പശ്ചിമ സൗദിയിൽ മലയാളി കുടുംബിനികൾ ഉയിർത്തെഴുന്നേൽപിലാണ്. ലോകത്ത് എവിടെ പോയാലും സംഘാടക മികവിൽ മലയാളികളെ വെല്ലാൻ ആരുമില്ല. ലോകത്തെ 182 രാജ്യങ്ങളിൽ മലയാളികളുണ്ടെന്നാണ് നോർക്കയുടെ രേഖകളിൽ പറയുന്നത്. ഒറ്റ മലയാളിയുള്ള രാജ്യം വരെ ഇക്കൂട്ടത്തിലുണ്ട്. ഒരാളെ ഉള്ളൂവെങ്കിലും അവിടെയും മറ്റുള്ളവരെക്കൂടി കൂടെ കൂട്ടി കൂട്ടായ്മകളുണ്ടാക്കുന്നതിൽ തൽപരരാണ് മലയാളികൾ. അതുപോലെ പ്രയാസം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി വർത്തിക്കുന്നതിലും മുൻ പന്തിയിലാണ് ഈ ജനവിഭാഗം. ലോകത്തെ മറ്റു പൗരന്മാരിൽനിന്ന് മലയാളികളെ വേറിട്ടതാക്കുന്നതും ഈ ഗുണമാണ്. ജാതി, മത ചിന്തകൾക്കപ്പുറം മലയാളി, അല്ലെങ്കിൽ കേരളീയൻ എന്ന ഒറ്റ ചിന്തയിൽ നാം കൈകോർക്കുന്നത് ഇന്ത്യയിലെ തന്നെ മറ്റു സംസ്ഥാനക്കാർക്കും വിദേശ പൗരന്മാർക്കും അസൂയ ഉണ്ടാക്കുന്നതാണ്. ഒത്തൊരുമിച്ചു നിന്നവർ അധികാര വടംവലിയുടെയും കുശുമ്പും കുന്നായ്മയുടെയുമെല്ലാം പേരിൽ പൊടുന്നനെ കൂട്ടുകെട്ടു വിടുന്നതും തല്ലിപ്പിരിയുന്നതുമെല്ലാം മലയാൡകളുടെ സ്വഭാവമാണെങ്കിലും അങ്ങനെ വിട്ടുപോയവർ ചേർന്ന് വീണ്ടും സംഗമിക്കുമ്പോൾ അതൊരു കൂട്ടായ്മയായി രൂപപ്പെടുകയും മത്സര ബുദ്ധിയോടെ അവരും സജീവമാകുമ്പോൾ മലയാളി സമുഹം തളരുകയല്ല, കൂടുതൽ ഊർജസ്വലരാവുകയാണ്. ആദ്യകാലങ്ങളിൽ സംഘാടനത്തിൽ പുരുഷന്മാരായിരുന്നു മുൻപന്തിയിലെങ്കിൽ ഇന്നു സ്ത്രീകളും ഒട്ടും പിന്നിലല്ല.
ജിദ്ദയിലെ, സാമൂഹിക, സാംസ്കാരിക, കലാ, കായിക പരിപാടികളുടെ സംഘാടനത്തിൽ പുരുഷൻമാരോടൊപ്പം സ്ത്രീകളുടെ പങ്കാളിത്തവും ഉണ്ടാകാറുണ്ടെങ്കിലും പൂർണ ഉത്തരവാദിത്തത്തോടെ സംഘാടനം ഏറ്റെടുക്കൽ വിരളമായിരുന്നു. എന്നാലിപ്പോൾ അതിനു മാറ്റം വന്നിരിക്കുന്നു. സിജി ജിദ്ദ ചാപ്റ്ററിനു കീഴിലുള്ള ജെ.സി.ഡബ്ല്യൂ.സി സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് സ്ത്രീകൾക്കു മാത്രമായി ഇതിനകം വിവിധ പരിപാടികൾ ജിദ്ദയിൽ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും വൻ ജനാവലിയെ പങ്കെടുപ്പിച്ച് പൊതു ജനങ്ങൾക്കായി പരിപാടികൾ നടത്തിയിട്ടില്ല. അത്തരമൊരു പരിപാടിയുമായി ഇതാദ്യമായി രംഗത്തെത്തിയത് വേൾഡ് മലയാളി ഹോം ഷെഫ് ജിദ്ദ ചാപ്റ്ററിനു കീഴിലെ വനിതകളായിരുന്നു.
