കല്പറ്റ- പടിഞ്ഞാറത്തറ ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം കേന്ദ്രത്തില്‍ തൊഴിലാളി സമരം 10 ദിവസം പിന്നിട്ടു. സമരം തുടങ്ങിയതു മുതല്‍ ടൂറിസം കേന്ദ്രം അടച്ചിട്ടിരിക്കയാണ്. ഇത് കേന്ദ്രത്തെ നേരിട്ടും അല്ലാതെയും ഉപജീവനത്തിനു ആശ്രയിക്കുന്നവരെ ഗതികേടിലാക്കി.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സി. ഐ. ടി. യു നേതൃത്വത്തിലാണ് തൊഴിലാളി സമരം. പ്രശ്നപരിഹാരത്തിന് തൊഴിലാളികളുടെ പ്രതിനിധികളുമായി ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നെങ്കിലും തീരുമാനമായില്ല.
പത്താം ദിവസത്തെ സമരം ജനതാദള്‍ എസ് ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
വകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവരുടെ താത്പര്യങ്ങളാണ് സമരം അനിശ്ചിതമായി നീളുന്നതിനു കാരണമെന്ന് അദ്ദേഹം ആരോപിച്ചു. എന്‍. രൂപേഷ് അധ്യക്ഷത വഹിച്ചു. സമരസമിതി കണ്‍വീനര്‍ എന്‍. ടി. അനില്‍കുമാര്‍, എന്‍. ടി. രതീഷ്, പി. കെ. കുട്ടപ്പന്, പുത്തൂര്‍ ഉമ്മര്‍ എന്നിവര്‍ പ്രസംഗിച്ചു.