Sorry, you need to enable JavaScript to visit this website.

വാടകക്കാരിയുമായി അടുപ്പത്തിലായി; യുവാവിന് നഷ്ടം 96 ലക്ഷം രൂപ

സൂറത്ത്-രണ്ടുകുട്ടികളുടെ മാതാവുമായി പ്രണയത്തിലായി ഒരുമിച്ച് താമസം തുടങ്ങിയ യുവാവ് കബളിപ്പിക്കപ്പെട്ടു.  തന്റെ കൂടെ താമസിച്ചിരുന്ന യുവതി 96 ലക്ഷം രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞതായി യുവാവ് പോലീസില്‍  പരാതി നല്‍കി. ഗുജറാത്തിലെ സൂറത്ത് കത്തര്‍ഗാം സ്വദേശി ദിലീപ് ഉകാനി(37)യാണ് ജയശ്രീ ഭഗത്(29) ഇവരുടെ മുന്‍ കാമുകന്‍ ശുഭം മിസാല്‍(30) എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത്.
കൃഷ്ണകുഞ്ച് സൊസൈറ്റിയിലെ സ്വന്തം വീട്ടിലായിരുന്നു ദിലീപിന്റെ താമസം. ജയശ്രീയും ശുഭവും കഴിഞ്ഞവര്‍ഷം ഈ വീട്ടില്‍ വാടകക്കാരായി എത്തിയത്. വീടിന്റെ താഴത്തെനില ഇരുവര്‍ക്കും വാടകയ്ക്ക് നല്‍കിയ ദിലീപ് ഒന്നാംനിലയിലാണ് താമസിച്ചുവന്നിരുന്നത്. ഇതിനിടെ ദിലീപും ജയശ്രീയും അടുപ്പത്തിലായെന്ന് പറയുന്നു. ജയശ്രീക്കൊപ്പം താമസിച്ചിരുന്ന കാമുകന്‍ പതിവായി മഹാരാഷ്ട്രയിലേക്ക് പോകാറുണ്ടായിരുന്നു. ഈ സമയത്താണ് ജയശ്രീയുമായി പ്രണയത്തിലായതെന്നും തുടര്‍ന്ന്  ഒരുമിച്ച് താമസം ആരംഭിച്ചുവെന്നും ദിലീപ് പറയുന്നു.
വിവാഹമോചന നടപടികള്‍ അവസാനഘട്ടത്തിലാണെന്നാണ് രണ്ടുകുട്ടികളുടെ മാതാവായ ജയശ്രീ ദിലീപിനോട് പറഞ്ഞിരുന്നത്. ഇതിനിടെ, കൃഷ്ണകുഞ്ചിലെ വീട് വില്‍ക്കാന്‍ തീരുമാനിച്ച ദിലീപും ജയശ്രീയും വിരാംനഗറിലെ വാടക ഫഌറ്റിലേക്ക് താമസം മാറി.99.99 ലക്ഷം രൂപക്ക് വില്‍പന നടത്തിയ ദിലീപിന് നികുതിയെല്ലാം കിഴിച്ച് 96.44 ലക്ഷം രൂപ പണമായി ലഭിച്ചു. വാടകഫഌറ്റില്‍ സൂക്ഷിച്ച തുകയുമായി ജയശ്രീ കടന്നുകളഞ്ഞുവെന്നാണ് പരാതി. ജയശ്രീ ആവശ്യപ്പെട്ടതനുസരിച്ച് കുട്ടികളെ മുന്‍ഭര്‍ത്താവിന്റെ കടയില്‍ കൊണ്ടുവിടാന്‍ പോയപ്പോഴാണ് പണവുമായി രക്ഷപ്പെട്ടത്  ജയശ്രീ ദിലീപിനോട് പറഞ്ഞിരുന്നു. ദിലീപ് കുട്ടികളെ കൊണ്ടുവിട്ട് തിരികെ എത്തിയപ്പോള്‍ ഫഌറ്റ് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് പണം നഷ്ടമായെന്ന് വ്യക്തമായത്. ജയശ്രീയെയും ശുഭം മിസാലിനെയും ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവരുടെയും ഫോണുകള്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. പ്രതികളെ പിടികൂടുന്നതിന് മഹാരാഷ്ട്രയിലേക്ക് പ്രത്യേക സംഘത്തെ അയച്ചതായി പോലീസ് പറഞ്ഞു.

 

Latest News