കോഴിക്കോട് - പ്രവാസികളെ സംബന്ധിച്ചിടത്തോളം വളരെ ശ്രദ്ധയോടെ തെരഞ്ഞെടുക്കേണ്ടതും കൈകാര്യം ചെയ്യേണ്ടതുമാണ് അവരുടെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകള്‍. പ്രവാസിയായ ഒരാള്‍ക്ക് നാട്ടില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും കൈകാര്യം ചെയ്യുന്നതിനുമെല്ലാം വ്യക്തമായ നിയമങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളുമുണ്ട്. എന്നാല്‍ അതേക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ പ്രവാസികള്‍ പല അബദ്ധങ്ങളിലും പോയി ചാടാറുണ്ട്. പ്രവാസിയായ ഒരാള്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന ബാങ്ക് അക്കൗണ്ടുകള്‍ ഏതൊക്കെയാണെന്നും എന്താണ് അതിന്റെ ഗുണവും ദോഷവും എന്നാണ് ഇവിടെ വ്യക്തമാക്കുത്.
ഏറ്റവും ആദ്യം അറിഞ്ഞിരിക്കേണ്ട ഒരു കാര്യം പ്രവാസിയായ ഒരാള്‍ക്ക് നാട്ടില്‍ സ്ഥിരമായി താമസിക്കുന്ന ഒരാള്‍ക്ക് തുടങ്ങാന്‍ സാധിക്കുന്ന റസിഡന്റ് സേവിംഗ്‌സ് അക്കൗണ്ടോ അല്ലെങ്കില്‍ കറന്റ് അക്കൗണ്ടോ ഒന്നും തന്നെ തുടങ്ങാന്‍ നിയമം .അനുവദിക്കുന്നില്ലെന്നെതാണ്. നാട്ടിലുള്ളപ്പോള്‍ ഏതെങ്കിലും ഒരു ബാങ്കിലോ അല്ലെങ്കില്‍ വിവിധ ബാങ്കുകളിലോ സേവിംഗ്‌സ് അക്കൗണ്ടുകളോ അല്ലെങ്കില്‍ കറന്റ് അക്കൗണ്ടുകളോ ഒക്കെ ഉണ്ടായിരിക്കാം. എന്നാല്‍ ജോലി തേടിയോ അല്ലെങ്കില്‍ പഠനത്തിനായോ പ്രവാസ ജിവിതം ആരംഭിക്കുന്നത് മുതല്‍ ആ വൃക്തി ഒന്നുകില്‍ നാട്ടില്‍ നിലവിലുള്ള സാധാരണ അക്കൗണ്ടുകള്‍ റദ്ദ് ചെയ്യുകയോ അല്ലെങ്കില്‍ പ്രവാസികള്‍ക്ക് തുടങ്ങാന്‍ അനുവദനീയമായ അക്കൗണ്ടാക്കി ഇതിനെ മാറ്റുകയോ ചെയ്യണം. വളരെ എളുപ്പത്തില്‍ ഇത് ചെയ്യാന്‍ സാധിക്കും.
പ്രവാസിയായിരുന്നിട്ടും നാട്ടില്‍ സാധാരണ അക്കൗണ്ട് തുടര്‍ന്നാല്‍ എന്ത് സംഭവിക്കും
റിസര്‍വ്വ് ബാങ്കിന്റെ നിയമപ്രകാരം നാട്ടിലുള്ള ഒരു പൗരന് തുടങ്ങാന്‍ സാധിക്കുന്ന വിവിധ ബാങ്ക് അക്കൗണ്ടുകള്‍ പ്രവാസിയായ ഒരാള്‍ക്ക് തുടങ്ങാനോ നിലവിലുണ്ടായിരുന്നത് നിലനിര്‍ത്തിക്കൊണ്ടു പോകാനോ സാധ്യമല്ല. പ്രവാസിയാകുന്നത് മുതല്‍ ഇത് ബാധകമാണ്. ബഹുഭൂരിഭാഗം പ്രവാസികള്‍ക്കും അവര്‍ വിദേശത്തേക്ക് ജോലിക്കോ പഠനത്തിനോ പോകുന്നതിന് മുന്‍പ് നാട്ടില്‍ വിവിധ തരത്തിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായിരിക്കും. പ്രവാസ ജീവിതം തുടങ്ങിയിട്ടും പലരും ഈ അക്കൗണ്ടുകള്‍ ക്യാന്‍സല്‍ ചെയ്യുകയോ പ്രവാസി അക്കൗണ്ടുകളാക്കി മാറ്റുകയോ ചെയ്യാതെ അത് വഴി പണമിടപാടുകള്‍ നടത്തുകയും ചെയ്യാറുണ്ട്. നിയമ പ്രകാരം ഇത് ഗുരുതരമായ തെറ്റാണ്. കണ്ടുപിടിക്കപ്പെട്ടാല്‍ വലിയ തുക പിഴയായി നല്‍കേണ്ടി വരും.
