കയ്‌റോ - ഈജിപ്തില്‍ കയ്‌റോ-അലക്‌സാണ്ട്രിയ മരുഭൂ എക്‌സ്പ്രസ്‌വേയില്‍ അല്‍ആമിരിയയില്‍ ഏതാനും വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ മരണപ്പെടുകയും ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫിഷറീസ് മേല്‍പാലത്തിനും ഫ്രീസോണിനും സമീപമാണ് അപകടം. പരിക്കേറ്റവരെ അല്‍ആമിരിയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ അലക്‌സാണ്ട്രിയയിലെ വിവിധ മോര്‍ച്ചറികൡലേക്ക് മാറ്റി.
ലോഡ് കയറ്റിയ ട്രെയിലര്‍ നിയന്ത്രണം വിട്ട് രണ്ടു വാനുകളിലും മൂന്നു കാറുകളിലും കൂട്ടിയിടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതില്‍ ഒരു വാഹനം നിയന്ത്രണം വിട്ട് മറിയുകയും മറ്റൊരു കാര്‍ കത്തിനശിക്കുകയും ചെയ്തു. അപകടത്തില്‍ നിശ്ശേഷം തകര്‍ന്ന വാനുകളില്‍ ഒന്നിലെ മുഴുവന്‍ യാത്രക്കാരും മരണപ്പെട്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.