Sorry, you need to enable JavaScript to visit this website.

സാംസ്‌കാരിക വകുപ്പിനോട്...ഉണരുണരൂ.... മാമാങ്കത്തിന്റെ ജീവൻ തുടിപ്പിന് മൃത്യുവോ?

പുരാവസ്തു വകുപ്പ് ഏറ്റെടുത്ത മണി കിണർ
നിലപാട് തറ.
ചാവേറുകളെ നേരിടാൻ സാമൂതിരി രാജാവിന്റെ കൂട്ടാളികൾ കളരി അഭ്യസിച്ച കളരി തറ.
മാമാങ്കത്തിന് തീയതി കുറിച്ച് ആലൂർ ഗണകന്റെ പടിപ്പുര അവഗണന ഏറ്റു കിടക്കുന്നു.


എടപ്പാൾ- ചാവേറുകളുടെ ചോര വീണു തുടുത്ത നിളയുടെ മണൽ പരപ്പിൽ നടന്നുവരുന്ന മാമാങ്ക മഹോത്സവത്തിന്റെ ചരിത്രശേഷിപ്പിനോട് എന്തിനിത്ര അവഗണന.
മാമാങ്ക മഹോത്സവത്തിന് തീയതി ഗണിച്ച ആലൂർ ഗണകന്റെ പടിപ്പുര ചരിത്രത്തിന്റെ അടയാളപ്പെടുത്തലായി തല ഉയർത്തി നിൽക്കുന്നു. പക്ഷേ സാംസ്‌കാരിക വകുപ്പ് എന്തിനാണ് പുറംതിരിഞ്ഞ് നിൽക്കുന്നതെന്ന് ചരിത്രകാരന്മാർക്കും അറിയാത്തതാണ്. മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്നതും പാലക്കാട് ജില്ലയോട് അതിർത്തി പങ്കിടുന്നതുമായ എടപ്പാളിനടുത്ത പോട്ടൂരിലാണ് വീരഗാഥകൾക്ക് സാക്ഷ്യം വഹിച്ച പടിപ്പുര അവഗണന കൊണ്ട് മൂടി നിൽക്കുന്നത്. തിരുനാവായ മാമാങ്കത്തിന്റെ മറ്റെല്ലാ ചരിത്രശേഷിപ്പുകളും പുരാവസ്തു വകുപ്പ് സംരക്ഷിത കവചത്തിൽ ആണെങ്കിലും പടിപ്പുരയോട് സാംസ്‌കാരിക വകുപ്പ് ഇങ്ങിനെയൊക്കെ അവഗണന കാട്ടാൻ പാടുണ്ടോ? ഈ ചോദ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നിളയുടെ മണൽ പരപ്പിൽ വ്യാഴവട്ടത്തിൽ നടന്നിരുന്ന മാമാങ്ക മഹോത്സവത്തെ ജനകീയമാക്കിയിട്ടും സാംസ്‌കാരിക വകുപ്പ് വേണ്ടവിധം അംഗീകരിക്കാത്തതിന്റെ പിന്നാമ്പുറ കഥ ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്.