പ്രവാസി ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കൊയിലാണ്ടി ശാഖയിലെ മാനേജര്‍ (അഡ്വാന്‍സസ്) ശ്രീനാഥ് ശ്രീധരന്‍ 'മലയാളം ന്യൂസി ' നോട് സംസാരിക്കുന്നു
എന്നാല്‍ തങ്ങള്‍ ഇത്രയും കാലം ഈ അക്കൗണ്ടുകള്‍ തുടര്‍ന്ന് കൊണ്ടു പോയിട്ടും യാതൊരു തരത്തിലുള്ള നിയമനടപടികളും നേരിടേണ്ടി വന്നിട്ടില്ലെന്ന് പല പ്രവാസികളും പറയാറുണ്ട്. അതൊരു താല്‍ക്കാലിക രക്ഷ മാത്രമാണ്. എപ്പോള്‍ വേണമെങ്കിലും പിടി വീഴാം. ഇത്തരം അക്കൗണ്ടുകള്‍ വഴി വലിയ തുകയുടെ ഇടപാടുകള്‍ നടത്തുമ്പോഴും മറ്റും അത് അധികൃതരുടെ ശ്രദ്ധയില്‍ പെടാനും വലിയ തുക പിഴയായി ഈടാക്കാനും വ്യവസ്ഥയുണ്ട്. ഒരാള്‍ പ്രവാസിയാണെന്ന് തെളിയിക്കുന്നതിന് അധികൃതര്‍ക്ക് വലിയ പ്രയാസുമുണ്ടാകില്ല. ഈ അക്കൗണ്ടിലേക്ക് വിദേശത്ത് നിന്ന് നിങ്ങള്‍ അയച്ച് പണത്തിന്റെ രേഖകളോ അല്ലെങ്കില്‍ നിങ്ങളുടെ പാസ്‌പോര്‍ട്ടോ ഒക്കെ പരിശോധിച്ചാല്‍ ഇക്കാര്യം എളുപ്പത്തില്‍ തെളിയിക്കാനാകും. അതുകൊണ്ട് തന്നെ വലിയ റിസ്‌ക്കിന് നില്‍ക്കാതെ നിലവിലുള്ള നാട്ടിലെ സാധാരണ അക്കൗണ്ടുകള്‍ എന്‍ ആര്‍ ഐ അക്കൗണ്ടുകളാക്കി മാറ്റുകയാണ് ചെയ്യേണ്ടത്. ഇത് കൊണ്ട് സാമ്പത്തികമായി പല ഗുണങ്ങളുമുണ്ട്. പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തിയാല്‍ പ്രവാസ ജീവിതകാലത്തുള്ള എന്‍ ആര്‍ ഐ സ്റ്റാറ്റസുള്ള അക്കൗണ്ടുകള്‍ നാട്ടില്‍ സാധാരണ രീതിയില്‍ എല്ലവരും ഉപയോഗിക്കുന്ന റസിഡന്റ് സേവിംഗ്‌സ് അക്കൗണ്ടോ കറന്റ് അക്കൗണ്ടോ ആക്കി മാറ്റുന്നതിന് യാതൊരു തടസ്സങ്ങളും ഉണ്ടാകില്ല.
