മാനന്തവാടി-വടക്കേവയനാട്ടിലെ ചാലിഗദ്ദയില്‍ കര്ഷകന് പനച്ചിയില്‍ അജീഷിനെ കൊലപ്പെടുത്തിയ ബേലൂര്‍ മഖ്നയെ മയക്കുവെടിവെച്ച് പിടിച്ച് മുത്തങ്ങയിലെ കൊട്ടിലില്‍ കയറ്റാനുള്ള വനം ദൗത്യസേനയുടെ പദ്ധതി ആറാം ദിവസമായ വ്യാഴാഴ്ചയും പ്രാവര്‍ത്തികമായില്ല. ദൗത്യസംഘം പകല്‍ വനത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും ആനയെ കാണാനായില്ല. കര്‍ണാടകയില്‍നിന്നെത്തിയ 25 വനപാലകരും ഉള്‍പ്പെടുന്നതായിരുന്നു മോഴയെ പിടിക്കാന്‍ ഇറങ്ങിയ സേന. മയക്കുവെടി വിദഗ്ധനുമായ വെറ്ററിനറി സര്ജന് ഡോ.അരുണ്‍ സക്കറിയ വെള്ളിയാഴ്ച ദൗത്യസംഘത്തില്‍ ചേരും.
ബുധനാഴ്ച രാത്രി ഒമ്പതോടെ മോഴ ഇരുമ്പുപാലം-ചേമ്പുകൊല്ലി ഭാഗത്തുനിന്ന് കാട്ടിക്കുളം-കുട്ട അന്തര്‍ സംസ്ഥാന പാത മുറിച്ചുകടന്ന് ആലത്തൂര്‍ റിസര്‍വില്‍ നിലയുറപ്പിച്ചിരുന്നു. ഇവിടെനിന്നു മോഴ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്നതു തടയാന്‍ 13 നൈറ്റ് പട്രോളിംഗ് ടീമിനെ വിന്യസിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കുന്നതിന് രാത്രിയും വ്യാഴാഴ്ച രാവിലെയും നിര്‍ദേശങ്ങള്‍ ഉച്ചഭാഷിണിയിലൂടെ നല്കി. ആന നിലയുറപ്പിച്ച പ്രദേശത്തിന് ചുറ്റുമുള്ള വാര്‍ഡുകളില്‍ നിരോധനാജ്ഞ ബാധകമാക്കി.
ആന ആലത്തൂര്‍ വനത്തില്‍നിന്നു കുദ്രക്കോട് വനത്തിലേക്ക് നീങ്ങിയതായാണ് റേഡിയോ കോളറില്‍നിന്നു രാവിലെ ലഭിച്ച സിഗ്നലില്നിന്നു ബോധ്യപ്പെട്ടത്. ട്രാക്കിംഗ്, ഡാര്‍ട്ടിംഗ് ടീമുകളിലായി 43 പേരും നാല് കുംകിയാനകളും ഇവിടെയെത്തിയെങ്കിലും ആനയെ കാണാനായില്ല. 50 മീറ്റര്‍ അടുത്തുവരെ ഡാര്‍ട്ടിംഗ് ടീമിന് സിഗ്നല്‍ ലഭിച്ചിരുന്നു. ഇടതൂര്‍ന്ന വനവും കുത്തനെയുള്ള കയറ്റവും ഇറക്കവും ആണ് ആനയെ നേരില്‍ കാണുന്നതിന് വിഘാതമായത്. കര്‍ണാടകയില്‍നിന്നു എത്തിയവരും ഉള്‍പ്പെടുന്ന സംഘം ഉച്ചകഴിഞ്ഞാണ്
തെരച്ചില്‍ ആരംഭിച്ചത്. മോഴയെ കാണാത്തതിനാല്‍ ദൗത്യം വൈകുന്നേരം താത്കാലികമായി നിര്‍ത്തി. ആന രാത്രി കാടിറങ്ങുന്നത് തടയുന്നതിന് 13 വനം പട്രോളിംഗ് ടീമിനെ വിന്യസിച്ചിട്ടുണ്ട്. പോലീസ് പട്രോളിംഗ് ടീമുകളും രംഗത്തുണ്ട്. സാറ്റലൈറ്റ് സിഗ്നല്‍ ഉപയോഗിച്ച് ആനയുടെ ചലനം നിരീക്ഷിക്കുന്നത് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ മയക്കുവെടി പ്രയോഗിക്കാവുന്ന വിധം വനത്തില്‍ ബേലൂര്‍ മോഴയെ ഒത്തുകിട്ടിയിയിരുന്നു. ഈ സമയം കുറച്ചകലെയുണ്ടായിരുന്ന മറ്റൊരു മോഴ ദൗത്യസേനയ്ക്കുനേരെ പാഞ്ഞടുത്തതാണ് മയക്കുവെടി വെക്കുന്നതിനു തടസമായത്.