നിരവധി വായനക്കാർ മലയാളം ന്യൂസുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളിലൊന്നാണ് ബിസിനസ് വിസിറ്റ് വിസയിൽ സൗദിയിൽ എത്തിയ ആൾക്ക് ഈ വിസയെ റസിഡൻസ് വിസയാക്കി (ഇഖാമ) മാറ്റാനാവുമോ എന്നത്. ഇതിനുള്ള ഉത്തരം ഇതാണ്.
സൗദി അറേബ്യയുടെ എമിഗ്രേഷൻ നിയമപ്രകാരം വിസിറ്റ് വിസയെ റസിഡൻസ് പെർമിറ്റാക്കി (ഇഖാമ) മാറ്റാൻ കഴിയില്ല. കുടുംബ, ബിസിനസ് സന്ദർശന വിസയിലെത്തുന്നവർ അനുവദിക്കപ്പെട്ട സമയം കഴിഞ്ഞാൽ രാജ്യത്തുനിന്നു മടങ്ങുകയാണ് വേണ്ടത്. ഇത്തരം വിസകളെ സ്ഥിരതാമസ വിസയാക്കി മാറ്റുന്നതിന് നിലവിലെ നിയമം അനുസരിച്ച് സാധിക്കില്ല. അതുകൊണ്ട് സന്ദർശകരായി എത്തുന്നവർ നിയമം അനുസരിച്ച് സ്വന്തം രാജ്യത്തേക്ക് നിശ്ചിത സമയത്തിനകം മടങ്ങണം. അതല്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടി വരും. (പ്രത്യേക സാഹചര്യത്തിൽ ആഭ്യന്തര മന്ത്രാലയത്തിന് അവരുടെ ചട്ടപ്രകാരം വേണമെങ്കിൽ സന്ദർശന വിസയെ സ്ഥിരം താമസ വിസയാക്കി മാറ്റാം. ഇത് ആഭ്യന്തര മന്ത്രിയുടെ അധികാര പരിധിയിൽ വരുന്ന കാര്യമാണ്).
ചോദ്യം: പുതിയ നിയപ്രകാരം ഇഖാമ മൂന്നു മാസത്തേക്ക് പുതുക്കാമല്ലോ. അങ്ങനെ പുതുക്കുമ്പോൾ ആശ്രിതരായുള്ള കുടുംബാംഗങ്ങളുടെ വിസയും മൂന്നു മാസത്തേക്കാണോ പുതുക്കുക, അതിന് മൂന്നു മാസത്തെ ലെവി അടച്ചാൽ മതിയാകുമോ?
ഉത്തരം: സൗദിയിൽ ജോലി ചെയ്യുന്നവരുടെ ഇഖാമയുടെ കാലാവധി അനുസരിച്ചായിരിക്കും ആശ്രിതരുടെയും ഇഖാമയുടെ കാലാവധി. അപ്പോൾ മൂന്നു മാസത്തേക്കാണ് ഇഖാമ പുതുക്കുന്നതെങ്കിൽ ആശ്രിത വിസയിലുള്ള കുടുംബാംഗങ്ങളുടെയും ഇഖാമ മൂന്നു മാസത്തേക്കായിരിക്കും പുതുക്കാനാവുക. അങ്ങനെ വരുമ്പോൾ ലെവിയായി മൂന്നു മാസത്തെ തുകയാണ് അടക്കേണ്ടത്. ആശ്രിതരായി കഴിയുന്ന ഓരോരുത്തർക്കും നിലവിൽ പ്രതിമാസം 400 റിയാലാണ് ലെവിയായി നൽകേണ്ടത്. എത്ര മാസത്തേക്കാണോ ഇഖാമ പുതുക്കാൻ ഉദ്ദേശിക്കുന്നത് അത്രയും മാസത്തേക്കുള്ള ലെവി ബാങ്ക് വഴി അടച്ച ശേഷമായിരിക്കണം സ്‌പോൺസർ വഴി ഇവിടെ ജോലി ചെയ്യുന്നവർ ഇഖാമ പുതുക്കേണ്ടത്.