സുല്‍ത്താന്‍ ബത്തേരി- മാനന്തവാടിക്കടുത്ത് പയ്യമ്പള്ളി ചാലിഗദ്ദയില്‍ കര്‍ഷകന്‍ പനച്ചിയില്‍ അജീഷിനെ കൊലപ്പെടുത്തിയ ബേലൂര്‍ മോഴയ്ക്കായി വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ ആനപ്പന്തിയില്‍ പ്രത്യേകം 'പാര്‍പ്പിടം' ഒരുങ്ങി. മയക്കുവെടിവെച്ച് പിടിക്കുന്ന മുറയ്ക്ക് മോഴയെ തടവിലിട്ടും കൊച്ചു ശിക്ഷകള്‍ നല്‍കിയും മര്യാദക്കാരനാക്കുന്നതിന് ഇവിടേക്ക് മാറ്റും. 15 അടി ഉയരമുള്ളതാണ് യൂക്കാലിപട്‌സ് തടികള്‍ ഉപയോഗിച്ചു നിര്‍മിച്ച ആനക്കൊട്ടില്‍. ജനവാസ കേന്ദ്രങ്ങളില്‍ നിരന്തരം ശല്യം ചെയ്യുന്നതിനെത്തുര്‍ന്നു പിടികൂടുന്ന ആനകളെ പാര്‍പ്പിക്കുന്നതിന് മുത്തങ്ങ വൈല്‍ഡ് ലൈഫ് റേഞ്ച് ആസ്ഥാനത്ത് പ്രത്യേകം ഇടമുണ്ട്. പൊതുജനങ്ങള്‍ക്കും പ്രകൃതി പഠന ക്യാമ്പിന് എത്തുന്ന വിദ്യാര്‍ഥികള്‍ക്കും അകലെനിന്നു കാണാന്‍ മാത്രം അനുവാദമുള്ള ഇവിടെയാണ് കര്‍ണാടകയില്‍നിന്നുള്ള അതിഥിക്ക് കൊട്ടില്‍ തയാറായത്. അര്‍ധ ബോധാവസ്ഥയിലായിരിക്കെ കുംകിയാനകളുടെ സഹായത്തോടെ കൊട്ടിലില്‍ കയറ്റുന്ന ആന വിദഗ്ധരായ പാപ്പാന്‍മാര്‍ ആഴ്ചകളോളം നല്‍കുന്ന ശിക്ഷണത്തിനു ഒടുവിലാണ് 'വൈല്‍ഡ് 'അല്ലാതാകുന്നത്.
20 തൂണുകളും ഇവയെ ബന്ധിപ്പിക്കുന്ന കഴകളും കൊട്ടിലിന്റെ ഭാഗമാണ്. കൊട്ടിലില്‍ കയറ്റുന്ന കാട്ടാനകള്‍ പൂര്‍ണ ബോധം തിരിച്ചുകിട്ടുന്നതിനു പിന്നാലെ അക്രമാസ്തരാകാറുണ്ട്. ആന എത്ര കരുത്തില്‍ ശ്രമിച്ചാലും തകര്‍ക്കാന്‍ കഴിയാത്ത വിധത്തിലാണ് കൊട്ടില്‍ നിര്‍മാണം.
ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ചതാണ് മുത്തങ്ങയിലെ ആനപ്പന്തി. ആനപിടിത്തം നിലച്ചതോടെ പന്തിയുടെ പ്രവര്‍ത്തനം നിലച്ചു. ജനവാസകേന്ദ്രങ്ങളില്‍ ആനശല്യം വര്‍ധിച്ചതോടെയാണ് പന്തിക്ക് വീണ്ടും ജീവന്‍ വച്ചത്.
മുത്തങ്ങ പന്തിയില്‍ സജ്ജമാക്കുന്ന അഞ്ചാമത്തെ കൊട്ടിലാണ് ഇപ്പോഴത്തേത്. 2016ല്‍ കല്ലൂര്‍ കൊമ്പനെ പിടിച്ചപ്പോഴാണ് പതിറ്റാണ്ടുകളുടെ ഇടവേളയ്ക്കുശേഷം കൊട്ടില്‍ തീര്‍ത്തത്. പിന്നീട് ആറളം കൊമ്പന്‍, 2019ല്‍ വടക്കനാട് കൊമ്പന്‍, 2023ല്‍ പി.ടി സെവന്‍ എന്നിവര്‍ക്കായും കൊട്ടില്‍ പണിതു. പി.ടി സെവനായി ഒരുക്കിയ കൊട്ടിലില്‍ കഴിയാന്‍ യോഗമുണ്ടായത് നീലഗിരി വനത്തില്‍നിന്നു മൈലുകള്‍ താണ്ടി ബത്തേരി പട്ടണത്തില്‍ ഇറങ്ങിയ പി.എം ടു എന്ന പന്തല്ലൂര്‍ മോഴയ്ക്കാണ്. ഇതില്‍ ആറളം കൊമ്പന്‍ രോഗബാധിതനായി ചരിഞ്ഞു. ഭരത് എന്നു പേരുള്ള കല്ലൂര്‍ കൊമ്പനും വിക്രം എന്നു പേരിട്ട വടക്കനാട് കൊമ്പനും നിലവില്‍ 'കുംകി' റാങ്കിലാണ്. നാട്ടില്‍ ഇറങ്ങുന്ന വില്ലന്‍ ആനകളെ കൈകാര്യം ചെയ്യുന്നതില്‍ പരിശീലനം ലഭിച്ച ആനയാണ് കുംകി. ഭരത്, വിക്രം എന്നിവര്‍ക്കു പുറമേ സുരേന്ദ്രന്‍, ഉണ്ണിക്കൃഷ്ണന്‍, സൂര്യ എന്നീ കുംകികളും അമ്മു, അപ്പു, പിഎം2, ചന്ദ്രനാഥ്, സുന്ദരി എന്നിവരും പന്തിയിലെ അന്തേവാസികളാണ്.