പെൺപുലരി എന്ന പേരിൽ അവർ കഴിഞ്ഞ വെള്ളിയാഴ്ച ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി സ്ത്രീകളുടെ കൂട്ടായ്മയും സംഘാടക മികവും തെളിയിക്കുന്നതായിരുന്നു. സാങ്കേതിക ആവശ്യങ്ങൾക്ക് പിന്നണിയിൽനിന്നുള്ള പുരുഷൻമാരുടെ സഹായമല്ലാതെ, വേദിയിൽ പുരുഷൻമാരുടെ സാന്നിധ്യം ഉണ്ടായില്ലെന്നത് ഈ പരിപാടിയെ വ്യതിരിക്തമാക്കി. സ്ത്രീകളെ
മാത്രം പങ്കെടുപ്പിച്ച് ഏതു പരിപാടിയും തങ്ങൾക്കു നടത്താനാവുമെന്ന് ജിദ്ദയിലെ സ്ത്രീകൾ തെളിയിക്കുകയായിരുന്നു. പുരുഷ കഥാപാത്രങ്ങളായി വേദിയിൽ എത്തിയവരും സ്ത്രീകളായിരുന്നുവെന്നത് ഇതാണ് കാണിക്കുന്നത്. സംഘാടകരും പരിപാടി കാണാൻ വരുന്നവരും ഒരേ നിറത്തിലുള്ള വസ്ത്രം ധരിക്കണമെന്ന അഭ്യർഥനയും പുതുമയാർന്നതായിരുന്നു. ഇത് ഒരു പരിധിവരെ എല്ലാവർക്കും സ്വീകാര്യമായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണം നിറഞ്ഞു കവിഞ്ഞ കാണികളിലെ പിങ്ക് വർണപ്പൊലിമ. കലാപരിപാടികൾക്ക് കൂടുതൽ ചാരുത പകരാൻ നാട്ടിൽനിന്ന് സെലിബ്രിറ്റികളായ പ്രമുഖ നടിയും ഗായികയുമായ അനാർക്കലി മരയ്ക്കാർ, പ്രശസ്ത പിന്നണി ഗായിക പാർവതി മേനോൻ എന്നിവരെയും ആഗോള വനിത ശാക്തീകരണം ലക്ഷ്യമാക്കി അബുദാബി കേന്ദ്രമായി പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഹോം ഷെഫ് ഫൗണ്ടറും സി.ഇ.ഒയുമായ റസീല സുധീറിനെയും കൊണ്ടുവരാൻ കഴിഞ്ഞുവെന്നതും ഇവരുടെ നേട്ടമാണ്. കലാപരിപാടികളിലൂടെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയേയും ഉത്തരവാദിത്വത്തേയും കുറിച്ചുള്ള സന്ദേശം പകരുന്നതിനും ഇവർക്കായി.
ജിദ്ദയിലെ വനിത കൂട്ടായ്മ പെരുമ ഇവിടം കൊണ്ടു തീരുന്നില്ല. പെരിന്തൽമണ്ണ കാദറലി സെവൻസ് ഫുട്ബോൾ ടൂർണമെന്റ് കമ്മിറ്റിയും പെൻറിഫും സംയുക്തമയി വരുന്ന വെള്ളിയാഴ്ച ജിദ്ദയിൽ നടത്താൻ പോകുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ സംഘാടനത്തിലും സ്ത്രീകൾ ഉണ്ട്. ഒരു ഫുട്ബോൾ ടൂർണമെന്റിന്റെ സംഘാടനത്തിൽ സ്ത്രീ പങ്കാളിത്തം ഉണ്ടാകുന്നത് ഇതാദ്യമാണ്. സ്ത്രീകളിലെ ഫുട്ബോൾ കമ്പക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം ടൂർണമെന്റിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ജിദ്ദയിൽ നടന്ന പത്രസമ്മേളനത്തിലും ഫിക്ചർ റിലീസിംഗിലും സ്ത്രീകൾ സജീവമായിരുന്നു. ടൂർണമെന്റ് നടക്കുമ്പോൾ ഗ്രൗണ്ടിലും അവരുടെ സജീവ സാന്നിധ്യം ഉണ്ടാകുമെന്നാണ് സംഘാടകർ അറിയിച്ചിട്ടുള്ളത്. വരുംനാളുകളിലും ഇതു തുടരുമെന്നും സാധ്യമായാൽ സ്ത്രീകളുടെ ഫുട്ബോൾ ടീം തന്നെ സംഘടിപ്പിക്കുമെന്നുമാണ് സംഘാടകർ അറിയിച്ചിട്ടുള്ളത്.
