവദിക്കാത്തതിനെ  തുടർന്ന് പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.  സംഭവത്തിൽ കോടതി ഇടപെടലിനെ തുടർന്ന് പോലീസ് കേസെടുത്തിട്ടും അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയനോട്ടീസ് നൽകിയത്. 
 സമീപ കാലത്തു നടന്ന സംഭവം അല്ലെന്നും വിഷയം കോടതി പരിഗണനയിലാണെന്നും സ്പീക്കർ  ന്യായം പറഞ്ഞു. തുടർന്ന് അടിയന്തര പ്രമേയ നോട്ടീസ് തള്ളി. പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചെങ്കിലും സ്പീക്കർ വഴങ്ങിയില്ല.  സപ്ലൈകോ വിലവർധനയിലായിരുന്നു മറ്റൊരു  പ്രതിഷേധം. ജനങ്ങളെയാകെ ബാധിക്കുന്ന വിലവർദ്ധന വിഷയം പ്രതിപക്ഷ നേതാവിന്റെ സബ് മിഷനായി എത്തിയപ്പോൾ അതിനും അടിയന്തര പ്രമേയത്തിന്റെ ഊർജം. വകുപ്പ്  മന്ത്രി  അനിൽ മറുപടി പറഞ്ഞെങ്കിലും സഭയെ ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞോ എന്ന സംശയം ബാക്കിയായി. മാവേലി സ്‌റ്റോറുകൾ ഏറ്റവും നന്നായി നടത്തിക്കൊണ്ടു പോയ അനിലിന്റെ മുൻഗാമി ഇ.ചന്ദ്രശേഖരൻ നായരെ (അദ്ദേഹം ഇന്നില്ല) ഈ ഘട്ടത്തിൽ പലരും ഓർത്തു.  സോഷ്യൽ മീഡിയ ഇല്ലാത്തകാലത്ത് പ്രാദേശികമായി വരുന്ന പത്ര വാർത്തകൾ വരെ  ഓഫീസിൽ ശേഖരിച്ചായിരുന്നു അദ്ദേഹം പൊതു വിതരണ രംഗം കാര്യക്ഷമമായി നിയന്ത്രിച്ചത്. ഇന്നാകട്ടെ എല്ലാം ഭരണാധികാരികളുടെ വിരൽ തുമ്പിലുണ്ട്- എന്തുഫലം ?  പ്രതിഷേധം കനത്ത ഘട്ടത്തിൽ  പ്രതിപക്ഷ അംഗങ്ങൾ നേരെ നടുത്തളത്തിൽ. കുറെക്കാലമായി പ്രതിപക്ഷം കൈയ്യിൽ കരുതുന്ന ആ പ്ലക്കാർഡുകൾ അവർ സ്പീക്കർ എ.എൻ. ഷംസീറിന്റെ മുഖം മറയും വിധം ഉയർത്തിക്കാണിച്ചു. പ്ലക്കാർ ഡുകളിൽ ഇങ്ങിനെ എഴുതിയിരുന്നു- സർക്കാരല്ലിത് കൊള്ളക്കാർ. മുഖം മറയുന്നതിനെപ്പറ്റി ഷംസീർ  മുൻഗാമികളെപ്പോലെ  പരാതി പറഞ്ഞു തുടങ്ങിയപ്പോൾ വി.ജോയിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിപക്ഷ നിരക്ക് നേരെ പാഞ്ഞടുക്കുന്നത് കാണാമായിരുന്നു-  പക്ഷെ ഒന്നും സംഭവിച്ചില്ല. അല്ലെങ്കിലും  കേരളത്തിലെ കക്ഷികൾ പരസ്പരം തല്ലേണ്ട സമയമാണോ ഇതെന്ന ചോദ്യം അവർ മനസിൽ ചോദിച്ചിരിക്കാം. 

Latest News