ഹൈദരാബാദ്- രംഗറെഡ്ഡി ജില്ലയിലെ ജന്‍വാഡ ഗ്രാമത്തിലെ മെത്തഡിസ്റ്റ് കൃസ്ത്യന്‍ പള്ളിക്ക് സമീപം രണ്ട് വിഭാഗം തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു.
റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായവ്യത്യാസമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. റോഡിന്റെ വിപുലീകരണമാണ് നാട്ടുകാരുടെ ആവശ്യം. ഇതിന് പള്ളി പൊളിക്കണം. ഈ നിര്‍ദ്ദേശത്തെ സഭാംഗങ്ങള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഒരു സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു.
സംഘര്‍ഷത്തില്‍ പള്ളിയിലെ 11 അംഗങ്ങള്‍ക്കും മൂന്ന് പ്രദേശവാസികള്‍ക്കും പരിക്കേറ്റു.
ആക്രമണത്തില്‍ പള്ളിക്ക് കേടുപാടുകള്‍ സംഭവിച്ചു. വഴിയില്‍ നിന്ന സ്ത്രീകളെയും അക്രമികള്‍ ആക്രമിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരാണ് തങ്ങളെ ലക്ഷ്യമിട്ടതെന്ന് ഇരകള്‍ പറഞ്ഞു.
'റോഡ് വീതി കൂട്ടുന്ന വിഷയം വര്‍ഷങ്ങളായി തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നു, കാരണം സഭ ഈ നിര്‍ദ്ദേശത്തെ എതിര്‍ക്കുന്നു- ഒരു സഭാംഗം പ്രാദേശിക വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പ്രവര്‍ത്തകര്‍ എത്തിയതോടെ എതിര്‍കക്ഷികള്‍ തമ്മില്‍ വന്‍ വാക്കേറ്റമുണ്ടായി. 'ഒരു കൂട്ടം ആളുകള്‍ പള്ളി അംഗങ്ങളെ ആക്രമിക്കുകയും പരിസരം നശിപ്പിക്കുകയും ചെയ്തു,' അദ്ദേഹം ആരോപിച്ചു.