വാഗ്ദാനങ്ങൾ വാരിക്കോരി ഭരണമുന്നണി
ഹൈദരാബാദ്- തെലങ്കാനയിൽ നിയമസഭ നേരത്തെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തുമോ എന്ന അഭ്യൂഹം നിലനിൽക്കുന്നതിനിടെ പടുകൂറ്റൻ റാലി നടത്തി മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു. പ്രഗതി നിവേദന സഭ എന്ന പേരിൽ ഹൈദരാബാദിലെ രണ്ടായിരം ഏക്കർ വരുന്ന സ്ഥലത്ത് നടത്തിയ മന്ത്രിസഭ യോഗത്തിന് ശേഷമാണ് റാലി നടന്നത്. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുമെന്നും അതിന് പറ്റിയില്ലെങ്കിൽ നിയമസഭ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും ചന്ദ്രശേഖർ റാവു പറഞ്ഞു. നിങ്ങൾ ദൽഹിയുടെ അടിമയാകാനാണോ താൽപര്യപ്പെടുന്നതെന്ന് ചന്ദ്രശേഖർ റാവു ചോദിച്ചു. തമിഴ്‌നാട്ടിൽ അവിടെയുള്ള നേതാക്കൾ തന്നെയാണ് ഭരണം നടത്തുന്നത്. അതുപോലെ ആത്മാഭിമാനത്തോടെ തന്നെ നമ്മളും ഭരണം നടത്തും. ദൽഹി പാർട്ടികളുടെ ഇംഗിതത്തിനനുസരിച്ച് തുള്ളില്ല. തെലങ്കാനയുടെ താൽപര്യം സംരക്ഷിച്ചുള്ള ഭരണമായിരിക്കും നടത്തുക. അസംബ്ലി പിരിച്ചുവിടുന്നത് സംബന്ധിച്ച് ഉടൻ പ്രഖ്യാപനം നടത്തും. ടി.ആർ.എസ് വീണ്ടും അധികാരത്തിലെത്തിയാൽ എന്ത് ചെയ്യുമെന്ന് പ്രഖ്യാപിക്കുമെന്നും ചന്ദ്രശേഖർ റാവു പറഞ്ഞു. ബി.ജെ.പിയുമായി രഹസ്യബന്ധം പുലർത്തുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഇന്ന് കേന്ദ്രത്തിനെതിരെ ശക്തമായ താക്കീതുമായി ചന്ദ്രശേഖർ റാവു രംഗത്തെത്തിയത്. പ്രധാനമന്ത്രിയുമായി അടുപ്പിച്ച് നടത്തിയ രണ്ടു ചർച്ചകളും രാജ്യസഭ ഉപാധ്യക്ഷ സ്ഥാനത്തേക്ക് ബി.ജെ.പി സ്ഥാനാർഥിയെ പിന്തുണച്ചതും ബി.ജെ.പി-ടി.ആർ.എസ് സഖ്യം വന്നേക്കുമെന്ന അഭ്യൂഹത്തിന് ശക്തിപകരുകയും ചെയ്തു. കഴിഞ്ഞയാഴ്ച്ച ദൽഹിയിലെത്തിയ ചന്ദ്രശേഖർ റാവു പ്രധാനമന്ത്രി മോഡി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയതാണ് തെലങ്കാനയിൽ ബി.ജെ.പിയുമായി ടി.ആർ.എസ് സഖ്യമുണ്ടാക്കുമെന്ന വാർത്തയിൽ എണ്ണ പകർന്നത്. ഈ വർഷം അവസാനത്തോടെ തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നും ഇതിനായി ഒരുങ്ങിനിൽക്കണമെന്നും ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ പാർട്ടി അംഗങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. അടുത്ത വർഷം മെയ് 19 വരെ ടി.ആർ.എസ് സർക്കാറിന് കാലാവധിയുണ്ട്. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കൊപ്പം ചേരുന്നതിന് വേണ്ടിയാണ് ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പ് നേരത്തെ നടത്താൻ ടി.ആർ.എസ് ഒരുങ്ങുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തെലങ്കാന സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ഉത്തംകുമാർ റെഡ്ഢിയാണ് ഈ ആരോപണം ഉന്നയിച്ചത്.
തെലങ്കാന സംസ്ഥാനം രൂപീകരിച്ചിട്ട് ഇന്നലത്തേക്ക് നാലു വർഷം തികയുകയാണ്. ഭരണത്തിലിരിക്കുന്ന ടി.ആർ.എസിന്റെ പ്രോഗ്രസ് കാർഡും ഇന്നലത്തെ ചടങ്ങിൽ പുറത്തിറക്കി. കർഷകർക്ക് നിരവധി ആനുകൂല്യങ്ങളും സർക്കാർ പ്രഖ്യാപിച്ചു. ഓരോ സീസണിലും കർഷകർക്ക് ഏക്കറിന് നാലായിരം രൂപ വീതം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിൽ എത്തും. ഈ പദ്ധതിക്ക് വേണ്ടി 12,000 കോടി രൂപയാണ് അനുവദിച്ചത്. ആറായിരം കോടി ഇതോടകം വിതരണം ചെയ്തു. കഴിഞ്ഞ നാലുവർഷമായി രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാണ് തെലങ്കാനയെന്ന് ചന്ദ്രശേഖർ റാവു ആവർത്തിച്ചു. വികസനമെന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.