ലാഹോർ- പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പാകിസ്ഥാൻ മുസ്ലീം ലീഗ്(നവാസ്) പാർട്ടി അധ്യക്ഷനും മൂന്ന് തവണ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫിന് പകരം അദ്ദേഹത്തിന്റെ സഹോദരനും പ്രസിഡന്റുമായ ഷെഹ്ബാസ് ഷെരീഫിനെ നാമനിർദ്ദേശം ചെയ്തു.
പി.എം.എൽ.എൻ തലവൻ നവാസ് ഷെരീഫ് (74) തന്റെ ഇളയ സഹോദരൻ ഷെഹ്ബാസ് ഷെരീഫിനെ (72) പ്രധാനമന്ത്രി സ്ഥാനത്തേക്കും മകൾ മറിയം നവാസിനെ (50) പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്കും നോമിനേറ്റ് ചെയ്തതായി പാകിസ്ഥാൻ മുസ്ലീം ലീഗ് നവാസ് വക്താവ് മറിയം ഔറംഗസേബ് പറഞ്ഞു. വരാനിരിക്കുന്ന സർക്കാർ രൂപീകരിക്കുന്നതിന് തന്റെ പാർട്ടിക്ക് പിന്തുണ നൽകിയ രാഷ്ട്രീയ പാർട്ടികൾക്ക് നവാസ് ഷെരീഫ് നന്ദി പറഞ്ഞു. അത്തരം തീരുമാനങ്ങളിലൂടെ പാകിസ്ഥാൻ പ്രതിസന്ധികളിൽനിന്ന് കരകയറുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.
പുതിയ ഗവൺമെന്റിന്റെ ഭാഗമാകാതെ തന്റെ പാർട്ടി മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെ പിന്തുണക്കുമെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പി.പി.പി) ചെയർമാൻ ബിലാവൽ ഭൂട്ടോസർദാരി പ്രഖ്യാപിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ഈ സംഭവവികാസം. ജയിലിൽ കിടക്കുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥികൾ പാർലമെന്റിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയെങ്കിലും രാജ്യത്ത് അനിശ്ചിതത്വം തുടരുകയാണ്. പാകിസ്ഥാൻ സൈന്യത്തിന്റെ പിന്തുണ നവാസ് ഷരീഫിനാണ്.