ഇക്കഴിഞ്ഞ ആഴ്ചയിലായിരുന്നു ജെ.സി.ഡബ്ല്യൂ.സി സ്ത്രീകൾക്കു മാത്രമായി കമ്യൂണിറ്റി ലീഡർഷിപ് പ്രോഗ്രാം സംഘടിപ്പിച്ചത്. ഏതാനും മാസമായി തുടരുന്ന ഈ പരിപാടിയിൽ കഴിഞ്ഞ ആഴ്ചയിൽ ഇവർ ചർച്ചക്കു വിധേയമാക്കിയത് പ്രകൃതിയെ സംരക്ഷിക്കുന്നതിൽ സ്ത്രീകളുടെ പങ്കാളിത്തം എന്ന വിഷയമായിരുന്നു. കഴിഞ്ഞ അഞ്ചു മാസമായി എല്ലാ മാസവും ഒത്തു ചേരുന്ന ഇവർ ഇത്തരം വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നതെന്നു മാത്രമല്ല, സ്ത്രീകളുടെ ആശയ വിനിയമ ശേഷിയെയും സംഘാടക തൽപരതയെയും പ്രത്സാഹിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്. ഇതേ സംഘടന രണ്ടു വർഷം മുൻപ് സ്ത്രീകൾക്കു മാത്രമായി വിപുലമായ തോതിൽ കലാപരിപാടികളും നടത്തിയിരുന്നു. അതിൽ അംഗങ്ങൾക്കും ക്ഷണിക്കപ്പെട്ട സ്ത്രീഅതിഥികൾക്കും മാത്രമായിരുന്നു പ്രവേശനം എന്നു മാത്രം. മലബാർ അടുക്കളയുടെ ജിദ്ദ ചാപ്റ്ററും കഴിഞ്ഞ കുറെ നാളുകളായി വിവിധ പരിപാടികൾ സ്ത്രീകൾക്കായി സംഘടിപ്പിക്കുന്നുണ്ടെങ്കിലും പുരുഷൻമാരും അതിൽ പങ്കാളികളാകാറുണ്ട്.
ഇത്തരം പരിപാടികളിൽ മാത്രമല്ല, സംരംഭങ്ങൾ തുടങ്ങുന്നതിലും ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കുന്നതിലുമെല്ലാം മലയാളി സ്ത്രീകൾ മറ്റു സ്ത്രീകളെ അപേക്ഷിച്ച് ഒരുപടി മുന്നിലാണ്. വീട്ടിലിരുന്നും പൊതുരംഗത്തിറങ്ങിയും വിവിധ സംരംഭങ്ങൾ നടത്തി വരുമാനമുണ്ടാക്കുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചു വരികയാണ്. ഓഹരി വിപണിയിൽ നിക്ഷേപം നടത്തി പണം സമ്പാദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. സ്ത്രീകൾക്ക് വാഹനം ഓടിക്കുന്നതിന് സൗദിയിൽ അനുമതി ലഭിച്ചതോടെ ഡ്രൈവിംഗ് ലൈസൻസ് എടുത്ത് സ്വന്തമായി വാഹനം ഓടിച്ച് ജോലി സ്ഥലത്തു പോകുന്നവരും കുട്ടികളെ സ്കൂളിൽ കൊണ്ടാക്കുന്നവരുമായ മലയാളി സ്ത്രീകൾ ഒട്ടേറെ പേരുണ്ട്.
ഇതിനു പുറമെ വനിതകളായ കൂട്ടുകാരുമൊരുമിച്ച് വാഹനം ഓടിച്ച് ഷോപിംഗ് മാളുകളിലും കോഫി ഷോപ്പുകളിൽ സൊറ പറഞ്ഞിരിക്കാൻ പോകുന്നവരുമായ സ്ത്രീ സംഘങ്ങളും ഏറെയാണ്. സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പോലും അനുവാദമില്ലെന്ന ആക്ഷേപം നേരിട്ടുകൊണ്ടിരിക്കുന്ന സൗദി അറേബ്യയിലാണ് ഇതൊക്കെയെന്നത് സൗദിക്കെതിരെ കൊഞ്ഞനം കുത്തുന്നവരിൽ അദ്ഭുതം ഉളവാക്കിയേക്കാം. എന്നാൽ മാറുന്ന സൗദിയുടെ മുഖഛായക്കനുസരിച്ച് മലയാളി വനിതകളും മാറിക്കൊണ്ടിരിക്കുന്നുവെന്നതാണ് വാസ്തവം.
സൗദിയിൽ സ്വദേശി വനിതകളുടെ തൊഴിൽ, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, കായിക രംഗത്തെ പങ്കാളിത്തം മാത്രമല്ല, വിദേശികളായ വനിതകളുടേയും പങ്കാളിത്തം കൂടി അനുദിനം വർധിക്കുകയാണ്. ദേശീയ പരിവർത്തന പദ്ധതിയുടെയും വിഷൻ 2030 പദ്ധതിയുടെയും ഭാഗമായി ആവിഷ്കരിക്കപ്പെട്ട പരിഷ്കാരങ്ങളിലൂടെയാണ് ഇതു സാധ്യമായത്. വനിതകൾക്ക് വാഹനം ഓടിക്കുന്നതിനും സ്റ്റേഡിയങ്ങളിൽ പ്രവേശനം അനുവദിച്ചും 2018 ൽ എടുത്ത തീരുമാനം വിപ്ലവാത്മകമായ മാറ്റങ്ങളാണ് രാജ്യത്ത് കൊണ്ടുവന്നത്. ഇതു മലയാളി സമൂഹത്തിനിടയിലെ വനിതകൾക്കിടയിലും പ്രതിഫലിക്കാൻ തുടങ്ങി എന്നതിന്റെ സൂചനയാണ് സാമൂഹിക, സാംസ്കാരിക രംഗത്തെ മലയാളി വനിതാ മുന്നേറ്റം.