പറ്റ്‌ന - ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) നേതാവ് അബ്ദുസ്സസലാം ബിഹാറിൽ വെടിയേറ്റു മരിച്ചു. ഗോപാൽഗഞ്ച് ജില്ലയിലെ പ്രമുഖ നേതാവായ ഇദ്ദേഹത്തിനു നേരെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. ബന്ധുവിനൊപ്പം റെയിൽവേ സ്റ്റേഷനിലേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ നാലംഗ സംഘമാണ് വെടിവെച്ചത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പാർട്ടിയുടെ സജീവ നേതാക്കളിൽ ഒരാളായ അബ്ദുസ്സലാം,
2022 നവംബറിൽ ഗോപാൽഗഞ്ച് നിയമസഭ സീറ്റിലെ സ്ഥാനാർത്ഥിയായിരുന്നു.
അക്രമികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ഗോപാൽഗഞ്ച് പൊലീസ് സുപ്രണ്ട് സ്വർണ് പ്രഭാത് അറിയിച്ചു. സംഭവത്തിൽ ബിഹാർ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി എം.പി രംഗത്തെത്തി. ഡിസംബറിൽ പാർട്ടിയുടെ സിവാൻ ജില്ലാ പ്രസിഡന്റ് ആരിഫ് ജമാലിനെ വെടിവെച്ച് കൊന്നു. നിതീഷ് കുമാർ, സ്വന്തം കസേര സംരക്ഷിക്കുന്ന കളി കഴിഞ്ഞെങ്കിൽ ഈ വിഷയത്തിൽ എന്തെങ്കിലും നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും അസദുദ്ദീൻ ഉവൈസി ആവശ്യപ്പെട്ടു.