പ്രവാസികള്‍ക്ക് തുടങ്ങാന്‍ സാധിക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ ഏതെല്ലാമാണ്
റിസര്‍വ്വ് ബാങ്ക് നിയമപ്രകാരം വ്യത്യസ്തമായ പണമിടപാടുകള്‍ക്കും നിക്ഷേപത്തിനും വേണ്ടി പ്രവാസികള്‍ക്ക് പ്രധാനമായും മുന്ന് തരത്തിലുള്ള എന്‍ ആര്‍ ഐ ബാങ്ക് അക്കൗണ്ടുകളാണ് തുടങ്ങാന്‍ കഴിയുക. റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ബാങ്കുകളിലാണ് ഈ അക്കൗണ്ടുകള്‍ തുടങ്ങാന്‍ സാധിക്കുന്നത്. കഴിയുന്നതും ദേശസാല്‍കൃത ബാങ്കുകളിലോ അല്ലെങ്കില്‍ വന്‍കിട സ്വകാര്യ ബാങ്കുകളിലോ അക്കൗണ്ട് തുടങ്ങുന്നതാണ് നല്ലത്.
പ്രവാസികള്‍ക്ക് എല്ലാവര്‍ക്കും സുപരിചിതമായ എന്‍ ആര്‍ ഇ അക്കൗണ്ട് (NRE Account) എന്ന് അറിയപ്പെടുന്ന നോണ്‍ റസിഡന്റ് എക്‌സ്‌റ്റേണല്‍ അക്കൗണ്ട് ആണ് ആദ്യത്തേത്. പ്രവാസികളില്‍ ബഹുഭൂരിഭാഗത്തിനും ഈ അക്കൗണ്ട് ഉണ്ടായിരിക്കും. എന്നാല്‍ ഇതിന്റെ ഗുണങ്ങളെക്കുറിച്ച് പൂര്‍ണ്ണമായും അറിഞ്ഞിരിക്കണമെന്നില്ല. മറ്റൊരു അക്കൗണ്ടാണ് എന്‍ ആര്‍ ഒ അക്കൗണ്ട് ( NRO Account , നോണ്‍ റസിഡന്റ് ഓര്‍ഡിനറി അക്കൗണ്ട്) . മൂന്നാമത്തെ അക്കൗണ്ടാണ് എഫ് സി എന്‍ ആര്‍ (FCNR Account, ഫോറിന്‍ കറന്‍സി നോണ്‍ റസിഡന്റ് അക്കൗണ്ട് ) ഇത് ഒരു നിശ്ചിത കാലത്തേക്ക് വിദേശ കറന്‍സിയില്‍ നിക്ഷേപിക്കാവു ഡിപ്പോസിറ്റ് അക്കൗണ്ടാണ്. സാധാരണ പ്രവാസികള്‍ക്കിടയില്‍ ഇത് അത്രത്തോളം പ്രചാരത്തിലായിട്ടില്ല.
എന്‍ ആര്‍ ഇ അക്കൗണ്ട് (NRE Account)
പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും സുപരിചിതമായ അക്കൗണ്ടാണ് എന്‍ ആര്‍ ഇ അക്കൗണ്ട്. വിദേശ രാജ്യത്ത് പോയി ജോലി 'ചെയ്യുന്നവരും ബിസിനസ് നടത്തുന്നവരും പഠനാവശ്യങ്ങള്‍ക്കും മറ്റും ദീര്‍ഘകാലം വിദേശത്ത് കഴിയുന്നവരുമായ പ്രവാസികളെല്ലാം ഇന്ത്യയിലെ ഏതെങ്കിലും ബാങ്കില്‍ ഈ അക്കൗണ്ട് തുറക്കണം. എന്നാല്‍ മാത്രമേ വിദേശത്ത് സമ്പാദിക്കുന്ന പണത്തിന്റെ നിയമപരമായ ഇടപാടുകള്‍ ഇന്ത്യയില്‍ നടത്താന്‍ കഴിയൂ. വിദേശത്ത് സമ്പാദിക്കുന്ന പണം എന്‍ ആര്‍ ഇ അക്കൗണ്ട് വഴി നാട്ടിലേക്കയച്ചാല്‍ അതിന് നാട്ടില്‍ ഒരു രൂപ പോലും നികുതി നല്‍കേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല ഈ അക്കൗണ്ടിലെ നിക്ഷേപത്തിന് കിട്ടുന്ന പലിശയ്ക്കും, അതേപോലെ ഈ അക്കൗണ്ട് വഴി സ്ഥിര നിക്ഷേപം നടത്തുമ്പോള്‍ കിട്ടുന്ന പലിശയ്ക്കും ആദായ നികുതി , നല്‍കേണ്ടതില്ല.
