കൊല്‍ക്കത്ത-ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കാനാകുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ശിവരാജ് സിംഗ് ചൗഹാന്‍. ചില പ്രതിപക്ഷ പാര്‍ട്ടികള്‍ അവകാശപ്പെടുന്നതു പോലെ പൗരത്വം റദ്ദാക്കുന്നതിനല്ല പകരം പൗരത്വം നല്‍കാനാണ് സി.എ,എ ലക്ഷ്യമിടുന്നതെന്ന് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായ ചൗഹാന്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സി.എ.എ നടപ്പാക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. വളരെ ആവശ്യമായ ഈ നിയമം ആര്‍ക്കും എതിരല്ലെന്നും മതപീഡനത്തിന്റെ പേരില്‍ പലായനം ചെയ്ത അയല്‍ രാജ്യങ്ങളിലെ സഹോദരങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതാണെന്നും ചൗഹാന്‍ ആവര്‍ത്തിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പായി സി.എ.എ നിയമങ്ങള്‍ വിജ്ഞാപനം ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ചൗഹാന്റെ പ്രസ്താവന.
ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31 നു മുമ്പ് ഇന്ത്യയില്‍ പ്രവേശിച്ച ഹിന്ദുക്കള്‍, സിഖുകാര്‍, ജൈനമതക്കാര്‍, ബുദ്ധമതക്കാര്‍, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ എന്നിവരുള്‍പ്പെടെയുള്ള മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ലക്ഷ്യമിടുന്നതാണ് 2019ല്‍ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന സി.എ.എ,
വിവാദമായ സി.എ.എ നടപ്പാക്കുമെന്ന വാഗ്ദാനം പശ്ചിമ ബംഗാളിലെ മുന്‍ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. സംസ്ഥാനത്ത് ഇത് ബി.ജെ.പിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചതായും പാര്‍ട്ടി നേതാക്കള്‍ കരുതുന്നു.
സംസ്ഥാനത്ത് നിന്ന് 35 ലോക്‌സഭാ സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഹൗറ ക്ലസ്റ്റര്‍ രണ്ട് ലോക്‌സഭാ സീറ്റുകളുടെ മേല്‍നോട്ടം വഹിക്കാന്‍ നിയോഗിക്കപ്പെട്ട ചൗഹാന്‍ പറഞ്ഞു.
സംസ്ഥാനത്തെ ജനങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തില്‍ മടുത്തു. വെട്ടിപ്പും കമ്മിഷനും അഴിമതിയുമാണ് ഇവിടെ നടക്കുന്നത്. കഴിഞ്ഞ തവണ ഞങ്ങള്‍ രണ്ട് സീറ്റുകളില്‍ നിന്ന് 18 സീറ്റുകള്‍ നേടിയിരുന്നു. ഇത്തവണ സംസ്ഥാനത്ത് നിന്ന് 35ലധികം സീറ്റുകള്‍ നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ്- അദ്ദേഹം പിടിഐയോട് പറഞ്ഞു.
2019ലെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ് 22 സീറ്റും കോണ്‍ഗ്രസ് രണ്ട് സീറ്റും ബിജെപി 18 സീറ്റുമാണ് നേടിയത്.