ന്യൂദല്‍ഹി- നടനും ബി.ജെ.പി അംഗവുമായ സണ്ണി ഡിയോള്‍, ടിഎംസി അംഗം ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവരുള്‍പ്പെടെ ഒന്‍പത് അംഗങ്ങള്‍ പാര്‍ലമെന്റില്‍ ഒരു ചര്‍ച്ചയിലും പങ്കെടുത്തില്ല. ബിജെപി അംഗങ്ങളായ രമേഷ് ജിഗജിനാഗി, ബിഎന്‍ ബച്ചെഗൗഡ, പ്രധാന്‍ ബറുവ, അനന്ത് കുമാര്‍ ഹെഗ്‌ഡെ, വി ശ്രീനിവാസ പ്രസാദ്, ടിഎംസി അംഗം ദിബ്യേന്ദു അധികാരി, ബിഎസ്പി അംഗം അതുല്‍ കുമാര്‍ സിങ് എന്നിവരാണ് പതിനേഴാം ലോക്‌സഭയില്‍ ഒരു ചര്‍ച്ചയിലും പങ്കെടുക്കാത്ത മറ്റ് അംഗങ്ങള്‍.
543 ലോക്‌സഭാ എംപിമാരില്‍ ഒമ്പതു പേരും പാര്‍ലമെന്റില്‍ ഒരക്ഷരം മിണ്ടിയില്ലെന്നാണ് റിപ്പോര്‍ട്ട്. എംപിമാരില്‍ ചിലര്‍ പാര്‍ലമെന്റ് നടപടികളില്‍ പങ്കെടുക്കാന്‍ എത്തിയില്ലെന്നാണ് ഹാജര്‍ രേഖകള്‍ സൂചിപ്പിക്കുന്നത്. അതുല്‍ റായ്, സണ്ണി ഡിയോള്‍, ദിബ്യേന്ദു അധികാരി തുടങ്ങിയ എംപിമാരുടെ ഹാജര്‍ യഥാക്രമം 1%, 17%, 24% മാത്രമാണ്. അതേസമയം, വി.ശ്രീനിവാസ് പ്രസാദ്, ബി.എന്‍. ബച്ചെഗൗഡ എന്നിവര്‍ക്ക് യഥാക്രമം 32%, 39% ഹാജര്‍ നിരക്ക് ഉണ്ടായിരുന്നു. ശത്രുഘ്‌നന്‍ സിന്‍ഹ, അനന്ത് കുമാര്‍ ഹെഗ്‌ഡെ, രമേഷ് ചന്ദപ്പ ജിഗജിനാഗി, പ്രദാന്‍ ബറുവ എന്നിവര്‍ക്ക് യഥാക്രമം 65%, 67%, 74%, 85% എന്നിങ്ങനെ ഉയര്‍ന്ന ഹാജര്‍ നില കാണിക്കുന്നു.