ലക്‌നൗ- ഉന്നാവോ പീഡന കേസിലെ പ്രധാന സാക്ഷി യൂനുസിന്റെ മരണകാരണം വിഷം അകത്ത് ചെന്നതല്ലെന്ന് പോസ്റ്റുമോർട്ടം റിപോർട്ട്. ഉന്നാവോയിൽ ബി.ജെ.പി എം.എൽ.എ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രധാന സാക്ഷിയായിരുന്ന യൂനുസ് ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനെട്ടിനാണ് മരിച്ചത്. പോസ്റ്റുമോർട്ടം നടത്താതെ യൂനുസിന്റെ മൃതദേഹം സംസ്‌കരിച്ചതിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് കുടുബത്തിന്റെ അനുമതിയില്ലാതെ തന്നെ ഓഗസ്റ്റ് 26-ന് മൃതേദഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുകയായിരുന്നു. തുടർന്നാണ് വിഷം അകത്തുചെന്നല്ല യൂനുസ് മരിച്ചത് എന്ന് പോലീസും ഡോക്ടർമാരും ഉറപ്പിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് 2013 മുതൽ തന്നെ യൂനുസ് ചികിത്സയിലാണ് എന്നാണ് കുടുംബം പറയുന്നത്. മരണത്തിൽ കുടുംബം സംശയം പ്രകടിപ്പിച്ചിട്ടില്ല. എന്നാൽ യൂനുസ് കൊല്ലപ്പെട്ടതാണെന്നും പോസ്റ്റുമോർട്ടം നടത്തണമെന്നുമായിരുന്നു അമ്മാവന്റെ ആവശ്യം. ഉന്നാവോയിൽ പീഡനത്തിനിരയായ പതിനേഴുകാരിയുടെ അച്ഛൻ പപ്പുസിംഗ് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചിരുന്നു. പപ്പു സിംഗിനെ ഉന്നാവോ ബലാത്സംഗ കേസിലെ പ്രതിയും യു.പി നിയമസഭാംഗവുമായ കുൽദീപ് സിംഗ് സെംഗാറിന്റെ സഹോദരൻ അതുൽ സിംഗ് മർദ്ദിക്കുന്നതിന് യൂനുസ് സാക്ഷിയായിരുന്നു. യൂനുസിന്റെ മരണത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കുന്നതിനും മറ്റും പോലീസ് കാണിച്ച തിടുക്കം സംശയത്തിനിടയാക്കിയിരുന്നു. മരണത്തിൽ സംശയമുണ്ടെന്നും മൃതേദഹം സംസ്‌കരിക്കുന്നതിൽ തിടുക്കം കാട്ടി എന്നുമായിരുന്നു രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. സംഭവം വിവാദമായതോയെ മൃതേദഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുകയായിരുന്നു.