സന്‍ആ- ജനുവരി മുതല്‍ യെമനെ ലക്ഷ്യമിട്ട് അമേരിക്കയുടെയും ബ്രിട്ടന്റെയും 403 ആക്രമണങ്ങള്‍ നടന്നതായി ഹൂത്തി വക്താവ് ദൈഫല്ലാഹ് അല്‍-ഷാമി പറഞ്ഞു. ഈ ആക്രമണങ്ങളില്‍ 203 എണ്ണം വ്യോമാക്രമണങ്ങളാണെന്നും 86 എണ്ണം കഴിഞ്ഞ ആഴ്ചയില്‍ മാത്രം ഉണ്ടായിട്ടുണ്ടെന്നും അല്‍-ഷാമി പറഞ്ഞു.
ഫലസ്തീന്‍ വിഷയത്തില്‍ യെമന്റെ ഉറച്ച നിലപാടില്‍നിന്ന് പിന്തിരിപ്പിക്കാന്‍ അമേരിക്കയും ബ്രിട്ടനും ഭീഷണിപ്പെടുത്തല്‍ തന്ത്രങ്ങള്‍ പ്രയോഗിക്കുകയാണെന്ന് അല്‍ ഷാമി ആരോപിച്ചു. ആക്രമണങ്ങളെ അപലപിക്കുന്നയും ജനങ്ങളുടെ പ്രതിഷേധം രൂപപ്പെടുത്തുകയും ചെയ്യുക എന്നതിലപ്പുറം സൈനിക ഇടപെടല്‍, ഇസ്രായില്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നത് എന്നിവ ഉള്‍പ്പെടെയുള്ള പ്രായോഗിക നടപടികളിലേക്ക് ഫലസ്തീനുള്ള യെമന്റെ പിന്തുണ വ്യാപിച്ചതായും അദ്ദേഹം പറഞ്ഞു.
ആക്രമണങ്ങളില്‍ തളരില്ലെന്നും ഇസ്രായില്‍ ലക്ഷ്യങ്ങള്‍ക്ക് മേല്‍ ആക്രമണം തുടരുമെന്നും അല്‍ ഷാമി പ്രഖ്യാപിച്ചു. ചെങ്കടലില്‍ ഇസ്രായിലിന്റെയും അവരുടെ കൂട്ടാളികളുടേയും വാണിജ്യലക്ഷ്യങ്ങള്‍ അനുവദിക്കില്ല. ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും അമേരിക്കന്‍, യു.കെ നാവികക്കപ്പലുകള്‍ ഇനിയും ലക്ഷ്യമിടുമെന്നും അല്‍ ഷാമി പറഞ്ഞു.