ന്യൂഡൽഹി - രണ്ടര പതിറ്റാണ്ടു കാലം ലോകസഭാംഗമായി പ്രവർത്തിച്ച കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക നൽകിയതിനു പിന്നാലെ റായ്ബറേലിയിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് കത്തെഴുതി.
തന്റെ എല്ലാ നേട്ടങ്ങൾക്കും കാരണം റായ് ബറേലിയിലെ വോട്ടർമാരാണെന്നും ആ സ്‌നേഹം തുടരണമെന്നും കത്തിൽ അഭ്യർത്ഥിച്ചു. ആരോഗ്യപ്രശ്‌നങ്ങളും പ്രായാധിക്യവും കാരണം അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അറിയിച്ചു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പ്രതികൂല സാഹചര്യങ്ങൾക്കിടയിലും റായ്ബറേലിയിലെ വോട്ടർമാർ കൂടെ നിന്നുവെന്നും അവർ പറഞ്ഞു.
ഫിറോസ് ഗാന്ധിയേയും ഇന്ദിരാ ഗാന്ധിയേയും റായ്ബറേലി വിജയിപ്പിച്ചത് ചൂണ്ടിക്കാട്ടിയ സോണിയ തന്റെ കുടുംബത്തോടുള്ള സ്‌നേഹം മണ്ഡലത്തിലെ ജനങ്ങൾ തുടരും എന്നറിയാമെന്നും കത്തിൽ കുറിച്ചു.
സോണിയാ ഗാന്ധി ഇന്നലെയാണ് രാജ്യസഭയിലേക്ക് പത്രിക നൽകിയത്. രാജസ്ഥാനിൽ നിന്നാണ് അവർ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. സോണിയ ഗാന്ധിക്കൊപ്പം മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പത്രിക നൽകാനായി ജയ്പൂരിലെത്തിയിരുന്നു. ഇതിനായി ഭാരത് ജോഡോ യാത്രയ്ക്ക് ഒരു ദിവസത്തെ ഇടവേള നല്കിയാണ് രാഹുൽ എത്തിയത്. ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽനിന്ന് എ.ഐ.സി.സി ജനറൽസെക്രട്ടറി കൂടിയായ പ്രിയങ്കാ ഗാന്ധി മത്സരിക്കാനാണ് സാധ്യത കൂടുതൽ.