റഫാ ആക്രമണത്തിൽനിന്ന് ഇസ്രായിലിനെ തടയണമെന്ന് അന്താരാഷ്ട്ര കോടതിയോട് ദക്ഷിണാഫ്രിക്ക
കയ്‌റോ/ ഗാസ- ജനനിബിഢമായ റഫായിലേക്ക് ഇസ്രായിൽ കരയുദ്ധം തുടങ്ങാനിരിക്കെ വീണ്ടും വെടിനിർത്തൽ ചർച്ചകൾ ഊർജിതമായി. ചൊവ്വാഴ്ച കയ്‌റോയിലെത്തിയ സി.ഐ.എ മേധാവി വില്യം ബേൺസ്, മൊസാദ് തലവൻ ഡേവിഡ് ബർണിയയുമായി വെടിനിർത്തലിന്റെ പുതിയ സാധ്യതകൾ ചർച്ച ചെയ്തു. ഹമാസിന്റെ പക്കലുള്ള ഇസ്രായിലി ബന്ദികളെ മോചിപ്പിക്കുന്നതിനു പകരമായി താൽക്കാലിക വെടിനിർത്തലെന്ന നിർദേശമാണ് ഇപ്പോൾ വീണ്ടും ചർച്ച ചെയ്യുന്നത് ഖത്തറാണ് പുതിയ ഒത്തുതീർപ്പ് നിർദേശം മുന്നോട്ടുവെച്ചത്. ഖത്തറും ഈജിപ്തും അമേരിക്കയും നേതൃത്വം നൽകിയ ഏറ്റവുമൊടുവിലത്തെ വെടിനിർ്ത്തൽ ചർച്ചകൾ ഇസ്രായിലിന്റെ നിസ്സഹകരണത്തെ തുടർന്ന് പരാജയപ്പെട്ടിരുന്നു.
റഫായിൽ കരയുദ്ധം ആരംഭിക്കുന്നത് വലിയ മാനുഷിക ദുരന്തമാകുമെന്നതിനാൽ അതിൽനിന്ന് ഇസ്രായിലിനെ പിന്തിരിപ്പിക്കണമെന്ന് യു.എൻ ഇന്നലെയും ആവശ്യപ്പെട്ടു. ഇസ്രായിലിന്റെ റഫാ ആക്രമണ നീക്കത്തിനെതിരെ അമേരിക്ക വീണ്ടും മുന്നറിയിപ്പ് നൽകി.
ഇസ്രായിലിനെ റഫാ ആക്രമണത്തിൽനിന്ന തടയുന്നതിന് കൂടുതൽ സമ്മർദം ചെലുത്തണമെന്ന് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര കോടതിയോട് അഭ്യർഥിച്ചു. റഫായിലേക്ക് ഇസ്രായിൽ നടത്തുന്ന ആക്രമണം അന്താരാഷ്ട്ര ജെനൊസൈഡ് കൺവെൻഷന്റെയും, ജനുവരി 26ന് അന്താരാഷ്ട്ര കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെയും ലംഘനമാണെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റിന്റെ ഓഫീസ് കുറ്റപ്പെടുത്തി. ഗാസയിലെ ഇസ്രായിൽ ആക്രമണം വംശഹത്യയാണെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്ക ഐ.സി.ജെയിൽ പരാതി നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് ഗാസയിൽ സിവിലിയൻ മരണം ഒഴിവാക്കണമെന്ന് കോടതി ഇസ്രായിലിനോട് ആവശ്യപ്പെട്ടത്. എന്നാൽ ആക്രമണം നിർത്തിവെക്കാൻ കോടതി ഇസ്രായിലിനോട് ആവശ്യപ്പെട്ടില്ല.
അതിനിടെ, ഇസ്രായിലിന്റെ ഗാസ ആക്രണമണത്തിനെതിരെ കൂടുതൽ രാജ്യങ്ങൾ രംഗത്തുവന്നു. ഇസ്രായിലിന്റേത് പരിധി ലംഘിക്കുന്ന പ്രത്യാക്രമണമാണെന്ന് ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ ടജാനി പറഞ്ഞു. ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണത്തെ അപലപിക്കുമ്പോഴും ഇസ്രായിലിന്റെ ആക്രമണത്തിൽ ഹമാസുമായി ഒരു ബന്ധവുമില്ലാത്ത നിരവധി നിരപരാധികൾ മരിച്ചുവീഴുകയാണെന്നും ടജാനി ചൂണ്ടിക്കാട്ടി.
