മനില -തെക്കന്‍ ഫിലിപ്പൈന്‍സിലെ സ്വര്‍ണ്ണ ഖനന ഭൂമിയായ മസാര ഗ്രാമത്തില്‍ ഒരാഴ്ച മുമ്പുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി പേര്‍ ഇപ്പോഴും ഭൂമിക്കടിയില്‍ ജീവന് വേണ്ടി പിടയുന്നു. മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 68 ആയി ഉയര്‍ന്നെന്നും 51 ഓളം പേരെ കാണാതായതായും 32 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ മിന്‍ഡാനാവോ ദ്വീപിലെ പര്‍വതപ്രദേശമായ മസാര ഗ്രാമത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതിനിടെ 60 മണിക്കൂറോളം ഉരുള്‍പൊട്ടലിന് അടിയില്‍ കുടുങ്ങിപ്പോയ ഒരു മൂന്ന് വയസുകാരിയെ ജീവനോടെ രക്ഷപ്പെടുത്താന്‍ പറ്റിയതിനെ 'മഹാത്ഭുത'മെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്. മിന്‍ഡാനാവോ മേഖലയിലെ ദാവോ ഡി ഓറോ പ്രവിശ്യയിലെ മസാര എന്ന സ്വര്‍ണ്ണ ഖനന ഗ്രാമത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മണ്ണിടിച്ചിലുണ്ടായത്. അപകടത്തിന് പിന്നാലെ കാണാതായവരില്‍ കുറേ പേരെങ്കിലും ഇതിനകം മരിച്ചിരിക്കാമെന്ന് കരുതുന്നതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ജീവന് വേണ്ടി പിടയുന്നവര്‍ ഇപ്പോഴും ഉണ്ടാകുമെന്ന നിഗമനത്തില്‍ തിരച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.