ഗുവാഹത്തി - അസമില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഉള്‍പ്പടെ രണ്ട് എം എല്‍ എമാര്‍ കൂറുമാറി ബി ജെ പി സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ചു. ഇതിന് പിന്നെ കൂടുതല്‍ എം എല്‍ എമാരെ വലവീശിപ്പിടിക്കാന്‍ ബി ജെ പി തയ്യാറെടുക്കുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്ക് പിന്നാലെയാണ് കൂറുമാറ്റം ഇതോടെ അസമിലെ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നില കൂടുതല്‍ പരുങ്ങലിലായി. പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റും നോര്‍ത്ത് കരിംഗഞ്ചില്‍ നിന്നുള്ള എം എല്‍ എയുമായ കമലാഖ്യദേ പുര്‍കയസ്ത ബുധനാഴ്ച തന്റെ സ്ഥാനം രാജിവച്ച് ബിജെപി സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ചു. പിന്നാലെ മംഗല്‍ദോയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ബസന്ത ദാസും ബിജെപി സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ചു.
നിലവിലെ സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയാണെന്നും അതുകൊണ്ടാണ് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതെന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ പാര്‍ട്ടിയില്‍ തുടരുമെന്നും പുര്‍കയസ്ത പറഞ്ഞു. എം എല്‍ എമാരുടെ തീരുമാനത്തെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, ഇത് സംസ്ഥാന സര്‍ക്കാരിനെ ശക്തിപ്പെടുത്തുമെന്നും വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും പറഞ്ഞു. പാര്‍ട്ടി സംസ്ഥാന ഘടകം പ്രസിഡന്റ് ഭൂപന്‍ കുമാര്‍ ബോറയ്ക്ക് അയച്ച കത്തില്‍ പുര്‍ക്കയസ്ത തന്റെ സ്ഥാനം രാജിവച്ചതായും എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗമായി തുടരുന്നതായും അറിയിച്ചു. അടുത്ത ദിവസങ്ങളില്‍, കൂടുതല്‍ കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ തന്റെ സര്‍ക്കാരിന് പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.