സ്വന്തമായി ബിസിനസ് തുടങ്ങുക എന്നത് തീര്‍ച്ചയായും വെല്ലുവിളി നിറഞ്ഞ കാര്യമാണ്. പലരും സ്വന്തമായി ബിസിനസ് കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നു, പക്ഷേ എല്ലാവരും വിജയിക്കുന്നില്ല. എന്നാല്‍ നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ചതിന് ശേഷവും വിജയകരമായ കമ്പനികള്‍ കെട്ടിപ്പടുത്ത നിരവധി ആളുകളുണ്ട്. അത്തരത്തിലൊരാളാണ് അഹാന ഗൗതം. 30 ാം വയസ്സില്‍ അവര്‍ തന്റെ ബിസിനസ് ആരംഭിക്കാന്‍ തീരുമാനിച്ചു. ജോലി ഉപേക്ഷിച്ച് ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ നിര്‍മിക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പ് 'ഓപ്പണ്‍ സീക്രട്ട്' എന്ന പേരില്‍ തുടങ്ങി. 100 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്.
അഹാന തന്റെ നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് യു.എസില്‍ നിന്ന് ഇന്ത്യയിലേക്ക് പോകാന്‍ തീരുമാനിച്ചു. കമ്പനി തുടങ്ങാനുള്ള പ്രാരംഭ മൂലധനം അമ്മയാണ് തന്നതെന്ന് അഹാന പറഞ്ഞു. 2019 ലാണ് അഹാന ഓപ്പണ്‍ സീക്രട്ട് ആരംഭിച്ചത്. ഐ.ഐ.ടി ബോംബെയില്‍നിന്ന് കെമിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം നേടിയ അഹാന 2014-2016 കാലയളവില്‍ ഹാര്‍വാഡ് ബിസിനസ് സ്‌കൂളില്‍നിന്ന് എം.ബി.എയും ചെയ്തു. ഗോദ്റെജ് ടൈസണ്‍ ഫുഡ്സ് ലിമിറ്റഡിന്റെ ഇന്‍ഡിപെന്‍ഡന്റ് ബോര്‍ഡ് ഡയറക്ടര്‍ കൂടിയാണ് അവര്‍. രാജസ്ഥാനിലെ ഭരത്പൂര്‍ സ്വദേശിയാണ് അഹാന. ഇപ്പോള്‍, ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ നല്‍കുന്ന ഒരു കമ്പനി നടത്തുന്ന അഹാന, നേരത്തെ അമിതഭാരമുള്ളവളായിരുന്നു. യു.എസിലെ ഹോള്‍ ഫുഡ്സ് സ്റ്റോര്‍ സന്ദര്‍ശിച്ച ശേഷമാണ് ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രാധാന്യം അവര്‍ തിരിച്ചറിഞ്ഞത്.
സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നതിന് മുമ്പ്, അവര്‍ ജനറല്‍ മില്‍സില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്തു. പ്രോക്ടര്‍ ആന്‍ഡ് ഗാംബിളിലും 4 വര്‍ഷത്തോളം ജോലി ചെയ്തു. ശുദ്ധീകരിച്ച പഞ്ചസാര, മൈദ, കൃത്രിമ നിറങ്ങള്‍, രുചികള്‍ എന്നിവ അടങ്ങിയ ഇന്ത്യയിലെ ലഘുഭക്ഷണ ഓപ്ഷനുകള്‍ അണ്‍-ജങ്ക് ചെയ്യാനുള്ള ഒരു ദൗത്യത്തിലാണ് ഇപ്പോള്‍ അവര്‍.