എന്താണ് തിരുനാവായ മാമാങ്കം 
വിവിധ ദേശങ്ങളിൽ നിന്ന് ഉൾപ്പെടെ ആളുകൾ എത്തി കലാസാംസ്‌കാരിക പരിപാടികളും, കാർഷിക വ്യവസായിക, മേളകളും പ്രദർശനവും നടന്നിരുന്ന കാലം കാരണവർമാർക്ക് അറിയാവുന്നതാണ്. ഇന്നത്തെ തലമുറയ്ക്ക് ചരിത്രപുസ്തകം മറിച്ചെടുത്താൽ അതിൽ നിന്നും വായിച്ചെടുക്കുകയും ചെയ്യാം. മമ്മൂട്ടിയുടെ സൂപ്പർ ത്രില്ലർ മാമാങ്കം എന്ന സിനിമ തന്നെ നിളയുടെ മണൽ പരപ്പിലെ മാമാങ്ക മഹോത്സവത്തെ മനുഷ്യ ഹൃദയത്തോട് ചേർത്തു നിർത്തുന്നതാണ്. ചേര രാജാക്കന്മാരും, കൊച്ചി രാജാവും, വള്ളുവക്കോനാതിരിയുമായിരുന്നു മാമാങ്ക മഹോത്സവത്തിന്റെ അധ്യക്ഷ സ്ഥാനത്ത് നില കൊണ്ടിരുന്നത്. വള്ളുവക്കോനാതിരിയെ ആക്രമിച്ച് കോഴിക്കോട് സാമൂതിരി രാജാവ് അധ്യക്ഷ സ്ഥാനത്ത് എത്തിയതോടെയാണ് ചാവേറുകളും ആയി പോരാട്ടം നടത്തേണ്ടി വന്നത്. അതോടെ നിളയുടെ മണൽ പരപ്പ് മലയാള നാട്ടിലെ ഏറ്റവും വലിയ മഹോത്സവത്തിന് ചരിത്രത്തിൽ ഇടം പിടിച്ചു. മാമാങ്കത്തിന്റെ കഥകൾ എല്ലാം വില്യം ലോഗിന്റെ മലബാർ മാനുവലിലും അടയാളപ്പെടുത്തലായി ശേഷിക്കുന്നുണ്ട്. ചാവേറുകളുടെ ചോര വീണു തുടുത്ത നിളയുടെ തീരത്ത് ഓരോ വർഷവും പിന്മുറക്കാർ മാമാങ്ക മഹോത്സവം നടത്തിവരികയാണ്. 
മകര മാസത്തിലെ മകം നാളിലെ ഓർമപ്പെടുത്തൽ ആയാണ് ഇന്നും പ്രതാപം നഷ്ടപ്പെടാതെ മാമാങ്ക മഹോത്സവം കൊണ്ടാടുന്നത്. നാടുവാഴികളും നാട്ടുരാജാക്കന്മാരും തമ്മിലുണ്ടായ ആക്രമണവും അതിനിടയിലെ പരദേശി അക്രമണവും ചരിത്രത്തിൽ ലിഖിതമാണ്. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തിനടുത്ത് തിരുനാവായയിൽ ഇതിന്റെയെല്ലാം ത്രസിപ്പിക്കുന്ന അടയാളങ്ങൾ പുരാവസ്തു വകുപ്പിന്റെ അതീനതയിലുണ്ട്. 

എന്തൊക്കെയാണ് പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കുന്നത്
വ്യാഴവട്ടങ്ങൾക്ക് ശേഷം 1785 ലാണ് അവസാനം സകല ദേശങ്ങൾ അണിനിരന്ന മാമാങ്ക മഹോത്സവം നടന്നതെന്ന് ചരിത്രം കോറിയിട്ടിരിക്കുന്നു. അതിനുശേഷം പിന്തുടർച്ചക്കാർ ഓരോ വർഷവും പ്രതാപം നഷ്ടപ്പെട്ട മാമാങ്ക മഹോത്സവം കൊണ്ടാടുന്നുണ്ട്. 
തിരുനാവായയിലെ എട്ടു സെൻറ് സ്ഥലം സർക്കാരിന്റെ അധീനതയിലായി വളച്ചുകെട്ടപ്പെട്ടിരിക്കുന്നു. അതിനകത്ത് മരുന്നറ, മണി കിണർ, ചങ്ങമ്പള്ളി കളരി, നിലപാട് തറ ഇവയെല്ലാം അടയാളപ്പെടുത്തലായി കാണപ്പെടുന്നു. 2008 ലാണ് ഇവയെല്ലാം പുരാവസ്തു വകുപ്പ് ഏറ്റെടുത്തത്. അതെന്തായാലും നല്ല കാര്യം തന്നെ. പുതിയ തലമുറ ഇന്നും അതിനെ സംരക്ഷിച്ചു വരികയും ചെയ്യുന്നു. പക്ഷേ നദീതട ഉത്സവത്തിന്റെ ശേഷിപ്പുകളിൽ പ്രധാനപ്പെട്ട പടിപ്പുരയും, കളരി തറയും എന്തുകൊണ്ടാണ് ചരിത്രത്തിന്റെ പടിക്ക് പുറത്ത് നിൽക്കാൻ കാരണം. 

