പാത്രം വില്‍ക്കാന്‍ പോയപ്പോള്‍ ബാലികയെ പീഡിപ്പിച്ചു; 20 ദിവസത്തിനകം വധശിക്ഷ

ജയ്പൂര്‍- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിന് കുറ്റപത്രം സമര്‍പ്പിച്ച് 20 ദിവസത്തിനകം വധശിക്ഷ വിധിച്ച് രാജസ്ഥാന്‍ കോടതിയുടെ റെക്കോര്‍ഡ്. ദൗസ സ്വദേശിയായ വിനോദ് ബഞ്ചാരയെന്ന 23 കാരനാണ് ശിക്ഷ. പാത്രക്കച്ചവടക്കാരനായ  ഇയാള്‍ ഒരു ഗ്രാമത്തില്‍ വെച്ചാണ് വീട്ടില്‍ മാറ്റാരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
ഇയാളുടെ ഭാര്യ പെണ്‍കുഞ്ഞിനെ പ്രസവിച്ച് ഏഴു ദിവസം മാത്രമേ ആയിട്ടുള്ളൂവെന്ന് പോലീസ് പറഞ്ഞു.


ഓഗസ്റ്റ് രണ്ടിനു നടന്ന സംഭവത്തിലാണ് പോക്‌സോ (കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍) പ്രകാരം അതിവേഗം  ശിക്ഷ വിധിച്ചത്.


ബലാത്സംഗ കേസില്‍ 20 ദിവസത്തിനകം ശിക്ഷ വിധിക്കുന്ന ആദ്യ കേസാണിതെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നന്ദ് കിഷോര്‍ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം സിസിടിവി പരിശോധിച്ചാണ് പ്രതിയെ ഓഗസ്റ്റ് മൂന്നിന് അറസ്റ്റ് ചെയ്തത്. പോലീസ് മുമ്പാകെ പ്രതി കുറ്റം സമ്മതിച്ചിരുന്നു. 
 

Latest News