മുംബൈ - ഇന്നലെ കോൺഗ്രസ് വിട്ട മഹാരാഷ്ട്ര മുൻ മുുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന അശോക് ചവാൻ ബി.ജെ.പിയിൽ ചേർന്നു. മുംബൈയിലെ ബി.ജെ.പി ആസ്ഥാനത്തെത്തിയാണ് അശോക് ചവാൻ പാർട്ടി അംഗത്വം സ്വീകരിച്ചത്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലിന്റെയും നേതൃത്വത്തിലാണ് നിയമസഭാ അംഗത്വം അടക്കം രാജിവെച്ചെത്തിയ അശോക് ചവാനെ ബി.ജെ.പി സ്വീകരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് തന്റെ പ്രചോദനമെന്നും രാഷ്ട്രീയ ജീവിതത്തിൽ പുതിയ യാത്ര തുടങ്ങുകയാണെന്നും ബി.ജെ.പി അംഗത്വം സ്വീകരിച്ചശേഷം അശോക് ചവാൻ പ്രതികരിച്ചു.
അതിനിടെ, ബി.ജെ.പി പ്രതിനിധിയായി അശോക് ചവാൻ നാളെ രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.
ഈമാസം 27ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലും തുടർന്നുള്ള ലോകസഭാ തെരഞ്ഞെടുപ്പിലും മഹാരാഷ്ട്രയിൽ അപ്രതീക്ഷിത നീക്കങ്ങൾക്കു വേണ്ടിയാണ് അശോക് ചവാനെ മുൻനിർത്തി ബി.ജെ.പി കരുക്കൾ നീക്കുന്നതെന്നാണ് പ്രചാരണം. അശോക് ചവാനോടൊപ്പമുള്ള കൂടുതൽ കോൺഗ്രസ് എം.എൽ.എമാരെ ബി.ജെ.പിയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികളും അണിയറയിൽ പുരോഗമിക്കുന്നതായാണ് ബി.ജെ.പി കേന്ദ്രങ്ങളിൽനിന്നുള്ള വിവരം.