ഇസ്ലാമാബാദ്- പാക്കിസ്ഥാനിൽ പുതിയ സർക്കാർ രൂപീകരിക്കാനുള്ള കരുക്കളുമായി പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫും(പിടിഐ), പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയും(പിപിപി) രംഗത്ത്. പാകിസ്ഥാൻ പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷമാണ് നീക്കം. ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകളുമായി പി.ടി.ഐ കൈ കോർക്കുമ്പോൾ പി.പി.പി പാകിസ്ഥാൻ മുസ്ലീം ലീഗിനെ(നവാസ്) (പിഎംഎൽഎൻ) പി.പി.പി പിന്തുണക്കും.
ന്യൂനപക്ഷ പാർട്ടിയായ മജ്‌ലിസ് ഇ വഹ്ദത്ത്മുസ്ലിമീൻ (എംഡബ്ല്യുഎം) യുമായി സഖ്യമുണ്ടാക്കി പഞ്ചാബ് പ്രവിശ്യയിൽ സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുമെന്ന് പി.ടി.ഐ നേതൃത്വം പ്രഖ്യാപിച്ചു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ തങ്ങളുടെ സ്ഥാനാർത്ഥികൾ സർക്കാർ രൂപീകരിക്കാൻ ജമാഅത്തെ ഇസ്ലാമിയുമായി (ജെഐ) സഖ്യമുണ്ടാക്കുമെന്നും പാർട്ടി അറിയിച്ചു.
ദേശീയ അസംബ്ലിയിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം നേടാനായിട്ടില്ല. ജയിലിലായ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പിടിഐയുമായി ബന്ധമുള്ള സ്വതന്ത്ര സ്ഥാനാർത്ഥികളാണ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത്. എന്നാൽ സർക്കാർ രൂപീകരിക്കാൻ അവർക്കും പിന്തുണ ആവശ്യമുണ്ട്.
പി.പി.പി, പി.എം.എൽ.എൻ, എം.ക്യു.എം ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളെയും സമീപിക്കാൻ ഇമ്രാൻ ഖാൻ തനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പിടിഐ വക്താവ് റഊഫ് ഹസൻ പറഞ്ഞു.