ന്യുദല്‍ഹി- മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള പ്രണബ് മുഖര്‍ജി ഫൗണ്ടേഷനും ആര്‍.എസ്.എസും കൈകോര്‍ത്ത് ഹരിയാനയില്‍ വിവിധ സാമൂഹിക പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നുവെന്ന റിപോര്‍ട്ടുകള്‍ക്കു പിന്നാലെ ഞായറാഴ്ച പ്രണബ് ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഉല്‍ഘാടന ചടങ്ങില്‍ സംബന്ധിച്ചത് പുതിയ വിവാദത്തിന് തിരികൊളുത്തി. ആര്‍.എസ്.എസ് പ്രചാരകും മുഖ്യമന്ത്രിയുമായ മനോഹര്‍ ലാല്‍ ഘട്ടര്‍ അടക്കം നിരവധി മുതിര്‍ന്ന ആര്‍.എസ്.എസ് നേതാക്കള്‍ പങ്കെടുത്ത പരിപാടിയിലാണ് പ്രണബ് പ്രത്യക്ഷപ്പെട്ടത്. ആര്‍.എസ്.എസുമായി കൈകോര്‍ത്ത് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുവെന്ന റിപോര്‍ട്ടുകളെ രണ്ടു ദിവസം മുമ്പ് പ്രണബ് മുഖര്‍ജി ഫൗണ്ടേഷന്‍ പൂര്‍ണമായും തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഹരിയാന സര്‍ക്കാരിന്റെ സ്മാര്‍ട്ട്ഗ്രാം പദ്ധതിയുടെ പരിപാടിയില്‍ പ്രണബ് പങ്കെടുത്തത്. ഈ പദ്ധതിയുടെ ഭാഗമായി പ്രണബ് 2016-ല്‍ ഹരിയാനയിലെ അലിപൂര്‍, ദൗല, ഹര്‍ചന്ദ്പൂര്‍, താജ്പൂര്‍, റോസ് കാ മിയോ എന്നീ ഗ്രാമങ്ങളെ ദത്തെടുത്തിരുന്നു. ഗ്രാമീണ മേഖലയില്‍ കാര്യക്ഷമമായ അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമിടുന്ന പദ്ധതിയാണിത്.
ഊഹാപോഹങ്ങള്‍ പ്രചരിച്ചതിനെ തുടന്ന് ഏതെങ്കിലും പദ്ധതിയുമായി ബന്ധപ്പെട്ട് നിലവില്‍ ആര്‍.എസ്.എസുമായി സഹകരിക്കുന്നില്ലെന്നും ഭാവിയില്‍ ഇതിനു പരിപാടിയില്ലെന്നും പ്രണബ് മുഖര്‍ജി ഫൗണ്ടേഷന്‍ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. ഹരിയാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചാണ് ഗുഡ്ഗാവിലെ പരിപാടിയില്‍ പങ്കെടുക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് തുടങ്ങിയ വിവിധ പദ്ധതികളുടെ ഉല്‍ഘാടനമാണിതെന്നും പ്രണബിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു.
Statement issued by my Office today. #CitizenMukherjee pic.twitter.com/7wl92vhJSx
— Pranab Mukherjee (@CitiznMukherjee) August 31, 2018
ജൂണില്‍ ആര്‍.എസ്.എസ് ആസ്ഥാനമായി നാഗ്പൂരില്‍ നടന്ന സമ്മേളനത്തില്‍ പ്രണബ് പങ്കെടുത്തത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഇതിനെതിരെ മകള്‍ ശര്‍മിഷ്ടയടക്കം പല കോണ്‍ഗ്രസ് നേതാക്കളും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും രംഗത്തുവരികയും ചെയ്തിരുന്നു.