ജിദ്ദ - സര്‍ക്കാര്‍ സ്കൂളുകളിലെ മുഴുവന്‍ സന്ദര്‍ശകര്‍ക്കും ദേശീയ വസ്ത്രം നിര്‍ബന്ധമാക്കുന്ന തീരുമാനം വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. സന്ദര്‍ശകരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കണമെന്നും മുഴുവന്‍ പേരുവിവരങ്ങളും രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. മുന്‍കൂട്ടി അനുമതി നേടാതെ ക്ലാസ് മുറികളിലും സ്കൂളുകളിലെ അനുബന്ധ സൗകര്യങ്ങളിലും സന്ദര്‍ശകര്‍ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്.
സന്ദര്‍ശകര്‍ സ്കൂളുകളില്‍ ഫോട്ടോകളെടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതും വിലക്കി. സ്കൂള്‍ സമയത്ത് വിദ്യാര്‍ഥികളെ വിടുന്നതിന് പ്രത്യേക വ്യവസ്ഥകള്‍ ബാധകമാണ്. സ്കൂള്‍ സമയത്ത് മകനെ കൂട്ടിക്കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന രക്ഷകര്‍ത്താവിന്റെ തിരിച്ചറിയല്‍ രേഖ പരിശോധിച്ച് ഉറപ്പുവരുത്തി പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തും.
സ്കൂള്‍ സന്ദര്‍ശിക്കാന്‍ പ്രാദേശിക സമൂഹത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ഇങ്ങിനെ സ്കൂള്‍ സന്ദര്‍ശിക്കാന്‍ പ്രാദേശിക സമൂഹം ആഗ്രഹിക്കുന്ന പക്ഷം സ്കൂള്‍ അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ട് സന്ദര്‍ശകരുടെ പേരുവിവരങ്ങള്‍ സമര്‍പ്പിക്കണം. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സുരക്ഷക്ക് സന്ദര്ശകന് ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ സഹായം തേടണമെന്നും വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു.