ചണ്ഡിഗഢ് - ദല്‍ഹി ചലോ മാര്‍ച്ചിനു നേരെയുള്ള പോലീസ് നടപടിയില്‍ പരുക്കേറ്റ കര്‍ഷകനെ ആശ്വസിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അംബാലക്കടുത്ത് ശംഭു അതിര്‍ത്തിയില്‍ പരുക്കേറ്റ കര്‍ഷകനോടാണ് രാഹുല്‍ മൊബൈല്‍ ഫോണിലൂടെ സംസാരിച്ചത്. വിഷമിക്കരുത്, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. രാജ്യത്തിന് ഏറെ പ്രധാനപ്പെട്ട ആവശ്യമുന്നയിച്ചാണ് നിങ്ങള്‍ പൊരുതുന്നത്. നിങ്ങള്‍ മുമ്പും ഇപ്പോഴും രാജ്യത്തിനു വേണ്ടിയാണ് പ്രയത്‌നിക്കുന്നതെന്നും രാഹുല്‍ കര്‍ഷകനോട് പറഞ്ഞു.
പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജാ വാറിങ് ആശുപത്രിയിലെത്തി കര്‍ഷകനുമായി സംസാരിച്ചിരുന്നു. അദ്ദേഹമാണ് രാഹുല്‍ ഗാന്ധിയുമായി സംസാരിക്കാന്‍ കര്‍ഷകര്‍ക്ക് അവസരം ഒരുക്കിയത്.
ഹരിയാന അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച കര്‍ഷകരെ പോലീസ് ബലം പ്രയോഗിച്ച് തടഞ്ഞിരുന്നു. ജലപീരങ്കിയും കണ്ണീര്‍വാതകവും പോലീസ് പ്രയോഗിച്ചു. കൈയ്ക്കും കണ്ണിനും പരുക്കേറ്റതിനെത്തുടര്‍ന്നാണ് കര്‍ഷകരെ രാജ്പുരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.