Sorry, you need to enable JavaScript to visit this website.

സ്മാര്‍ട്ട് ഫോണുകളില്‍ എഐ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം, മുന്നറിയിപ്പുമായി ഗൂഗിള്‍

ലോസാഞ്ചലസ്- സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുകളിലെ എഐ ആപ്പ് ഉപയോഗവുമായി ബന്ധപ്പെട്ട സുരക്ഷാ, സ്വകാര്യത അപകടസാധ്യതകള്‍ സംബന്ധിച്ച് എല്ലാ ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ക്കും മുന്നറിയിപ്പുമായി ഗൂഗിള്‍. ഗൂഗിളിന്റെ 'ജെമിനി' എന്ന എഐ മോഡല്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പ്. ജെമിനി ആപ്പുകളിലെ ആക്റ്റിവിറ്റിക്കിടയില്‍ രഹസ്യ വിവരങ്ങള്‍ നല്‍കരുതെന്നാണ് ഇതില്‍ പറയുന്നത്.
സൂപ്പര്‍ചാര്‍ജ് ചെയ്ത ഗൂഗിള്‍ അസിസ്റ്റന്റിന് സമാനമാണ് ജെമിനി ആപ്പുകള്‍. രഹസ്യാത്മക വിവരങ്ങളോ പങ്കുവയ്ക്കാന്‍ ആഗ്രഹമില്ലാത്ത ഡേറ്റയോ ഒരിക്കലും നല്‍കരുത്. ഏതെങ്കിലും സംഭാഷണത്തില്‍ ഒരു തവണ ഒരു വിവരം കൈമാറിക്കഴിഞ്ഞാല്‍, ജെമിനി ആപ്പ് ആക്റ്റിവിറ്റി ഇല്ലാതാക്കിയാലും ഒരു നിശ്ചിത കാലയളവിലേക്ക് അവ നീക്കം ചെയ്യപ്പെടില്ലെന്ന് ഗൂഗിള്‍ പറയുന്നു. ഉപയോക്താവിന്റെ ഗൂഗിള്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചല്ല, മറിച്ച് സംഭാഷണങ്ങള്‍ വെവ്വേറെയായാണ് ഈ ഡേറ്റ സ്‌റ്റോര്‍ ചെയ്യപ്പെടുന്നത്. കൂടാതെ, രഹസ്യാത്മക വിവരങ്ങള്‍ ഉള്‍പ്പെടുന്ന സംഭാഷണങ്ങള്‍ 3 വര്‍ഷം വരെ ഡിലീറ്റ് ചെയ്യപ്പെടാതെ കിടക്കുമെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്നു.
ജെമിനി ആപ്‌സ് ആക്റ്റിവിറ്റിയില്‍ നിന്നു സൈന്‍ ഔട്ട് ചെയ്താലും ഉപയോക്താവിന്റെ സംഭാഷണം അവരുടെ അക്കൗണ്ടില്‍ 72 മണിക്കൂര്‍ വരെ സേവ് ചെയ്യപ്പെടും. ഇതിലൂടെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഫീഡ്ബാക്കും ജെമിനി ആപ്പിനു പ്രോസസ് ചെയ്യാനും അനുവദിക്കുന്നുണ്ട്. എന്നാല്‍, ഉപയോക്താവ് ആഗ്രഹിക്കുന്നില്ലെങ്കില്‍ പോലും വോയ്‌സ് ആക്റ്റിവേഷന്‍ ഉപയോഗിച്ച് ജെമിനി ആക്റ്റീവ് ആകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. അതായത് 'ഹേയ് ഗൂഗിള്‍' എന്ന് തോന്നിക്കുന്ന ശബ്ദം കേട്ടാല്‍ ഇതു തനിയേ ആക്റ്റീവ് ആകും.
8 വര്‍ഷമായി ഗൂഗിള്‍ നടത്തി വരുന്ന എഐ ഗവേഷണത്തിന്റെ പരിസമാപ്തിയാണ് ജെമിനിയെന്ന് ഗൂഗിള്‍ തലവന്‍ സുന്ദര്‍ പിച്ചൈ പറഞ്ഞു. അള്‍ട്രാ, പ്രോ, നാനോ എന്നീ 3 മോഡുകളില്‍ ജെമിനി എഐ ലഭ്യമാകും. ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടിയോട് മത്സരിക്കാന്‍ ഉറച്ചാണ് ഗൂഗിള്‍ ജെമിനി എഐ അവതരിപ്പിച്ചതെന്നാണ് ടെക് ടെക് ഭീമന്മാര്‍ വിലയിരുത്തുന്നത്.

 

Latest News