ചുരുക്കത്തില്‍ തീര്‍ത്തും നികുതി രഹിതമായ അക്കൗണ്ടാണിത്. പ്രവാസികള്‍ക്കിടയില്‍ ഏറ്റവും ജനകീയമായതും, അടിസ്ഥാനപരവുമായ അക്കൗണ്ടാണ് എന്‍ ആര്‍ ഇ അക്കൗണ്ട്. പ്രവാസിയായ ഒരാള്‍ വിദേശത്ത് നിന്ന് സമ്പാദിക്കുന്ന എത്ര പണം ഈ അക്കൗണ്ടില്‍ നിക്ഷേപിച്ചാലും നാട്ടില്‍ നിന്ന് അത് പിന്‍വലിക്കുകയോ ഒക്കെ ചെയ്താല്‍ പോലും നികുതിയായി ഒരു പൈസ പോലും നല്‍കേണ്ടതില്ല.
പ്രവാസിയല്ലാത്ത ഒരാള്‍ നാട്ടില്‍ ഏതെങ്കിലും രീതിയിലുള്ള വരുമാനം ഉണ്ടാക്കിയാല്‍ അതിന് ആദായ നികുതി നല്‍കണം. എന്നാല്‍ ജോലി തേടിയും ബിസിനസ് ആവശ്യങ്ങള്‍ക്കുമെല്ലാം നാട് വിട്ടു പോകുന്ന പ്രവാസികള്‍ വിദേശത്ത് അധ്വാനിച്ചുണ്ടാക്കുന്ന പണം നാടിന്റെ പുരോഗതിക്ക് വേണ്ടി വലിയ രീതിയില്‍ മുതല്‍ക്കൂട്ടാകുന്നുണ്ടെന്നും ഇത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നും തിരിച്ചറിഞ്ഞുകൊണ്ട് തന്നെയാണ് എന്‍ ആര്‍ ഇ അക്കൗണ്ട് റിസര്‍വ്വ് ബാങ്കും കേന്ദ്ര സര്‍ക്കാറും പൂര്‍ണ്ണമായും നികുതി രഹിതമാക്കിയത്.
എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. വിദേശത്ത് നിന്ന് സമ്പാദിച്ച് ഈ അക്കൗണ്ട് വഴി കൈമാറ്റം ചെയ്യപ്പെടുന്ന പണത്തിന് മാത്രമേ നികുതി ഒഴിവാക്കിയിട്ടുള്ളൂ. ഇങ്ങനെയുള്ള പണത്തിന് ടി ഡി എസ്, ആദായ നികുതി, വെല്‍ത്ത് ടാക്‌സ് തുടങ്ങിയ നികുതികളൊന്നും തന്നെ നല്‍കേണ്ടതില്ല. എന്നാല്‍ വിദേശത്ത് നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് ഇന്ത്യയില്‍ ബിസിനസ് നടത്തുകയോ അല്ലെങ്കില്‍ നിക്ഷേപം നടത്തുകയോ ഒക്കെ ചെയ്ത് അതില്‍ നിന്ന് വരുമാനം ഉണ്ടാക്കിയാല്‍ അതിന് നികുതി നല്‍കണം. അങ്ങനെയുള്ള വരുമാനം എന്‍ ആര്‍ ഇ അക്കൗണ്ടില്‍ നിക്ഷേപിക്കാനുമാകില്ല. അതായത് എന്‍ ആര്‍ ഇ അക്കൗണ്ടില്‍ വിദേശ കറന്‍സി മാത്രമേ നിക്ഷേപിക്കാനാകൂ. ഇന്ത്യന്‍ രൂപ നിക്ഷേപിക്കാന്‍ കഴിയില്ല. നാട്ടില്‍ നിന്നുള്ള സമ്പാദ്യമോ വരുമാനമോ ഒന്നും