ന്യൂദല്‍ഹി- ഈ മാസം27ന് നടക്കുന്ന രാജ്യസഭാ രഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയ പരിധി അവസാനിച്ചപ്പോള്‍ ഏഴ് കേന്ദ്ര മന്ത്രിമാര്‍ക്ക് സീറ്റ് നല്‍കാതെ ബി.ജെ.പി.
കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ, വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍, പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്, ഫിഷറീസ് മന്ത്രി പുരുഷോത്തം രുപാല, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രി നാരായണ്‍ റാണെ, വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ എന്നിവര്‍ക്കാണ് രാജ്യസഭയിലേക്ക് വീണ്ടും ബിജെപി അവസരം നല്‍കാതിരുന്നത്. കാലവധി കഴിയാന്‍ പോകുന്ന മറ്റു രണ്ട് കേന്ദ്ര മന്ത്രിമാരെ വീണ്ടും രാജ്യസഭാ സ്ഥാനാര്‍ഥികളാക്കിയിട്ടുണ്ട്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും ഫിഷറീസ് സഹമന്ത്രി എല്‍.മുരുഗനുമാണ് വീണ്ടും അവസരം.
മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലേക്കെത്തിയ വി.മുരളീധരന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യക്തമായിരുന്നു. ആറ്റിങ്ങലില്‍ മത്സരിക്കാനാണ് സാധ്യത. ആറ്റിങ്ങല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിതനിക്ക് നിര്‍ദേശം നല്‍കിയതായി അടുത്തിടെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി മുരളീധരന്‍ ആറ്റിങ്ങല്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്കെത്തിയ രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും അദ്ദേഹം ബെംഗളൂരുവിലെ നാല് മണ്ഡലങ്ങളിലേതിലെങ്കിലും മത്സരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഒഡീഷയിലെ സംബല്‍പുറിലോ ധേക്‌നാലിലോ ലോക്‌സഭയിലേക്ക് മത്സരിക്കുമെന്നാണ് സൂചന. ഭൂപേന്ദര്‍ യാദവ് രാജസ്ഥാനിലെ അല്‍വാറില്‍ നിന്നോ മഹേന്ദ്രഗഢില്‍ നിന്നോ ജനവിധി തേടിയേക്കും.
ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഗുജറാത്തിലെ സൂറത്തിലോ ഭാവ്‌നഗറിലോ സ്ഥാനാര്‍ഥിയാകും. പുരുഷോത്തം രുപാലയെ രാജ്‌കോട്ടിലേക്കാണ് ബിജെപി പരിഗണിക്കുന്നത്.
കാലാവധി കഴിയുന്ന ബി.ജെ,പിയുടെ 28 രാജ്യസീറ്റുകളില്‍ നാല് പേര്‍ക്ക് മാത്രമാണ് വീണ്ടും അവസരം നല്‍കിയത്. ബാക്കിയുള്ള 24 പേരോടും ലോക്‌സഭ വഴി എത്താനാണ് പാര്‍ട്ടി നിര്‍ദേശിച്ചിരിക്കുന്നത്.