ഉഡുപ്പി- കര്‍ണാടകയില്‍ മാതാവു മക്കളുമടക്കം ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 15 വാല്യങ്ങളിലായി 2,250 പേജുകളുള്ള കുറ്റപത്രമാണ് ഉഡുപ്പി ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചത്.
2023 നവംബര്‍ 12 നാണ് ഉഡുപ്പി മല്‍പെ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നെജാരു തൃപ്തി ലേഔട്ടില്‍ സൗദി പ്രവാസിയുടെ വീട്ടില്‍ കൂട്ടക്കൊല നടന്നത്. എയര്‍ ഇന്ത്യ കാബിന്‍ ജീവനക്കാരനായ പ്രവീണ്‍ അരുണ്‍ ചൗഗാലെ (39) എയര്‍ ഇന്ത്യ വിമാനത്തില്‍ എയര്‍ ഹോസ്റ്റസായിരുന്ന ഐനാസി(21)നെയും കുടുംബത്തെയും കുത്തിക്കൊല്ലുകയായിരുന്നു. ഐനാസിന്റെ മാതാവും സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പന്‍കട്ടയിലെ നൂര്‍ മുഹമ്മദിന്റെ ഭാര്യയുമായ ഹസീന (46), സഹോദരി അഫ്‌നാന്‍ (23), സഹോദരന്‍ അസീം (12) എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍.
സി.സി.ടി.വി ദൃശ്യങ്ങള്‍, ഫോണ്‍ കോളുകള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ തുടങ്ങി പ്രതിക്കെതിരെ 300 തെളിവുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെയും അയല്‍വാസികളുടെയും പൊതുജനങ്ങളുടെയും മൊഴിയും രേഖപ്പെടുത്തി.
പ്രതി പ്രവീണ്‍ അരുണ്‍ ചൗഗാലെയും ഐനാസും സുഹൃത്തുക്കളായിരുന്നു. ഐനാസ് ഇയാളില്‍നിന്ന് അകലം പാലിക്കാന്‍ തുടങ്ങിയതിലുള്ള പകയാണ് കൂട്ടക്കൊലപാതകത്തില്‍ കലാശിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പ്രതി നിലവില്‍ ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്.
നേരത്തെ മഹാരാഷ്ട്ര പോലീസ് സേനയിലും ഇയാള്‍ ജോലി ചെയ്തിരുന്നു.
നവംബര്‍ 12ന് ഞായറാഴ്ച രാവിലെ 8.30നും ഒമ്പതിനും ഇടയിലായിരുന്നു കൊലാപതകം. ഐനാസിനോടുള്ള പകവീട്ടാനാണ് കൊല നടത്തിയതെന്നും തടയാന്‍ ശ്രമിച്ചപ്പോള്‍ മറ്റുള്ളവരേയും അപായപ്പെടുത്തേണ്ടിവന്നുവെന്നും അരുണ്‍ പറഞ്ഞതായി ഉഡുപ്പി ജില്ല പോലീസ് സൂപ്രണ്ട് ഡോ. കെ. അരുണ്‍ കുമാര്‍ വെളിപ്പെടുത്തിയിരുന്നു.