ന്യൂഡൽഹി - സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച പ്രശ്നത്തിൽ കേരളവും കേന്ദ്രവുമായുള്ള ചർച്ച നാളെ ആരംഭിക്കും. സുപ്രിം കോടതി നിർദേശാനുസരണം ചർച്ചയ്ക്ക് ഇരുവിഭാഗവും തയ്യാറാണെന്ന് അറിയിച്ചതോടെ നാളെ തന്നെ സംഘത്തെ അയക്കാമെന്ന് കേരളം അറിയിക്കുകയായിരുന്നു. ഇതോട് കേന്ദ്രവും അനുകൂലമായി പ്രതികരിച്ചതോടെ ചർച്ചയിലെ തീരുമാനം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് അറിയിക്കാൻ സുപ്രീംകോടതി നിർദേശിച്ചു.
ഇന്ന് രാവിലെ കേരളത്തിന്റെ ഹരജി പരിഗണിച്ചപ്പോൾ, സാമ്പത്തിക വിഷയത്തിൽ ഇരു സർക്കാരുകൾക്കും ചർച്ച നടത്തി പരിഹാരം കണ്ടെത്തികൂടേയെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. തുടർന്ന് ഇരു കൂട്ടരും ആലോചിച്ച് ഉച്ചയ്ക്കുശേഷം വിവരം അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഉച്ചയ്ക്കുശേഷം ഇന്നു തന്നെ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. കേന്ദ്രവും ഇക്കാര്യത്തിൽ പച്ചക്കൊടി വീശിയതോടെ സുപ്രീംകോടതി തിങ്കളാഴ്ച കേസ് പരിഗണിക്കാമെന്നും അതിന് മുമ്പ് ചർച്ച നടത്താനും നിർദേശിക്കുകയായിരുന്നു.
ഇതനുസരിച്ച് കേരളത്തിന്റെ സംഘം നാളെ ഡൽഹിയിൽ എത്തുമെന്നും ബുധനാഴ്ച തന്നെ ചർച്ച തുടങ്ങണമെന്നും സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ധനമന്ത്രി നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ച സാഹചര്യത്തിൽ അടിയന്തിര ചർച്ചയിൽ പങ്കെടുക്കേണ്ട സാചര്യമുള്ളതിനാൽ മറ്റുള്ളവരെ അയക്കമാമെന്നും കപിൽ സിബൽ കോടതിയെ അറിയിച്ചു. കേന്ദ്രത്തിനും ഇത് സ്വീകാര്യമായതിനാൽ ചർച്ചയ്ക്കുള്ള മാർഗനിർദേശം നൽകാമെന്ന് കോടതിയും വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക്ശേഷം കേരളത്തിന്റെ ഹർജി വീണ്ടും പരിഗണിക്കുമെന്നും സുപ്രിം കോടതി വ്യക്തമാക്കി.