ലഖ്‌നൗ - ഉത്തര്‍പ്രദേശില്‍ ചിത്രകൂടത്തിലെ ബുന്ദേല്‍ഖണ്ഡ് ഗൗരവ് മഹോത്സവത്തിലെ വെടിക്കെട്ടിനിടെയുണ്ടായ സ്‌ഫോടനത്തില്‍ നാല് കുട്ടികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. ഉത്സവത്തോടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഫോറന്‍സിക് സംഘവും ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രയാഗ്രാജ് സോണ്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഭാനു ഭാസ്‌കര്‍ പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണ സമിതിയെ നിയോഗിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.