എന്താണ് പടിപ്പുരയും കളരിത്തറയും
130 വർഷങ്ങൾക്കു മുമ്പ് വള്ളുവക്കോനാതിരിയെ ആക്രമിച്ചു കോഴിക്കോട് സാമൂതിരി രാജാവ് അധ്യക്ഷ സ്ഥാനത്ത് എത്തിയതോടെയാണ് മാമാങ്കം രക്തച്ചൊരിച്ചിലിൽ എത്തിയത്. ആയിരക്കണക്കിന് പോരാളികളുടെ രക്തം വീണ് തുടുത്തതാണ് തിരുനാവായയിലെ നിളയും, നിളാതീരവും. 
ഇതിന്റെ ഓർമപ്പെടുത്തലാണ് മലയാള മാസത്തിലെ മകം നാൾ. മഗാമകം എന്നാണ് അക്കാലത്ത് ചരിത്രം അടയാളപ്പെടുത്തിയതെങ്കിലും അത് ലോഭിച് മാമാങ്കത്തിൽ എത്തി. മാമാങ്കം നടത്താൻ അക്കാലത്ത് കോഴിക്കോട് സാമൂതിരി രാജാവിന് തീയതി കുറിച്ച പടിപ്പുര തല ഉയർത്തി തന്നെ നിൽക്കുന്നുണ്ട്. ഓടുമേഞ്ഞ, മണ്ണുപുരണ്ട അന്നത്തെ അതേ നിൽപ്പ്. അതിനുമുന്നിലായി കളരിത്തറയും ഉണ്ട്. പക്ഷേ കാട് മൂടിയിരിക്കുന്നു. പടിപ്പുരയിലെ മൺ തറയിൽ ഇരുന്ന് ആലൂർ ഗണകൻമാരിലെ പ്രധാനിയാണ് അക്കാലത്ത് മാമാങ്കത്തിനായി തീയതി കണ്ടെത്തിയത്. മാറിമാറി വന്ന ഭരണകൂടങ്ങൾ പടിപ്പുരയെ പടിക്ക് പുറത്തു നിർത്തിയെങ്കിലും ആലൂർ ഗണകൻ മാരിലെ പിന്മുറക്കാർ ഇന്നും അതിനെ കൈയൊഴിഞ്ഞിട്ടില്ല. എല്ലാ ബുധനാഴ്ചകളിലും ഇവിടെയെത്തി പരമ്പരയിലെ ഓരോരുത്തർ തങ്ങളുടെ മുൻഗാമികളുടെ ഓർമകളെ തട്ടി ഉണർത്തുകയാണ്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന കെ.സി. ജോസഫ് പടിപ്പുരയെ സാംസ്‌കാരിക വകുപ്പ് ഏറ്റെടുക്കുകയാണെന്ന പ്രഖ്യാപനം നടത്തി. അതിനെ സർവരും ഒരേ മനസ്സോടെ സ്വാഗതം ചെയ്തതും ആണ്.  പക്ഷേ അത് പ്രഖ്യാപനത്തിൽ മാത്രമായി അവശേഷിച്ചു. ചാവേറുകളെ നേരിടാൻ സാമൂതിരി രാജാവിന്റെ കൂട്ടാളികൾ കളരി അഭ്യസിച്ച കളരി തറയും ചരിത്രത്തിന്റെ പിന്നാമ്പുറം ആയി കാണപ്പെടുന്നു. ഇതെല്ലാം ചരിത്രത്തിൽ ലിഖിതമായതുകൊണ്ട് മറ്റാരും ഇവിടേക്ക് കടന്നു വരുന്നുമില്ല. പടിപ്പുരയും, കളരിത്തറയും, ചുറ്റുപാടും കണ്ടാൽ തന്നെ അത് ചരിത്രശേഷിപ്പാണെന്ന് ബോധ്യപ്പെടുത്തും. പക്ഷേ ഭരണകൂടങ്ങൾക്കു മാത്രം മനസ്സിലാകാത്തത് എന്തെന്നാണ് അവശേഷിക്കുന്ന ചോദ്യം. സ്വാതന്ത്ര്യ സമര ചരിത്ര പോരാട്ടത്തിൽ ഇടം പിടിച്ച ആനക്കര വടക്കത്ത് തറവാടിനോട് തൊട്ടടുത്തായി നിലകൊള്ളുന്ന പടിപ്പുരയും കളരിത്തറയും സർക്കാർ ഏറ്റെടുക്കുക തന്നെ വേണം. അത് സാമൂഹിക ദ്രോഹികൾക്ക് താവളം ആകാൻ വിട്ടുകൊടുത്തുകൂടാ........

Latest News