ലഖ്‌നൗ - കുറ്റാന്വേഷണ രംഗത്ത് 'ലേഡി ലയൺ' എന്ന് വിശേഷിപ്പിക്കപ്പെട്ട വനിതാ പോലീസ് ഉദ്യോഗസ്ഥയും വിവാഹ തട്ടിപ്പിന് ഇരയായതായി പരാതി. ഐ.പി.എസ് 2012 ബാച്ചിലെ ഉദ്യോഗസ്ഥയും ഉത്തർ പ്രദേശിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമായ ശ്രേഷ്ഠ ഠാക്കൂർ ആണ് വ്യാജ വിവാഹ പരസ്യത്തിലൂടെ വഞ്ചിക്കപ്പെട്ടെന്ന പരാതിയുമായി രംഗത്തെത്തിയത്. 2008 ബാച്ചിലെ ഐ.ആർ.എസ് ഉദ്യോഗസ്ഥനെന്ന് പരാജയപ്പെടുത്തി തന്നെ വിവാഹം കഴിച്ച രോഹിത് രാജിനെതിരേയാണിവർ പരാതി നൽകിയത്.
മാട്രിമോണിയൽ സൈറ്റ് വഴി ഐ.ആർ.എസ് ഉദ്യോഗസ്ഥനെന്ന് വ്യാജമായി പരിചയപ്പെടുത്തിയായിരുന്നു രോഹിത്, നിരവധി കുറ്റാന്വേഷണ കേസുകൾക്ക് തുമ്പുണ്ടാക്കിയ വനിതാ സിംഹത്തിന് മിന്നുകെട്ടിയത്. 2018-ൽ റാഞ്ചിയിലെ ഡെപ്യൂട്ടി കമ്മിഷണറാണെന്നു പരിചയപ്പെടുത്തിയാണ് രോഹിത് രാജ് ഇവരെ വിവാഹം കഴിച്ചത്. എന്നാൽ, വിവാഹം നടന്ന് കുറച്ചു കഴിഞ്ഞതിന് പിന്നാലെയാണ് ഇയാൾ ഐ.ആർ.എസ് ഉദ്യോഗസ്ഥനല്ലെന്ന വിവരം വനിതാ പോലീസ് സിംഹം അറിഞ്ഞത്.
വഞ്ചിക്കപ്പെട്ടെന്ന് ബോധ്യമായെങ്കിലും മറ്റ് നിയമവഴികളിലേക്ക് നീങ്ങാതെ വനിതാ പോലീസ് ഇയാളുമായുള്ള വിവാഹബന്ധം വേർപ്പെടുത്താതെ മുന്നോട്ടു പോകുകയായിരുന്നു. ബന്ധത്തിൽ ഒരു കുഞ്ഞുമുണ്ടായി, അതിനിടെ, രോഹിത് വേറെ വിവാഹബന്ധത്തിലും ഏർപ്പെട്ടു. തന്റെ പദവി ദുരുപയോഗം ചെയ്ത് രോഹിത് രാജ് മറ്റ് പലരേയും കബളിപ്പിക്കാനും തുടങ്ങിയതോടെ നിവൃത്തിയില്ലാതെ ശ്രേഷ്ഠ ഠാക്കൂർ വിവാഹ മോചന ഹരജി ഫയൽ ചെയ്യുകയാണുണ്ടായത്. തന്നിൽനിന്ന് പ്രതിയും അദ്ദേഹത്തിന്റെ കുടുംബവും 15 ലക്ഷം രൂപ തട്ടിയെടുത്തതായും ഐ.പി.എസ് ഓഫീസറുടെ പരാതിയിലുണ്ട്. മറ്റു പല വഞ്ചനാ കേസുകളിലും പ്രതിയായതോടെ രോഹിതിനെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.