ഒരു കാരണവശാലും എന്‍ ആര്‍ ഇ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ പാടില്ല. പൂര്‍ണ്ണമായും വിദേശത്ത് നിന്ന് സമ്പാദിക്കുന്ന പണം മാത്രമായിരിക്കണം ഈ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും കൈമാറ്റം നടത്തുകയും ചെയ്യേണ്ടത്. പ്രവാസിയായ ഒരാള്‍ക്ക് ഒറ്റയ്‌ക്കോ അല്ലെങ്കില്‍ മറ്റൊരു പ്രവാസിയുമായി ചേര്‍ന്ന് ജോയിന്റ് ആയോ എന്‍ ആര്‍ ഇ അക്കൗണ്ട് എടുക്കാം. എന്നാല്‍ ഒരു പ്രവാസിക്കും പ്രവാസിയല്ലാത്ത, നാട്ടിലുള്ള മറ്റാരെയെങ്കിലും കൂട്ടി ചേര്‍ത്ത് കൊണ്ട് ജോയിന്റ് അക്കൗണ്ട് എടുക്കാന്‍ സാധിക്കില്ല.എന്‍ ആര്‍ ഇ അക്കൗണ്ടിലെ പണം എവിടെ നിന്ന് പിന്‍വലിച്ചാലും അത് ഇന്ത്യന്‍ രൂപയുടെ മൂല്യത്തിന് അനുസരിച്ചുള്ള തുക മാത്രമേ ലഭിക്കൂ. അതായത് മൂല്യ ശോഷണവും മൂല്യത്തില്‍ ഉയര്‍ച്ചയുമൊക്കെ സംഭവിക്കാം.
എന്‍ ആര്‍ ഇ അക്കൗണ്ടില്‍ പണം എത്രകാലം സൂക്ഷിക്കുന്നതിനും പരിധിയൊന്നും ഇല്ല. എന്നാല്‍ പ്രവാസിയായ അക്കൗണ്ട് ഉടമ പ്രവാസ ജീവിതം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയാല്‍ മൂന്ന് മാസത്തിനുള്ളില്‍ ഇയാളുടെ പേരിലുള്ള എന്‍ ആര്‍ ഇ അക്കൗണ്ട് നാട്ടില്‍ റസിഡന്റ് അക്കൗണ്ടായി മാറ്റിയിരിക്കണം. അതായത് പ്രവാസം പൂര്‍ണ്ണമായും അവസാനിപ്പിച്ച് നാട്ടിലെത്തിയ ആള്‍ക്ക് മൂന്ന് മാസത്തില്‍ കൂടുതല്‍ എന്‍ ആര്‍ ഇ അക്കൗണ്ട് കൈവശം വെയ്ക്കാന്‍ പാടില്ലെന്നാണ് നിയമം. പ്രവാസ ജീവിതം മതിയാക്കി വരുന്നവര്‍ എന്‍ ആര്‍ ഇ അക്കൗണ്ടിലെ തുക നാട്ടിലെ സാധാരണ അക്കൗണ്ടിലേക്ക് മാറ്റുമ്പോള്‍ ആ തുകയ്ക്ക് ഒരു നികുതിയും ഇല്ല, എന്നാല്‍ സാധാരണ അക്കൗണ്ടിലേക്ക് മാറിയ ശേഷം പിന്നീട് ആ തുകയ്ക്ക് ലഭിക്കുന്ന പലിശയ്ക്ക് നികുതി നല്‍കണം. അതായത് പ്രവാസി സ്റ്റാറ്റസ് നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് അതില്‍ നിന്ന് കിട്ടുന്ന ആദായത്തിനെല്ലാം നികുതി കൊടുക്കണം എന്നര്‍ത്ഥം.
