ന്യൂഡൽഹി - ഡൽഹി, പഞ്ചാബ്, ബംഗാൾ സംസ്ഥാനങ്ങൾക്കു പിന്നാലെ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ മുന്നണിക്ക് ജമ്മുകശ്മീരിലും തിരിച്ചടി. ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് തലവനുമായ ഫാറൂഖ് അബ്ദുല്ലയുടെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനം.
നാഷണൽ കോൺഫറൻസ് ജമ്മു കശ്മീരിലെ എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുല്ല പ്രതികരിച്ചു. ഇന്ത്യാ മുന്നണിയുടെ കൂട്ടായ്മയിൽ സജീവമായി പങ്കെടുത്ത ഫാറൂഖ് അബ്ദുല്ലയുടെ ഈ തീരുമാനത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമല്ല. അതിനിടെ, ഫാറൂഖ് അബ്ദുല്ല എൻ.ഡി.എയിലേക്ക് മടങ്ങുന്നുവെന്ന ചില സൂചനകളും ചില ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ഈ വാർത്തകളെ ഫാറൂഖ് അബ്ദുല്ല ഇതുവരെയും തള്ളിക്കളഞ്ഞിട്ടില്ല. കഴിഞ്ഞദിവസങ്ങളിൽ അദ്ദേഹത്തിന്റെ പാർട്ടിയിലെ ചിലർ ബി.ജെ.പിയിൽ ചേർന്നതായും റിപോർട്ടുണ്ട്.