ന്യൂദല്‍ഹി- ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉദ്ഭവവും സഞ്ചാരവും ഗവേഷണ വിഷയമാക്കിയ പ്രമുഖ അക്കാദമീഷനും എഴുത്തുകാരനുമായ ക്രിസ്റ്റോഫ് ജാഫ്രലോട്ടിന്റെ ഏറ്റവും പുതിയ പുസ്തകം ഫെബ്രുവരി 15 ന് പുറത്തിറങ്ങും. ഗുജറാത്ത് അണ്ടര്‍ മോഡി: ലബോറട്ടറി ഓഫ് ടുഡേയ്‌സ് ഇന്ത്യ (മോഡിയുടെ കീഴിലെ ഗുജറാത്ത്: ഇന്നത്തെ ഇന്ത്യയുടെ പരീക്ഷണശാല) എന്ന പുസ്തകം ഏറെ തടസ്സങ്ങള്‍ നേരിട്ടാണ് വായനക്കാരുടെ കൈയിലെത്താന്‍ പോകുന്നത്. ലണ്ടനിലെ ഹഴ്‌സ്റ്റ് പബ്ലിഷേഴ്‌സ് ആണ് പ്രസാധകര്‍.
ഗുജറാത്തിലെ മോഡി ഭരണത്തെക്കുറിച്ചും ഹിന്ദുത്വ പരീക്ഷണശാലയായി ഗുജറാത്ത് മാറിയതിനെക്കുറിച്ചുമുള്ള നിശിതമായ നിരീക്ഷണങ്ങളും ഉള്‍ക്കാഴ്ചകളും നിറഞ്ഞ പുസ്തകത്തിന്റെ വായനക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സഹൃദയലോകം.
2014 ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് പ്രസിദ്ധീകരിക്കാന്‍ വേണ്ടി 2013 അവസാനത്തോടെ പൂര്‍ത്തിയാക്കിയ ഈ പുസ്തകം പത്തു വര്‍ഷത്തിന് ശേഷമാണ് പുറത്തുവരുന്നത്. 'പ്രസാധകരെ സംബന്ധിച്ചിടത്തോളം, തിരഞ്ഞെടുപ്പ് വേള സാധാരണയായി രാഷ്ട്രീയ പുസ്തകങ്ങള്‍ വില്‍ക്കുന്നതിനുള്ള നല്ല സമയമാണ്. എന്നാലും, അവരുടെ നിയമോപദേശകര്‍ ഈ കൈയെഴുത്തുപ്രതി 'ഉയര്‍ന്ന അപകടസാധ്യതയുള്ളതാണ്' എന്ന് കരുതി. നിയമപരമായ വിലയിരുത്തലുകള്‍ സംഗ്രഹിച്ചുകൊണ്ട് എനിക്ക് ലഭിച്ച കത്തില്‍, പുസ്തകത്തിലെ ചില ഖണ്ഡികകള്‍ ഗുജറാത്തുകാരുടെ വികാരം വ്രണപ്പെടുത്തുമെന്ന് വ്യാഖ്യാനിക്കപ്പെടാമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. കൈയെഴുത്തുപ്രതി ശ്രദ്ധാപൂര്‍വം പകര്‍ത്തി എഡിറ്റ് ചെയ്തപ്പോള്‍, പല ഭാഗങ്ങളും നീക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രസിദ്ധീകരണവുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചു- ജഫ്‌റലോട്ട് പറയുന്നു.
2020ല്‍, പ്രസാധകനായ മൈക്കല്‍ ഡ്വയറും ഞാനും ഈ പുസ്തകം മരിക്കാന്‍ അനുവദിക്കരുതെന്ന് തീരുമാനിച്ചു. കാരണം നരേന്ദ്ര മോഡിയുടെ അധികാര ഉദയം സംബന്ധിച്ച ചരിത്ര വസ്തുതകള്‍ സെന്‍സര്‍ഷിപ്പും സ്വയം സെന്‍സര്‍ഷിപ്പും കാരണം മങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു. അതിനാല്‍ പ്രസിദ്ധീകരണവുമായി മുന്നോട്ടു പോകുകയായിരുന്നെന്ന് ഗ്രന്ഥകാരന്‍ പറയുന്നു.