ഇസ്രായിലിന്റെ ഇപ്പാഴത്തെ ആക്രമണത്തെ ഇനിനും സഹിച്ചുനിൽക്കാനാവില്ലെന്ന് ജോർദാൻ ഭരണാധികാരി അബ്ദുല്ല രണ്ടാമൻ രാജാവ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് നൽകിയ സന്ദേശത്തിൽ പറഞ്ഞു. ഗാസയിലേക്ക് സഹായവസ്തുക്കൾ വിമാനങ്ങളിൽനിന്ന് ഇട്ടുകൊടുക്കുന്നത് തുടരുമെന്നും രാജാവ് വ്യക്തമാക്കി.
എന്നാൽ ഗാസയിൽ ഇസ്രായിൽ ആക്രമണം രൂക്ഷമായി തുടരുകയാണ്. റഫായിൽ നടത്തിയ ബോംബാക്രമണത്തിൽ അ്ൽ ജസീറയുടെ രണ്ട് മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റ് അൽജസീറ അറബിക് റിപ്പോർട്ടർ ഇസ്മായിൽ അബു ഉമറിന്റെ നില അതീവ ഗുരുതരമാണ്. ക്യാമറമാൻ അഹ് മദ് മതാറിനും ഗുരുതര പരിക്കാണേറ്റത്. തങ്ങളുടെ മാധ്യമപ്രവർത്തകരെ പ്രത്യേകം ലക്ഷ്യമിട്ടാണ് ഇസ്രായിൽ ആക്രമിക്കുന്നതെന്ന് അൽ ജസീറ കുറ്റപ്പെടുത്തി.
24 മണിക്കൂറിനിടെ 133 പേർ കൂടി കൊല്ലപ്പെട്ടതോടെ ഒക്ടോബർ ഏഴിനുശേഷം ഗാസയിൽ മരിച്ചുവീണവരുടെ എണ്ണം 28,473 ആയി. വെസ്റ്റ് ബാങ്കിലും ഇസ്രായിൽ സൈിനികരും കുടിയേറ്റക്കാരും ഫലസ്തീൻ പൗരന്മാർക്കുനേരെ ആക്രമണം തുടർന്നു. ഇന്നലെ നടന്ന ആക്രണമത്തിൽ ഏതാനും പേർക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റക്കാരായ 28 തീവ്രവാദികൾക്ക് ഫ്രാൻസ് ഉപരോധം ഏർപ്പെടുത്തി. ഗാസയിൽ ഇസ്രായിൽ അധിനിവേശം അവാസനിപ്പിക്കുന്നതുവരെ വടക്കൻ ഇസ്രായിലിനുനേരെയുള്ള ആക്രമണം തുടരുമെന്ന് ഹിസ്ബുല്ല മേധാവി ഹസൻ നസറല്ല മുന്നറിയിപ്പ് നൽകി.
അതിനിടെ, ഇസ്രായിലിന്റെ ആരോപണം വിശ്വസിച്ച് ഫലസ്തീലിലെ യു.എൻ സഹായ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള സാമ്പത്തിക സഹായം പിൻവലിക്കുന്നത് കൂട്ടമരണങ്ങൾക്ക് കൂട്ടുനിൽക്കലാണെന്ന് സൗദി അറേബ്യ കുറ്റപ്പെടു്ത്തി. യു.എൻ.ആർ.ഡബ്ല്യു.എ ജീവനക്കാർ ഹമാസിനുവേണ്ടി പ്രവർത്തിക്കുകയാണെന്ന ഇസ്രായിലിന്റെ ആരോപണത്തിന് പിന്നാലെയാണ് അമേരിക്കയും ബ്രിട്ടനും ജപ്പാനുമടക്കം വിവിധ രാജ്യങ്ങൾ ഏജൻസിക്കുള്ള സഹായം നിർത്തുന്നതായി പ്രഖ്യാപിച്ചത്. ആരോപണത്തെ തുടർന്ന് 12 ജീവനക്കാരെ യു.എൻ.ആർ.ഡബ്ല്യു.എ പുറത്താക്കിയിരുന്നു. ആരോപണത്തെ കുറിച്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.