അപ്പോള്‍ മറ്റൊരു പ്രശ്‌നം ഉദിക്കുന്നുണ്ട്. പ്രവാസികളില്‍ പലര്‍ക്കും വിദേശ രാജ്യത്തു നിന്നുള്ള വരുമാനത്തിന് പുറമെ ചിലപ്പോള്‍ നാട്ടില്‍ നിന്നും കച്ചവടം വഴിയുള്ള വരുമാനമോ അല്ലെങ്കില്‍ നാട്ടിലെ നിക്ഷേപത്തില്‍ നിന്ന് പലിശയോ, കെട്ടിടത്തിനുള്ള വാടകയോ ഒക്കെയായി പല തരത്തില്‍ വിവിധ സ്രോതസുകളില്‍ നിന്ന് വരുമാനം ലഭിക്കാം. പ്രവാസി ആയത് കൊണ്ട് നാട്ടില്‍ സാധാരണയുള്ള മറ്റ് ബാങ്ക് അക്കൗണ്ടുകള്‍ ഒന്നും തുടങ്ങാനും കഴിയില്ല. അപ്പോള്‍ എന്തു ചെയ്യും? ഇത്തരത്തിലുള്ള പ്രവാസികള്‍ക്ക് തുടങ്ങാന്‍ റിസര്‍വ്വ് ബാങ്ക് അനുമതിയുള്ള അക്കൗണ്ടാണ് എന്‍ ആര്‍ ഒ അക്കൗണ്ട് (NRO Account) അഥവാ നോണ്‍ റസിഡന്റ് ഓര്‍ഡിനറി അക്കൗണ്ട്.
എന്‍ ആര്‍ ഒ അക്കൗണ്ട് (NRO Account) ആര്‍ക്കൊക്കെ തുടങ്ങാം, പ്രത്യേകതയെന്ത്?
പ്രവാസിയായ ആള്‍ക്ക് വിദേശത്ത് നിന്ന് ലഭിക്കുന്ന വരുമാനം എന്‍ ആര്‍ ഇ അക്കൗണ്ടില്‍ നിക്ഷേപിക്കാം. അതിന് യാതൊരു നികുതിയും നല്‍കേണ്ടതില്ല. എന്നാല്‍ പ്രവാസിയായ രൊള്‍ക്ക് ഇന്ത്യയില്‍ നിന്നും പല രീതിയില്‍ വരുമാനം ലഭിക്കുന്നുണ്ടാകും. അത് എന്‍ ആര്‍ ഇ (NRE Account) അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ കഴിയില്ല.
ഉദാഹരണത്തിന് വിദേശത്ത് ജോലിയെടുക്കുന്ന ഒരു വ്യക്തിക്ക് ചിലപ്പോള്‍ നാട്ടില്‍ നിന്ന് വീട്ടു വാടകയോ, കെട്ടിക വാടകയോ, നിക്ഷേപത്തില്‍ നിന്ന് അല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നോ നിന്നോഅതുമല്ലെങ്കില്‍ ബോണ്ടുകളില്‍ നിന്നോ ഒക്കെ വരുമാനം ലഭിക്കുന്നുണ്ടാകാം. ഈ വരുമാനം കൈകാര്യം ചെയ്യാനായി ഒരു എന്‍ ആര്‍ ഒ അക്കൗണ്ട് ( NRO Account) തുടങ്ങുകയാണ് വേണ്ടത്. വിദേശത്ത് നിന്ന് ലഭിക്കുന്ന വരുമാനവും വേണമെങ്കില്‍ ഇതില്‍ നിക്ഷേപിക്കാം. എന്നാല്‍ അങ്ങനെ ചെയ്യാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം എന്‍ ആര്‍ ഒ ( NRO ) അക്കൗണ്ടിലുള്ള പണത്തിന് കിട്ടുന്ന പലിശയക്ക് 30 ശതമാനം നികുതി ഈടാക്കും. . അതായത് അക്കൗണ്ടിലുള്ള പണത്തിന് പലിശയായി ആയിരം രൂപ ഉണ്ടെങ്കില്‍ മുപ്പത് ശതമാനം പിടിച്ച് 700 രൂപ മാത്രമേ അക്കൗണ്ട് ഉടമയ്ക്ക് കിട്ടു. വിദേശത്ത് നിന്നുള്ള പണം ഇതില്‍ ഇട്ടാലും അതിന് കിട്ടുന്ന പലിശയ്ക്ക് നികുതി നല്‍കേണ്ടി വരുമെന്ന ഏറ്റവും വലിയ ദോഷമുണ്ട്.
