Sorry, you need to enable JavaScript to visit this website.

വിറച്ചോ ബി.ജെ.പി, ചണ്ഡീഗഡിൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ച പ്രിസൈഡിംഗ് ഓഫീസറെ നീക്കി

ന്യൂദൽഹി- ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറുകൾ കീറി വോട്ടുകൾ അസാധുവാക്കിയ സംഭവത്തിൽ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം നേരിടേണ്ടി വന്ന പ്രിസൈഡിംഗ് ഓഫീസർ അനിൽ മസിഹിനെ ബി.ജെ.പി ന്യൂനപക്ഷ സെല്ലിൽനിന്ന് ഒഴിവാക്കി. ബി.ജെ.പിക്ക് വേണ്ടി ബാലറ്റ് പേപ്പർ വൃത്തികേടാക്കിയ അനിൽ മസിഹ് ബി.ജെ.പിയുടെ ചണ്ഡീഗഡ് ഘടകം ന്യൂനപക്ഷ സെല്ലിൽ അംഗമായിരുന്നു. ജനാധിപത്യത്തെ കൊലപ്പെടുത്താൻ അനുവദിക്കില്ലെന്നും ഫെബ്രുവരി 19ന് നോമിനേറ്റഡ് കൗൺസിലറായ മസിഹ് സുപ്രീം കോടതി മുമ്പാകെ ഹാജരാകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. 

2021 മുതൽ ചണ്ഡീഗഢ് ബിജെപിയുടെ ന്യൂനപക്ഷ സെല്ലിന്റെ ജനറൽ സെക്രട്ടറിയായിരുന്നു മസിഹ്. ബിജെപിയുടെ നിർദ്ദേശപ്രകാരം ബാലറ്റ് പേപ്പറുകൾ മസിഹ് അട്ടിമറിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ബി.ജെ.പിയുടെ പുതിയ ന്യൂനപക്ഷ സെല്ലിൽ ജനറൽ സെക്രട്ടറിയായി ഇസ്തഖർ അഹമ്മദിനെ നിയമിച്ചു. നോമിനേറ്റഡ് കൗൺസിലറോ മറ്റു കൗൺസിലറോ സെല്ലുകളിലോ ബിജെപി യൂണിറ്റുകളിലോ അംഗമാകില്ലെന്ന് പാർട്ടി തീരുമാനിച്ചതാണ് ഇദ്ദേഹത്തെ മാറ്റാൻ കാരണമായതെന്ന് ബി.ജെ.പി പ്രതികരിച്ചു. 2022ൽ ബിജെപിയുടെ ന്യൂനപക്ഷ സെല്ലിനെ പ്രതിനിധീകരിച്ചിരുന്ന മസിഹിനെ ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ ജനറൽ ഹൗസിൽ നോമിനേറ്റഡ് കൗൺസിലറായി നിയമിച്ചിരുന്നു. 

തെരഞ്ഞെടുപ്പ് അട്ടിമറിച്ച സംഭവം സുപ്രീം കോടതിയിൽ എത്തിയപ്പോൾ, ജനാധിപത്യത്തിന്റെ കൊലപാതകം അനുവദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞിരുന്നു. മേയർ തിരഞ്ഞെടുപ്പിന്റെ മുഴുവൻ രേഖകളും ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ പക്കൽ ഏൽപ്പിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഫെബ്രുവരി 19ന് ഹാജരാകാനും മസിഹിനോട് ആവശ്യപ്പെട്ടു. സുപ്രീം കോടതിയിൽനിന്ന് പ്രതികൂല തീരുമാനം വന്നാൽ മുഖം രക്ഷിക്കാനാണ് മസീഹിനെ നീക്കിയത്.
 

Latest News