തിരുവനന്തപുരം- ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ മുന്നൊരുക്കങ്ങള്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഡെപ്യൂട്ടി ഇലക്ഷന് കമ്മീഷണര്‍ അജയ് ബദു വിലയിരുത്തി.
തെരഞ്ഞെടുപ്പ് കാലത്ത് അനധികൃത ലഹരി വസ്തുക്കളുടെ ഒഴുക്ക് തടയുന്നതിന് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്ന് ദ്ദേഹം പറഞ്ഞു. രാഷ്ട്രീയ അക്രമങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കണം. അനധികൃത പണം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന സാഹചര്യം ഒഴിവാക്കാനും കര്‍ശന നടപടി ഉണ്ടാകണമെന്നും ഡെപ്യൂട്ടി ഇലക്ഷന് കമ്മീഷണര്‍ പറഞ്ഞു.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ണ്ണമാണെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. സ്റ്റേറ്റ് പോലീസ് നോഡല്‍ ഓഫീസറും ക്രമസമാധാന ചുമതലയുള്ള എ. ഡി. ജി. പിയുമായ എം. ആര്. അജിത് കുമാര്‍ സംസ്ഥാന പോലീസിന്റെ തയ്യാറെടുപ്പുകളെ കുറിച്ച് വിശദീകരിച്ചു.
തെരഞ്ഞെടുപ്പ് കാലയളവില്‍ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് വിവിധ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുമായും കൂടിക്കാഴ്ച നടത്തി.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്റ് കസ്റ്റംസ്, സംസ്ഥാന ജി. എസ്. ടി വകുപ്പ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്, നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ, എക്സൈസ് വകുപ്പ്, ഇന്‍കംടാക്സ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്, കോസ്റ്റ് ഗാര്‍ഡ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി എന്നിവയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ നടത്തുന്ന ഒരുക്കങ്ങളെ കുറിച്ചും സുരക്ഷിതമായ തെരഞ്ഞെടുപ്പിന് ജില്ലകളില്‍ പോലീസ് സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ചും ജില്ലാ കളക്ടര്‍മാരുമായും ജില്ലാ പോലീസ് മേധാവിമാരുമായും നടത്തിയ അവലോകന യോഗത്തില്‍ വിലയിരുത്തി.