പട്‌ന-ഛത്തീസ്ഗഡില്‍ ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിച്ച വയോധികയുടെ സ്വന്തം നാടായ ബിഹാറില്‍ എത്തിച്ചപ്പോള്‍ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നു.
ബെഗുസാരായിയിലെ നീമചന്ദ്പുര ഗ്രാമത്തില്‍ നിന്നുള്ള രാംവതി ദേവിയാണ് ഇപ്പോള്‍ ഐ.സി.യുവില്‍ സുഖം പ്രാപിച്ചുവരുന്നത്. രണ്ട് മക്കളായ മുരാരി ഷാവോ, ഘന്‍ശ്യാം ഷാവോ എന്നിവര്‍ക്കൊപ്പമാണ് അവര്‍ ഛത്തീസ്ഗഡിലേക്ക് പോയിരുന്നത്.
ഫെബ്രുവരി 11ന് ശ്വാസതടസ്സം അനുഭവപ്പെട്ട ദേവിയെ ഛത്തീസ്ഗഡിലെ കോര്‍വ ജില്ലയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ അവള്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
നാട്ടില്‍ തന്നെ സംസ്‌കരിക്കാന്‍ തീരുമാനിച്ച മക്കള്‍ മൃതദേഹം സ്വകാര്യ വാഹനത്തില്‍ ബെഗുസാരായിയിലേക്ക് കൊണ്ടുവരികയായിരുന്നു. 18 മണിക്കൂര്‍ യാത്രയ്ക്ക് ശേഷം ബീഹാറിലെ ഔറംഗബാദില്‍ എത്തിയപ്പോള്‍ പെട്ടെന്ന് രാംവതിക്ക് ബോധം വന്നു.
ആദ്യം ബന്ധുക്കള്‍ ഭയന്നുവെങ്കിലും അവര്‍ വാഹനം റോഡരികില്‍ നിര്‍ത്തി പരിശോധിച്ചു.
ജീവനോടെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ ബെഗുസാരായി സദര്‍ ആശുപത്രിയില്‍ എത്തിച്ചു, അവിടെ ഡോക്ടര്‍മാര്‍ വെന്റിലേറ്ററിലാക്കി.
റോഡുമാര്‍ഗം കൊണ്ടുവന്നതിനാല്‍ വാഹനത്തിന്റെ കുതിച്ചുചാട്ടം കാര്‍ഡിയോപള്‍മണറി റെസസിറ്റേഷന്‍ (സിപിആര്‍) ആയി പ്രവര്‍ത്തിച്ചിട്ടുണ്ടാകാമെന്നും അതാകാം ബോധം തിരിച്ചുകിട്ടാന്‍ കാരണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഐസിയുവില്‍ പ്രവേശിപ്പിച്ച ദേവി സുഖം പ്രാപിച്ചുവരികയാണ്.
ശ്വാസോച്ഛാസമോ ഹൃദയമിടിപ്പോ നിലച്ചിരിക്കുന്ന പല അടിയന്തര ഘട്ടങ്ങളിലും ജീവന്‍ രക്ഷിക്കുന്ന സാങ്കേതികതയാണ് സി.പി.ആര്‍.