Sorry, you need to enable JavaScript to visit this website.

പ്രകാശ് കോളേരി, ദുഃഖപര്യവസായിയായ സിനിമാജീവിതം

ടി.എം. ജയിംസ്

കല്‍പറ്റ-ദുഃഖപര്യവസായിയായ സിനിമാജീവിതമായിരുന്നു വയനാട്ടില്‍നിന്നുള്ള  ആദ്യകാല ചലച്ചിത്ര പ്രവര്‍ത്തകരില്‍ ഒരാളായ പ്രകാശ് കോളേരിയുടേത്. സിനിമയോടുള്ള അടങ്ങാത്ത പ്രണയത്തില്‍ സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, അഭിനേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചെങ്കിലും ആഗ്രഹിച്ച വിധത്തില്‍ മുന്നേറാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. സിനിമയുടെ പൊതുവഴിയില്‍നിന്നു മാറി നടന്ന പ്രകാശ് നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത സിനിമകള്‍ക്ക്  കലാമൂല്യം ഉണ്ടായിട്ടും തിരസ്‌കാരമാണ് നേരിടേണ്ടിവന്നത്.
അവിവാഹിതനായ പ്രകാശിനെ കോളേരിക്കടുത്ത് ഒറ്റയ്ക്കു താമസിക്കുന്ന വീട്ടില്‍ ചൊവ്വാഴ്ച ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. പ്രകാശിന്റെ വളപ്പില്‍ നാരങ്ങ പറിക്കാനെത്തിയ  സമീപവാസികളായ കുട്ടികള്‍ വീട്ടില്‍നിന്നു ദുര്‍ഗന്ധം വമിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടത് രക്ഷിതാക്കളെ അറിയിച്ചു. അവര്‍ വിവരം കൈമാറിയതനുസരിച്ച് കേണിച്ചിറയില്‍നിന്നു പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ബത്തേരി താലൂക്ക് ഗവ.ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം വൈകുന്നേരം വീട്ടുവളപ്പിലാണ്  സംസ്‌കരിച്ചത്.
സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തില്‍ ജനിച്ച പ്രകാശിനു കലാവാസന ജന്‍മസിദ്ധമായിരുന്നു. ബത്തേരിയില്‍ കോളേജ് വിദ്യാഭ്യാസത്തിനുശേഷമാണ് സിനിമയില്‍ കമ്പം കയറിയത്. വൈകാതെ തിരുവനന്തപുരത്തെ സതേണ്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിദ്യാര്‍ഥിയായി. മനോജ് കെ.ജയന്‍ ഉള്‍പ്പെടെ ഇപ്പോള്‍ സിനിമയില്‍ പ്രസിദ്ധരായ പലരും പ്രകാശിന്റെ സഹപാഠികളായിരുന്നു.
ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠനത്തിനുശേഷം കുറച്ചുകാലം തിരക്കഥാരംഗത്തു പ്രവര്‍ത്തിച്ച പ്രകാശ് 1987ലാണ് 'മിഴിയിതളില്‍ കണ്ണീരുമായി' എന്ന കന്നി സിനിമ സംവിധാനം ചെയ്തത്. സിനിമയുടെ തിരക്കഥാകൃത്തും നിര്‍മാതാവും അദ്ദേഹമായിരുന്നു. മുരളിയായിരുന്നു ഈ ചിത്രത്തില്‍ നായകന്‍. നായിക പാര്‍വതിയും. ജന്‍മനാട് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായിരുന്നു. നാല് ഏക്കര്‍ പറമ്പ് വിറ്റാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഹൃദയസ്പര്‍ശിയായ കഥയായിട്ടും സിനിമയുടെ വിതരണത്തിന് സ്ഥാപനങ്ങള്‍ രംഗത്തുവന്നില്ല. വയനാട്ടിലടക്കം കുറഞ്ഞ തിയേറ്ററുകളിലാണ് സിനിമ ഓടിയത്. വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരിയിലെ മാര്‍ബേസില്‍ തിയേറ്റര്‍ സ്വന്തം നിലയ്ക്ക് വാടയ്‌ക്കെടുത്താണ് സിനിമ പ്രദര്‍ശിപ്പിച്ചത്.
'മിഴിയിതളില്‍ കണ്ണീരുമായി' സിനിമയുടെ പരാജയത്തിനുശേഷം' ദീര്‍ഘസുമംഗലീഭവ' എന്ന പേരില്‍ ചെയ്ത സിനിമ വെളിച്ചം കണ്ടില്ല. ഈ സിനിമയുടെ കഥ, തിരക്കഥ, നിര്‍മാണം, സംവിധാനം എന്നിവ നിര്‍വഹിച്ചത് പ്രകാശാണ്. നായകവേഷമിട്ടതും അദ്ദേഹമാണ്. അവന്‍ അനന്തപദ്മനാഭന്‍, വരും വരാതിരിക്കില്ല, പാട്ടുപുസ്തകം എന്നിവയും പ്രകാശ് സംവിധാനം ചെയ്ത ജനപ്രിയമാകാന്‍ യോഗമില്ലാതെപോയ ചലച്ചിത്രങ്ങളാണ്.  2013ല്‍ സംവിധാനം ചെയ്ത 'പാട്ടുപുസ്തക'മാണ് അവസാന സിനിമ. വര്‍ഷങ്ങള്‍ മുമ്പ്  തലുങ്ക് സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.
സിനിമയില്‍ പലവട്ടം തോറ്റെങ്കിലും തോല്‍വി അംഗീകരിക്കാന്‍ പ്രകാശ് ഒരുക്കമായിരുന്നില്ല. ഉള്ളില്‍ നൊമ്പരങ്ങളുടെ അഗ്നിപര്‍വതം പുകയുമ്പോഴും ചിരിക്കുന്ന മുഖവുമായാണ് പ്രകാശ് ആളുകള്‍ക്കിടയില്‍ ഇറങ്ങിയിരുന്നത്. ജീവിക്കാനുള്ള തത്രപ്പാടില്‍ ഇഷ്ടികക്കളം നടത്താനും പ്രകാശ് തയാറായി. പ്രമേഹം അടക്കം രോഗങ്ങളും ഒറ്റപ്പെടലും സാമ്പത്തിക പ്രയാസവും  നൈരാശ്യവും അലട്ടുന്നതിനിടെയായിരുന്നു മലയാള ചലച്ചിത്ര ലോകത്ത് ഒരു ചലനവും ഉണ്ടാകാതെ 65-ാം വയസില്‍  പ്രകാശിന്റെ കടന്നുപോകല്‍.
 

Latest News