മാനന്തവാടി- പയ്യമ്പള്ളി ചാലിഗദ്ദയില്‍ കഴിഞ്ഞ ശനിയാഴ്ച രാവിലെ കര്‍ഷകന്‍ പനച്ചിയില്‍ അജീഷിനെ കൊലപ്പെടുത്തിയ മോഴയെ(ബേലൂര്‍ മഖ്‌ന)പിടിക്കാനുള്ള ശ്രമം ചൊവ്വാഴ്ചയും ലക്ഷ്യത്തിലെത്തിയില്ല. രാവിലെ 11.30നും വൈകുന്നേരം 4.30നും ഡാര്‍ട്ടിംഗ് പാര്‍ട്ടിക്ക് മുന്നില്‍പ്പെട്ടെങ്കിലും ആന വേഗത്തില്‍ പാഞ്ഞുപോയതിനാല്‍ മയക്കുവെടി പ്രയോഗിക്കാനായില്ല. പകല്‍ ഏറെ സമയവും ആന ഡ്രോണ്‍ നിരീക്ഷണ പരിധിയിലായിരുന്നു. ദൗത്യസംഘത്തിനു പലവട്ടം ആനയെ നേരില്‍ കാണാനായി. ബേലൂര്‍ മഖ്‌നയ്‌ക്കൊപ്പം മറ്റൊരു മോഴയെയും വനസേനയുടെ ശ്രദ്ധയില്‍പ്പെട്ടു. ആനയെ പിടിക്കാനുള്ള ശ്രമം ബുധനാഴ്ച പുലര്‍ച്ചെ പുനരാരംഭിക്കുമെന്ന് വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു. അജീഷിനെ കൊലപ്പെടുത്തിയതു മുതല്‍ ആന തോല്‍പ്പെട്ടി വൈല്‍ഡ് ലൈഫ് റേഞ്ചിലെ ബാവലി സെക്ഷനിലാണ് ചുറ്റിത്തിരിയുന്നത്.
മയക്കുവെടി പ്രയോഗത്തിനു ദൗത്യസംഘത്തിന്റെ നാലാം ദിവസത്തെ ശ്രമം പുലര്‍ച്ചെ അഞ്ചരയോടെയാണ് ആരംഭിച്ചത്. വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ചില്‍ ബാവലി സെക്ഷനിലുള്ള ഇരുമ്പുപാലം ഭാഗത്താണ് ദൗത്യസംഘത്തിലെ ട്രാക്കിംഗ് ടീം രാവിലെ ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ ഡാര്‍ട്ടിംഗ് ടീം കാടുകയറി. നാല് വെറ്ററിനറി ഡോക്ടര്‍മാര്‍ അടങ്ങുന്നതാണ് മയക്കുവെടി പ്രയോഗത്തിനു നിയോഗിച്ച ടീം. നാല് കുംകിയാനകളെയും ദൗത്യത്തിനു സജ്ജമാക്കിയിരുന്നു. തുറസായ സ്ഥലത്ത് മോഴയെ കണ്ടുകിട്ടുന്ന മുറയ്ക്ക് മയക്കുവെടി പ്രയോഗിക്കാനായിരുന്നു വനസേനയുടെ പദ്ധതി. സി.സി.എഫ് നോര്‍ത്തേണ്‍ സര്‍ക്കിള്‍ കെ.എസ്.ദീപയുടെ നേതൃത്വത്തിലാണ് ദൗത്യ സംഘത്തിന്റെ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്.
തിങ്കളാഴ്ച രാത്രി വൈകിയും തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലെ മണ്ണുണ്ടി കോളനിക്ക് സമീപം നിലയുറപ്പിച്ച മോഴ പുലര്‍ച്ചെയാണ് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഇരുമ്പുപാലത്തേക്ക് നീങ്ങിയത്. ഇതിനിടെ രണ്ടുതവണ ആന കോളനി പരിസരത്ത് എത്തി. പടക്കം പൊട്ടിച്ചാണ് തുരത്തിയത്.
ദൗത്യസംഘം നിരീക്ഷണം തുടരുന്നതിനിടെ ബേലൂര്‍ മഖ്‌നയ്‌ക്കൊപ്പം മറ്റൊരു മോഴ ചേര്‍ന്നു. രണ്ട് ആനകളും ചേമ്പുംകൊല്ലി ഭാഗത്തേക്ക് നീങ്ങി. ഇവിടെനിന്നു ഉച്ചകഴിഞ്ഞ് രണ്ടോടെ വീണ്ടും മണ്ണുണ്ടി ഭാഗത്തേക്കു മാറി. വൈകുന്നേരം ഇരുമ്പുപാലത്ത് തിരിച്ചെത്തിയ മോഴ വയലിലേക്ക് ഇറക്കി മയക്കുവെടി പ്രയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉള്‍ക്കാട്ടില്‍ മറഞ്ഞു. ഇതോടെ വനസേന ദൗത്യം താത്കാലികമായി അവസാനിപ്പിച്ചു. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വനം, പോലീസ് ടീമുകള്‍ പട്രോളിംഗ് തുടര്‍ന്നു.