ന്യൂദൽഹി- ആൺസുഹൃത്തിനെ കൊലപ്പെടുത്തി യമുനയിൽ തള്ളിയ കേസിൽ യുവതിയെ പോലീസ് പിടികൂടി. തന്നെ ബ്ലാക്‌മെയിൽ ചെയ്തതുകൊണ്ടാണ് കാമുകനെ കൊലപ്പെടുത്തിയതെന്ന് യുവതി പോലീസിന് മൊഴി നൽകി. ഇരുപത്തിമൂന്നുകാരനായ സുശീൽ കുമാറാണ് കൊല്ലപ്പെട്ടത്. കേസിൽ ഡോളി ചൗധരിയെ പോലീസ് പിടികൂടി. സംഭവത്തെപറ്റി പോലീസ് പറയുന്നതിങ്ങനെ.
നേരത്തെ ഇരുവരും തമ്മിൽ സുഹൃത്തുക്കളായിരുന്നു. പിന്നീട് ഗ്രേറ്റർ നോയിഡയിൽ ജോലി വാങ്ങിക്കൊടുക്കാൻ സഹായിച്ച മോഹിത് മാവിയുമായി ഡോളി അടുപ്പത്തിലായി. മോഹിത് മാവി വിവാഹിനാണ്. ഇതേതുടർന്ന് സുശീൽ കുമാർ ഡോളിയെ തങ്ങളുടെ പഴയ ബന്ധം പറഞ്ഞ് ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞപതിനാറ് മുതൽ സുശീൽ കുമാറിനെ കാണാനില്ലായിരുന്നു. തുടർന്ന് ഇയാളുടെ അച്ഛൻ പോലീസിൽ പരാതി നൽകി. ഡോളിയെ ചോദ്യം ചെയ്തതിൽനിന്നാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. തന്റെ പുതിയ ബന്ധമറിഞ്ഞ സുശീൽ കുമാർ നേരത്തെ എടുത്ത നഗ്നചിത്രങ്ങളുപയോഗിച്ച് തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്നും ഇതിന്റെ പ്രതികാരം തീർത്തുവെന്നുമാണ് ഡോളി പറയുന്നു. ഡോളിയുമായുള്ള മോഹിതിന്റെ ബന്ധമറിഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് ബംഗളൂരുവിലേക്ക് പോയ മോഹിത് ഡോളിയുമായുള്ള ബന്ധം തുടരുകയും ചെയ്തു. ഇതോടെ ഡോളിയെ മോഹിത് വിവാഹം ചെയ്യുമെന്ന് സുശീൽ കുമാർ ഉറപ്പിച്ചു. ഓഗസ്റ്റ് 11ന് മഥുരയിൽ വെച്ച് കാണണമെന്ന് യുവതിയോട് സുശീൽ കുമാർ നിർബന്ധം പിടിക്കുകയും ചെയ്തു. ഇതനുസരിച്ച് മഥുരൈയിലെത്തിയ യുവതി സുശീൽ കുമാറിനൊപ്പം ഹോട്ടലിൽ മുറിയെടുക്കുകയും പാനീയത്തിൽ ഉറക്കുഗുളിക കലർത്തി സുശീലിന് നൽകുകയും ചെയ്തു. ബോധം പോയതിന് ശേഷം മനീഷിനെ വിളിച്ചുവരുത്തിയ ഡോളി അയാളുടെ സഹായത്തോടെ സുശീലിനെ മഥുരൈയിലെ യമുന നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.