ന്യൂദൽഹി-ഉത്തർപ്രദേശിലെ റായ്ബറേലിയിൽനിന്നുള്ള തെരഞ്ഞെടുപ്പ് മത്സരം മതിയാക്കി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് ചുവടുമാറുമ്പോൾ ഉയരുന്നത് നിരവധി ചോദ്യങ്ങൾ. ഒരുകാലത്ത് കോൺഗ്രസിന്റെ ശക്തിദുർഗമായിരുന്ന ഉത്തർപ്രദേശിൽ നിലവിൽ കോൺഗ്രസിനുള്ള ഏക സീറ്റാണ് റായ്ബറേലി. കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പിൽ അമേത്തിയിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടതോടെയാണ് കോൺഗ്രസ് ഒരു സീറ്റിലേക്ക് ഒതുങ്ങിയത്. തന്റെ പ്രായവും മോശമാകുന്ന ആരോഗ്യും പരിഗണിച്ച് രാജ്യസഭയിലേക്ക് മാറുകയാണെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു. 25 വർഷം ലോക്‌സഭയിൽ റായ്ബറേലിയെ പ്രതിനിധീകരിച്ച ശേഷമാണ് സോണിയ രാജ്യസഭയിലേക്ക് തിരിക്കുന്നത്. തന്റെ കുടുംബത്തോടൊപ്പം ഉണ്ടായിരിക്കാൻ സോണിയ ഗാന്ധി റായ്ബറേലിയിലെ ജനങ്ങളോട് ആവശ്യപ്പെട്ടു.
അടുത്ത തവണയും റായ്ബറേലിയിൽനിന്ന് കോൺഗ്രസ് മത്സരിക്കും. അത് ആരായിരിക്കും എന്ന ചോദ്യമാണ് ഉയരുന്നത്. സോണിയ ഗാന്ധിയുടെ മകൾ പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുമെന്ന വാദത്തിനാണ് ശക്തി കൂടുതൽ. പ്രിയങ്കയുടെ മുത്തശ്ശി ഇന്ദിരാഗാന്ധി മത്സരിച്ച മണ്ഡലമാണിത്. ഇന്ദിരയും പ്രിയങ്കയും തമ്മിലുള്ള സാമ്യം കണക്കാക്കുമ്പോൾ ഇവിടെനിന്ന് പ്രിയങ്ക മത്സരിക്കുമെന്നാണ് വിവരം.
CPP चेयरपर्सन श्रीमती सोनिया गांधी जी का रायबरेली की जनता के नाम संदेश- pic.twitter.com/6zlJkWjwvi
— Congress (@INCIndia) February 15, 2024
റായ്ബറേലിയിൽ നിന്ന് പ്രിയങ്കയെ മത്സരിപ്പിക്കുന്നത് കോൺഗ്രസിന് സുരക്ഷിതമായിരിക്കും. എന്നാൽ രാഹുലിന്റെ അമേഠിയിലെ തോൽവിയുടെ സഹചര്യം നിലനിൽക്കുമ്പോൾ ഇത് പാർട്ടിക്ക് ആശങ്കയും സമ്മാനിക്കും. പ്രിയങ്ക ഗാന്ധി കൂടി തോറ്റാൽ അത് കോൺഗ്രസിന് വരുത്തുന്ന ദോഷം ചെറുതായിരിക്കില്ല. അതേസമയം, പ്രിയങ്ക ഗാന്ധി റായ്ബറേലിയിലല്ല, വരാണസിയിൽ മോഡിക്ക് എതിരെ മത്സരിക്കുമെന്ന ശ്രുതിയുമുണ്ട്. നേരത്തെ ഇതു സംബന്ധിച്ച ചോദ്യത്തിന് വരാണസിയിൽ എന്തുകൊണ്ട് മത്സരിച്ചുകൂടാ എന്ന് പ്രിയങ്ക മറുപടി പറഞ്ഞിരുന്നു.
റായ്ബറേലിക്ക് എഴുതിയ തുറന്ന കത്തിൽ തനിക്കും കുടുംബത്തിനും റായ്ബറേലിയുമായുള്ള ബന്ധം സോണിയ ഗാന്ധി അടിവരയിട്ടിരുന്നു.
റായ്ബറേലിയിൽ കോൺഗ്രസ് മൂന്ന് തവണ പരാജയപ്പെട്ടിട്ടുണ്ട്. 1977ൽ അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയിൽ നിന്ന് സീറ്റ് ജനതാ പാർട്ടി പിടിച്ചെടുത്തു. 1996ലും 1998ലും ഇന്ദിരാഗാന്ധിയുടെ ബന്ധുക്കളായ വിക്രം കൗളും ദീപാ കൗളും മത്സരിച്ചപ്പോൾ ബി.ജെ.പിയുടെ അശോക് സിംഗ് വിജയിച്ചു. അമേഠിയിലും കോൺഗ്രസ് ഇതിന് രണ്ടു വട്ടം പരാജയപ്പെട്ടിട്ടുണ്ട്. 1977ൽ ജനതാ പാർട്ടിയും 1998 ൽ ബി.ജെ.പിയും വിജയിച്ചു.