ചുരുക്കത്തില്‍ പ്രവാസികള്‍ വിദേശത്തു നിന്നുള്ള പണം നിക്ഷേപിക്കാനായി ഒരു എന്‍ ആര്‍ ഇ അക്കൗണ്ട് (NRE Account) തുടങ്ങുന്നതിനൊപ്പം തന്നെ നാട്ടില്‍ നിന്നുള്ള വരുമാനം നിക്ഷേപിക്കാനായി ഒരു എന്‍ ആര്‍ ഒ അക്കൗണ്ട് (NRO Account) കൂടി തുടങ്ങുന്നതാണ് നല്ലത്. അങ്ങനെയാകുമ്പോള്‍ വിദേശത്ത് നിന്നുള്ള വരുമാനത്തിന് പൂര്‍ണ്ണമായും നികുതി ഒഴിവാക്കാം. പ്രവാസിയല്ലാത്ത നാട്ടിലുള്ള ഒരാളുമായി ചേര്‍ന്ന് ജോയിന്റ് ആയും NRO അക്കൗണ്ട് എടുക്കാവുന്നതാണ്. ഒരാള്‍ പ്രവാസിയാകുന്നതിന് മുന്‍പ് ഇന്ത്യയില്‍ ഏതെങ്കിലും ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപമുണ്ടായിരുന്നെങ്കില്‍ അത് പ്രവാസിയായതിന് ശേഷം എന്‍ ആര്‍ ഒ അക്കൗണ്ടിലേക്ക് (NRO Account) മാത്രമേ മാറ്റാന്‍ സാധിക്കു. എന്‍ ആര്‍ ഇ ( NRE Account) അക്കൗണ്ടിലേക്ക് സാധ്യമല്ല. ഒരാള്‍ പ്രവാസിയാകുന്നതിന് മുന്‍പ് നാട്ടിലുണ്ടായിരുന്ന അക്കൗണ്ട് വളരെ എളുപ്പത്തില്‍ തന്നെ എന്‍ ആര്‍ ഒ ( NRO Account) അക്കൗണ്ടാക്കി മാറ്റാന്‍ കഴിയും. എന്‍ ആര്‍ ഒ അക്കൗണ്ടിന് മറ്റൊരു ന്യൂനതയുണ്ട്. ഈ അക്കൗണ്ടിലെ പണം പ്രവാസിക്ക് വിദേശത്ത് പിന്‍വലിക്കണമെങ്കില്‍ അതിന് ചില പരിമിതികളുണ്ട്. റിസര്‍വ്വ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള പരിധി വരെ മാത്രമേ ഈ പണം വിദേശത്ത് പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. അതിന് വ്യക്തമായ കാരണങ്ങളുണ്ടായിരിക്കണം എന്നതടക്കമുള്ള നൂലാമാലകളും ഉണ്ട്.
