ന്യൂദല്‍ഹി- ദല്‍ഹിയില്‍നിന്ന് ജയ്പൂരിലേക്കുള്ള യാത്രക്കാര്‍ക്കായി പുതിയ പദ്ധതി അവതരിപ്പിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ദല്‍ഹി-മുംബൈ എക്‌സ്പ്രസ് ദേശീയ പാതയില്‍ ഇലക്ട്രിക് കേബിള്‍ സ്ഥാപിച്ച് ഇലക്ട്രിക് ബസ് സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍നിന്ന് ജയ്പൂരിലേക്കുള്ള ദൂരം രണ്ട് മണിക്കൂറില്‍ പരിമിതപ്പെടുത്തുമെന്നും ഡീസല്‍ ബസിനേക്കാള്‍ നിരക്ക് 30 ശതമാനം കുറവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉദയ്പൂരില്‍ 17 റോഡ് പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടല്‍ ചടങ്ങുമാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ദല്‍ഹിയില്‍ നിന്ന് ജയ്പൂരിലേക്ക് റോഡ് മാര്‍ഗം 270 കിലോമീറ്റര്‍ ദൂരമുണ്ട്.
ബന്ദികുയി മുതല്‍ ജയ്പൂര്‍ വരെ 1,370 കോടി രൂപ ചെലവില്‍ 67 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലുവരി അതിവേഗ പാതയാണ് നിര്‍മ്മിക്കുന്നതെന്ന് ഗഡ്കരി പറഞ്ഞു. 2024 നവംബറോടെ ഈ ജോലി പൂര്‍ത്തിയാകുമെന്നും അതിന് ശേഷം ദല്‍ഹിയില്‍ നിന്ന് ജയ്പൂരിലേക്കുള്ള യാത്ര രണ്ട് മണിക്കൂറിനുള്ളില്‍ ആയിരിക്കുമെന്നും ഞാന്‍ ഉറപ്പുനല്‍കുന്നു. ദല്‍ഹി-മുംബൈ എക്‌സ്പ്രസ് ഹൈവേ ഏഷ്യയില്‍ ആദ്യത്തേതും ലോകത്തിലെ രണ്ടാമത്തേതുമാകും. മൃഗങ്ങള്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ അവക്കായി പ്രത്യേക മേല്‍പ്പാലം നിര്‍മ്മിക്കുമെന്നും ഗഡ്കരി പറഞ്ഞു.