പ്രയാഗ്‌രാജ്- ഉത്തര്‍പ്രദേശിലെ വാരാണസി ഗ്യാന്‍വാപി പള്ളിയിലെ നിലവറയില്‍ ഹിന്ദു പൂജ നടത്താന്‍ അനുമതി നല്‍കിയ വാരാണസി ജില്ലാ കോടതിയുടെ വിധി ചോദ്യം ചെയ്യുന്ന ഹര്‍ജി അലഹബാദ് ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മസ്ജിദ് പരിപാലിക്കുന്ന അഞ്ചുമന്‍ ഇന്‍തസാമിയ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാള്‍ ഉത്തരവ് മാറ്റിവെച്ചതായി കമ്മിറ്റിയുടെ അഭിഭാഷകന്‍ എസ്എഫ്എ നഖ്‌വി പറഞ്ഞു.
കേസിന്റെ വാദം പൂര്‍ത്തിയായെന്നും ഉത്തരവ് മാറ്റിവെച്ചിരിക്കയാണെന്നും നഖ്‌വി കൂട്ടിച്ചേര്‍ത്തു.
വാരാണസി ജില്ലാ കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച സുപ്രീം കോടതി ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മണിക്കൂറുകള്‍ക്കകം മസ്ജിദ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് ഹൈക്കോടതിയെ സമീപിച്ചു.
ഗ്യാന്‍വാപി പള്ളിയുടെ തെക്കന്‍ നിലവറയിലെ വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ ഒരു പുരോഹിതന് പ്രാര്‍ത്ഥന നടത്താമെന്ന് വാരണാസി ജില്ലാ കോടതി ജനുവരി 31 നാണ് ഉത്തരവിട്ടത്.