ഇടുക്കി- കാർഷിക മേഖലക്ക് പ്രാധാന്യം നൽകി ജില്ലാ പഞ്ചായത്ത് ബജറ്റ്. നെൽക്കൃഷി മുതൽ വന്യമൃഗശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കുന്നതിനടക്കം വിവിധ പദ്ധതികളിലായി 4.8 കോടി രൂപ ബജറ്റിൽ നീക്കി വെച്ചിട്ടുണ്ട്. പശ്ചാത്തല സൗകര്യവികസനത്തിന് 16 കോടിയാണ് മാറ്റി വെച്ചിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ബജറ്റ് പ്രകാശനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ആശ ആന്റണി ബജറ്റ് അവതരിപ്പിച്ചു. മുൻ ബാക്കിയായ 70,21,955 രൂപ ഉൾപ്പെടെ 92,84,65,955 രൂപ ആകെ വരവും 92,15,62,000 രൂപ ചെലവും 69,03,955 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
കാർഷിക മേഖലക്കായി അഞ്ചു പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. നെൽകർഷകർക്ക് 30 ലക്ഷം, മണ്ണ് ജല സംരക്ഷണത്തിന് ഒരു കോടി, ജലസേചനത്തിന് ഒരു കോടി, കൃഷി അനുബന്ധ സൗകര്യങ്ങൾക്ക് രണ്ടു കോടി, വന്യമൃഗശല്യത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കുന്നതിന് മുള്ളുവേലി നിർമിക്കുന്നതിന് 50 ലക്ഷം എന്നിങ്ങനെയാണ് കൃഷിയും അനുബന്ധമേഖലകളിലും വകയിരുത്തിയിരിക്കുന്നത്. മൃഗസംരക്ഷണം, ക്ഷീരവികസനം എന്നിവക്ക് 6.8 കോടി, സൗരോർജ പദ്ധതികൾക്ക് 2.5 കോടി എന്നിങ്ങനെയും വകയിരുത്തിയിട്ടുണ്ട്.
സർവശിക്ഷ അഭിയാൻ 25 ലക്ഷം രൂപ, സ്‌കൂൾ കെട്ടിട മെയിന്റനൻസ് 4 കോടി, ഫാഷൻ ഇൻസ്റ്റിറ്റിയൂട്ട് അറ്റകുറ്റപ്പണി, കംപ്യൂട്ടർ മറ്റ് ഉപകരണങ്ങൾ എന്നിവക്ക് 20 ലക്ഷം, ജില്ലാതല കലാകായിക മേളകൾക്കായി 10 ലക്ഷം, വനിത ജിംനേഷ്യം എന്നിവക്കായി പഞ്ചായത്തിന് ഫണ്ട് കൈമാറൽ 20 ലക്ഷം, എസ്.എസ്.എൽ.സി വിദ്യാർഥികൾക്ക് സായാഹ്ന ക്ലാസ് 15 ലക്ഷം, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകൾക്ക് റീഫ്രഷ്‌മെന്റ് ചാർജ് 20 ലക്ഷം, അക്കാദമിക് മികവ് 20 ലക്ഷം, വിവിധ ജില്ലാ ആശുപത്രികൾക്ക് മരുന്ന് 1 കോടി 30 ലക്ഷം, ജില്ലാ ആശുപത്രികളുടെ അറ്റകുറ്റപ്പണിക്ക് ഒരു കോടി, ആയുരാരോഗ്യം വൃദ്ധജനങ്ങൾക്ക് ആയുർവേദ പരിചരണം 20 ലക്ഷം, പാലിയേറ്റീവ് ആശുപത്രി ലിഫ്റ്റ്, യോഗ ഹാൾ 75 ലക്ഷം, പകൽവീട് പൂർത്തീകരണം 50 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തി.
സാമൂഹ്യ സുരക്ഷ മിഷൻ വിഹിതം 5 ലക്ഷം, ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് സ്‌കോളർഷിപ്പ് 40 ലക്ഷം, സഫലമീയാത്ര ഇലക്ട്രിക് വീൽചെയർ 60 ലക്ഷം, സമ്പൂർണ കേൾവി (കോക്ലിയർ ഇംപ്ലാന്റേഷൻ ചെയ്ത ആളുകൾക്ക് തുടർപ്രവർത്തനം) 10 ലക്ഷം, എച്ച്.ഐ.വി ബാധിതർക്ക് പോക്ഷകാഹാരം 20 ലക്ഷം, വൃക്ക രോഗികൾക്ക് ഡയാലിസിസിന് ധനസഹായം 50 ലക്ഷം (പഞ്ചായത്തിന് വിഹിതം നൽകൽ), കീമോ തെറാപ്പി മരുന്ന് 20 ലക്ഷം, പാലിയേറ്റീവ് പ്രവർത്തനങ്ങൾ35 ലക്ഷം, ഭിന്നശേഷി കലാമേളക്ക് 10 ലക്ഷം.
പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വഴിയോര വിശ്രമകേന്ദ്രങ്ങൾക്ക് 1 കോടി 25 ലക്ഷം, ജില്ലയിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് കണക്ടിവിറ്റി മാപ്പ് തയാറാക്കലിന് 10 ലക്ഷം, വനിത ശിശു വികസനം വിഭാഗത്തിൽ നീലാംബരി വനിതകൾക്ക് താമസസൗകര്യം 50 ലക്ഷം, സ്ത്രീസുരക്ഷ നാപ്കിൻ വിതരണം 25 ലക്ഷം, മാതൃവന്ദനം 25 ലക്ഷം, സ്ത്രീ ശക്തി വനിതകൾക്ക് ആയുർവേദ പരിചരണം 30 ലക്ഷം, ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും വ്യവസായ വകുപ്പുമായി ചേർന്ന് വനിതാ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഒരു കോടി 20 ലക്ഷം.
പട്ടികജാതി, പട്ടിക വർഗവികസനം വിഭാഗത്തിൽ ഉന്നത പഠന ധനസഹായത്തിന് 15 ലക്ഷം, ബെറ്റർ എജ്യൂക്കേഷൻ 47 ലക്ഷം, പട്ടികജാതി പട്ടികവർഗ കോളനികളിലെ കുടിവെള്ള പദ്ധതികൾ പുനരുദ്ധാരണത്തിന് ഒരു കോടി, മൊബൈൽ ആയുർവേദ ക്ലിനിക്കിന് 25 ലക്ഷം.
ജീവനക്കാര്യം 2.82കോടി, ഭരണപരമായ ചെലവുകൾ 26.6 ലക്ഷം, വിവിധ നടത്തിപ്പുകൾക്കും സംരക്ഷണ ചെലവുകൾക്കുമായി 36.65 ലക്ഷം, പദ്ധതി മോണിട്ടറിംഗ്7 ലക്ഷം, വിട്ടുകിട്ടിയ സ്ഥാപനങ്ങൾക്ക് ദൈനംദിന ചെലവുകൾ 1 കോടി, ഓഫീസ് നവീകരണം 50 ലക്ഷം, ലിഫ്റ്റ് സ്ഥാപിക്കൽ 35 ലക്ഷം, കടലാസ് രഹിത ഓഫീസ് 10 ലക്ഷം. പശ്ചാത്തല സൗകര്യം വിഭാഗത്തിൽ റോഡ് 6 കോടി 50 ലക്ഷം, റോഡ് പുനരുദ്ധാരണ പദ്ധതികൾ 6 കോടി 49 ലക്ഷം, കലുങ്ക്, പാലം, മറ്റ് അനുബന്ധ നിർമിതികൾ 1 കോടി, നടപ്പാതകൾ 1 കോടി, പൊതുകളിസ്ഥലം നിർമാണത്തിന് 50 ലക്ഷം, നീന്തൽകുളം നിർമാണത്തിന് 50 ലക്ഷം. കുടിവെള്ള പദ്ധതികൾക്കും നിലവിലുള്ളവയുടെ നവീകരണത്തിനും 3.5 കോടി, ശുചിത്വം മാലിന്യ സംസ്‌കരണം 1.5 കോടി, ജില്ലാ ആശുപത്രിക്ക് എസ്.ടി.പി പ്ലാന്റ് 50 ലക്ഷം.
ലൈഫ് മിഷൻ പാർപ്പിട പദ്ധതി 10 കോടി, സ്വപ്നക്കൂട് ഭവന നിർമാണം4 കോടി. വ്യവസായ എസ്‌റ്റേറ്റുകളുടെ പുനരുദ്ധാരണം 50 കോടി എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്. ഇടുക്കി ബസ് സ്റ്റാന്റിന് സമീപം ഷോപ്പിംഗ് കോംപ്ലക്‌സ് നിർമാണം പൂർത്തീകരിക്കുന്നതിനായി 10 ലക്ഷം രൂപയും സ്ഥലത്തിന്റെ സ്‌കെച്ച് തയാറാക്കുന്നതിനായി 10 ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്.