എഫ് സി എന്‍ ആര്‍ അക്കൗണ്ട് ( FCNR Account)
പ്രവാസിയായ ഒരാള്‍ക്ക് വിദേശ കറന്‍സിയില്‍ തന്നെ ആരംഭിക്കാവുന്ന അക്കൗണ്ടാണ് എഫ് സി എന്‍ ആര്‍ അക്കൗണ്ട്. (FCNR Account) പ്രവാസികള്‍ക്കുള്ള മറ്റ് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്ന പണം പിന്‍വലിക്കുമ്പോള്‍ അത് ഏത് കറന്‍സിയിലുള്ള നിക്ഷേപമായാലും ഇന്ത്യന്‍ രൂപയ്ക്ക് അനുസൃതമായ മൂല്യം മാത്രമേ പിന്‍വലിക്കുമ്പോള്‍ ലഭിക്കുകയുള്ളൂ. അതായത് മണി എക്‌സ്‌ചേഞ്ചിലുള്ള വ്യതിയാനം ഉണ്ടായിരിക്കും എന്നര്‍ത്ഥം. എന്നാല്‍ എഫ് സി എന്‍ ആര്‍ അക്കൗണ്ടില്‍ (FCNR Account) നിക്ഷേപിക്കുന്ന പണത്തിന് അത് നിക്ഷേപിച്ച കറന്‍സിയുടെ മൂല്യം തന്നെ ലഭിക്കും. വിപണിയിലുണ്ടാകുന്ന കറന്‍സിയുടെ വില വൃതിയാനമൊന്നും ഈ തുകയെ ബാധിക്കില്ല. എന്നാല്‍ ഇതിന്റെ ഏറ്റവും വലിയ പ്രശ്‌നം അമേരിക്കന്‍ ഡോളര്‍, ബ്രിട്ടീഷ് പൗണ്ട്, കനേഡിയന്‍ ഡോളര്‍, യൂറോ, സിങ്കപ്പൂര്‍ ഡോളര്‍, ജാപ്പാനീസ് യെന്‍, എന്നീ കറന്‍സികളില്‍ മാത്രമേ എഫ് സി എന്‍ ആര്‍ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളൂ
സ്ഥിര നിക്ഷേപമായി മാത്രമേ എഫ് സി എന്‍ ആര്‍ അക്കൗണ്ട് ( FCNR Account) തുടങ്ങാന്‍ കഴിയൂ. ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷവും പരമാവധി അഞ്ച് വര്‍ഷവും വരെയാണ് ബാങ്കുകള്‍ എഫ് സി എന്‍ ആര്‍ നിക്ഷേപം സ്വീകരിക്കുക. എല്ലാ മാസവും എഫ് സി എന്‍ ആര്‍ നിക്ഷേപങ്ങള്‍ക്ക് പലിശ മാറും. ഏറ്റവും ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും നിക്ഷേപം തുടരുന്നില്ലെങ്കില്‍ പലിശ കിട്ടില്ല. ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് അതിലുള്ള നിക്ഷേപം പിന്‍വലിച്ചാല്‍ ബാങ്കുകള്‍ നിശ്ചിത തുക പിഴ ഈടാക്കാറുണ്ട്. പ്രവാസിയായി തുടരുന്നത് വരെ നിക്ഷേപത്തിനോ അതില്‍ നിന്നുള്ള പലിശയ്‌ക്കോ നികുതി നല്‍കേണ്ടതില്ല. FCNR അക്കൗണ്ട് തുടങ്ങുന്നതിന് വ്യക്തമായ ചില നടപടിക്രമങ്ങളുണ്ട്. അത് പാലിച്ചാല്‍ മാത്രമേ അക്കൗണ്ട് തുടങ്ങാനാകൂ.
എങ്ങനെ അക്കൗണ്ട് തുടങ്ങാം
പ്രവാസികള്‍ക്ക് അവരുടെ താല്‍പര്യത്തിന് അനുസരിച്ചുള്ള അക്കൗണ്ടുകള്‍ തുടങ്ങുന്നതിന് എളുപ്പത്തില്‍ കഴിയും. ഏതെങ്കിലും ബാങ്കുകളില്‍ പോയി അവര്‍ ആവശ്യപ്പെടുന്ന രേഖകള്‍ ഹാജരാക്കിയാല്‍ മതി. മിക്ക പ്രധാന ബാങ്കുകള്‍ക്കും പ്രവാസികളുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക വിഭാഗം തന്നെയുണ്ട്. പ്രവാസികളുടെ അക്കൗണ്ടുകള്‍ പ്രവാസം മതിയാക്കി തിരിച്ചെത്തുമ്പോള്‍ സാധാരണ അക്കൗണ്ടുകളാക്കി മാറ്റുന്നതിനും എളുപ്പമാണ്.