ന്യൂദല്‍ഹി - സമ്പത്ത് സ്വരൂപിക്കാനായി രാഷ്ട്രീയ പാര്‍ട്ടികളുടെ അക്ഷയ പാത്രമായി മാറിയ ഇലക്ടറല്‍ ബോണ്ട് സംവിധാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിയപരമായി സംഭാവന നല്‍കുന്നതിനുള്ള സംവിധാനമാണ് ഇലക്ട്രല്‍ ബോണ്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായ്, ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ് ഹര്‍ജികളില്‍ വിധി പറയുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേസില്‍ കോടതി വിധി പറയുന്നത്. ഇലക്ട്രല്‍ ബോണ്ടുകളിലെ രഹസ്യാത്മക സ്വഭാവം രാഷ്ട്രീയ ഫണ്ടിങ്ങിലെ സുതാര്യതയെ ബാധിക്കുകയും വോട്ടര്‍മാരുടെ വിവരാവകാശം ലംഘിക്കുകയും ചെയ്യുന്നുവെന്നാണ് ഹര്‍ജിക്കാരുടെ വാദം.
സി പി എം, ഡോ ജയ താക്കൂര്‍, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്നിവരാണ് ഹര്‍ജിക്കാര്‍. ഇലക്ട്രല്‍ബോണ്ട് പദ്ധതിയിലെ ഗുരുതരവൈകല്യങ്ങള്‍ പരിഹരിക്കുന്ന സംവിധാനം നടപ്പാക്കിക്കൂടെയന്ന് വാദത്തിനിടെ സുപ്രീം കോടതി നിരീക്ഷണം നടത്തിയിരുന്നു. സംഭാവനകള്‍ സ്വീകരിക്കാന്‍ കുറ്റമറ്റ സംവിധാനങ്ങള്‍ വേണമെന്നും ഇത് നിയമ നിര്‍മാണ സഭകളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്വമാണെന്നും ഇലക്ട്രല്‍ ബോണ്ട് സംഭാവനകളുടെ മുഴുവന്‍ വിശദാംശങ്ങളും മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെന്നും സംഭാവനകള്‍ സുതാര്യമാകണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. മൂന്നു ദിവസമാണ് സുപ്രീം കോടതി വാദം കേട്ടത്.